ശ്യാം കൃഷ്ണൻ
ചാരുംമൂട്: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 5.510 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വള്ളികുന്നം പൊലിസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം കന്നിമേൽ മുറിയിൽ വിതുര വീട്ടിൽ ശ്യാം കൃഷ്ണൻ (29) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് വിൽപനയ്ക്കെതിരേ വള്ളികുന്നം, നൂറനാട് പൊലിസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം പുലർച്ചെ വള്ളികുന്നം കാമ്പിശേരി ബദാം മുക്കിനു സമീപം പൊലിസ് നടത്തിയ പെട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 5.510 ഗ്രാം എംഡിഎംഎ കണ്ടെത്തി. പാവുമ്പ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ ശ്യാം കൃഷ്ണനെന്ന് പൊലിസ് പറഞ്ഞു . വള്ളികുന്നം പൊലിസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കൂടാതെ വള്ളികുന്നം, കരുനാഗപ്പള്ളി, ഓച്ചിറ പൊലിസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
വള്ളികുന്നം പ്രദേശത്ത് ലഹരിവസ്തുക്കൾ വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇയാൾ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശാനുസരണം നൂറനാട് സിഐ പി. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ വള്ളികുന്നം എസ്എച്ച്ഒ കെ. ദിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Operation Tufan NattuVishesham DistricteNews