തടസപ്പെടുത്തി സ്വകാര്യബസുകൾ വാക്കേറ്റത്തിലേർപ്പെട്ടപ്പോൾ.
മണർകാട്: സമയക്രമത്തെ ച്ചൊല്ലി നടുറോഡിൽ അസഭ്യവർഷവും വാക്കേറ്റവുമായി സ്വകാര്യ ബസ് ജീവനക്കാർ. കാവുംപടിയിൽ ഇന്നലെ രാവിലെ 9.45 ഓടെയാണ് ഗതാഗതം തടസപ്പെടുത്തി സ്വകാര്യബസ് ജീവനക്കാർ കലഹിച്ചത്.
അയർക്കുന്നത്തുനിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന മൂന്നു സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് അയർക്കുന്നം മുതൽ മത്സരയോട്ടവുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാവുംപടിയിലെത്തിയപ്പോൾ ഒരു ബസ് റോഡിനു കുറുകെ ഇടുകയും മറ്റു ബസുകാരുമായി വാക്കേറ്റവും അസഭ്യവർഷവും നടത്തുകയുമായിരുന്നു. നാട്ടുകാർ സംഘടിച്ചതിനേത്തുടർന്ന് അസഭ്യവർഷം അവസാനിപ്പിച്ച് സർവീസ് തുടരുകയായിരുന്നു.
സംഘർഷത്തെത്തുടർന്ന് മണർകാട്-അയർക്കുന്നം റോഡിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന കിടങ്ങൂർ-അയർക്കുന്നം-മണർകാട് റോഡിൽ സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാർ സംഘർഷത്തിലേർപ്പെടുന്നത് പതിവാണ്. മത്സരയോട്ടം നിയന്ത്രിക്കുന്നതിന് പരിശോധനകൾ വേണമെന്ന് നാട്ടുകാർ പറഞ്ഞു.
Tags : middle of the road. Nattuvishesham Districtnews