ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പരിശോധിക്കുന്നു.
കേളകം: മഴക്കാലത്ത് ദുരന്തസാധ്യത നിലനിൽക്കുന്ന കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാട് ആരക്കോണം യൂണിറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളും മുൻവർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ മേഖലകളുമാണ് സംഘം പ്രധാനമായും സന്ദർശിച്ചത്. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, മാടശേരിമല, സെമിനാരി വില്ല എന്നീ പ്രദേശങ്ങളും കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലും പരിശോധന നടത്തി. ഇവിടെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന. വിള്ളലുണ്ടായ സ്ഥലങ്ങളെ കുറിച്ച് കേളകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സലാം, പഞ്ചായത്തംഗം ജോർജ് കുട്ടി എന്നിവർ വിശദീകരിച്ചു.
പ്രദീപ് ഭട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പം കണിച്ചാർ പഞ്ചായത്ത് റെസിലിയൻസ് ഓഫീസർ നിധിനും പരിശോധനയിൽ പങ്കെടുത്തു.
Tags : NDRF NattuVishasham DistrictNews