പ്രതീകാത്മക ചിത്രം
ചവറ സൗത്ത് : തെക്കുംഭാഗം പള്ളിക്കോടി തെക്കേ തുരുത്തില് സ്വകാര്യ വ്യക്തി നടത്തുന്ന മത്സ്യം പൊടിക്കല്‍ കമ്പനിയുടെ പ്രവര്‍ത്തനം നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ഇതിനെ തുടർന്ന് തെക്കുംഭാഗം കേന്ദ്രീകരിച്ച് തെക്കുംഭാഗം അതിജീവന സമരസമിതി എന്ന പേരില്‍ ആക്ഷന്‍ കൗൺസിൽ രൂപീകരിച്ചു. അഷ്ടമുടിക്കായല്‍ മലിനപ്പെടുകയും, കക്ക ഉള്‍പ്പടെയുള്ള മത്സ്യസമ്പത്ത് പെട്ടെന്ന് ചീത്തയാവുകയും വിഷലിപ്തമാവുകയും ചെയ്യുന്ന തരത്തിലാണ് ഫാക്ടറിയിലെ മലിനജലം അഷ്ടമുടി കായലിലേക്ക് ഒഴുക്കി വിടുന്നതെന്നാണ് പരാതി.
തെക്കുംഭാഗത്തെ വീതി കുറഞ്ഞ റോഡിലൂടെയാണ് ഈ ഫാക്ടറിയിലേക്കുള്ള അസംസ്കൃത വസ്തുവായ വളം മത്സ്യം വലിയ ലോറികളില്‍ കൊണ്ടുവരുന്നത്. ഈ വളം മത്സ്യത്തില്‍ നിന്നും അതിദുര്‍ഗന്ധം വമിക്കുകയും മലിനജലം റോഡില്‍ ഒഴുകുകയും ചെയ്യുന്നതിനാല്‍ വീടുകളിലും ഭക്ഷണത്തിലും വസ്ത്രങ്ങളിലും ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്.
ഫാക്്ടറി പ്രവര്‍ത്തിക്കുന്നതിന് വിവിധ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ വലിയ നിയമലംഘനത്തിലൂടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അനുമതി ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന പരാതികള്‍ റവന്യൂ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
അനുമതി ലഭിക്കാതെ കുഴല്‍ കിണര്‍ സ്ഥാപിച്ചും പുറമ്പോക്ക് സ്ഥലത്ത് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചും നിയമലംഘനം തുടരുകയാണന്നും ഇവര്‍ പറഞ്ഞു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍ ചെയര്‍പേഴ്സണായും തെക്കുംഭാഗം പഞ്ചായത്ത് പള്ളിക്കോടി വാര്‍ഡ് കമ്മിറ്റി അംഗം ലെനില്‍ കണ്‍വീനറുമായാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. സമരസമിതിയുടെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
സമരസമിതിയുടെ രൂപീകരണ യോഗത്തില്‍ പഞ്ചായത്തംഗം ലെനിന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍, ഇടവക വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍, വിവിധ രാഷ്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ഡി.കെ അനില്‍കുമാര്‍, ബാജി സേനാധിപന്, ടി. അരവിന്ദന്, ദിലീപ് കൊട്ടാരം, ബി.കെ. വിനോദ്, കൃഷ്ണ പ്രിയ, എല്‍. ജസ്റ്റസ്, സജുവാന്ഡ്രോസ്, ജോസ് വിമല്‍ രാജ്, തെക്കുംഭാഗം പഞ്ചായത്തംഗങ്ങള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.