ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റേഷനിലെ കടമുറികൾ.
കോട്ടയം: തിരുനക്കരയിലെ വ്യാപാരികളുടെ കാത്തിരിപ്പിന് വിരാമം. തിരുനക്കര ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിലെ പുതിയ കടമുറികള്‍ ഇന്ന് വ്യാപാരികള്‍ക്ക് കൈമാറും. രാവിലെ 11ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് താക്കോലുകള്‍ കൈമാറുന്നത്. നാലു വര്‍ഷം മുന്‍പ് ഒഴിപ്പിക്കപ്പെട്ട 36 വ്യാപാരികള്‍ക്കായി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍മിച്ചതാണു പുതിയ കടമുറികള്‍. ഇതോടെ വ്യാപാരികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനാണു വിരാമമാകുന്നത്.
താത്കാലിക കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വ്യാപാരികള്‍ക്ക് നല്കുന്നതില് അവ്യക്തത തുടരുകയായിരുന്നു. വ്യാപാരികള്‍ സ്വന്തം ചെലവില്‍ 36 കടമുറികള്‍ പണിത് വയറിംഗ് ജോലികള്‍ അധികൃതര്‍ പറഞ്ഞ രീതിയില്‍ പൂര്‍ത്തിയാക്കി. എന്നിട്ടും കടമുറികള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. തുറന്നു പ്രവര്‍ത്തിച്ച നാലു കട ഉടമകൾക്ക് നോട്ടീസ് നല്കി ഒഴിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം പണിത കടമുറികള്‍ തുറക്കുന്നതിനു നഗരസഭ അനുമതി നല്‍കുന്നില്ലെന്നായിരുന്നു പരാതി.
പഴയ സ്റ്റാന്‍ഡിലെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും 52 കടമുറികള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്നും കാണിച്ച് വ്യാപാരികളെ 2022 ഒക്ടോബര്‍ മൂന്നിനാണ് ഒഴിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 14നു കെട്ടിടം പൊളിച്ചുമാറ്റി. 2025 ജൂലൈ 17നു വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം ചെലവില്‍ താത്കാലികമായി കടകള്‍ പണിയാന്‍ അനുമതി വാങ്ങി.
2025 ഡിസംബറില്‍ കാലാവധി കഴിയുന്നതുവരെ അന്നത്തെ ഭരണസമിതി വ്യാപാരികള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചില്ല. കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നഗരസഭയുടെ കെട്ടിട നിര്‍മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള്‍ പണിയാന്‍ അനുമതി നല്കി. കടമുറികള്‍ പകുതി പണിതീര്‍ന്നപ്പോള്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. ഇതോടെ നഗരസഭയില്‍നിന്ന് സ്റ്റോപ് മെമ്മോ ലഭിച്ചു. കെട്ടിടനിര്‍മാണ വിഭാഗം അംഗീകരിച്ച ആദ്യ പ്ലാനില്‍ പണിത കെട്ടിടം പകുതിഭാഗം പൊളിച്ചുമാറ്റിച്ചു. പുതിയ നിര്‍ദേശം അനുസരിച്ചാണു പിന്നീട് പണി പൂര്‍ത്തിയാക്കിയത്. 36 വ്യാപാരികളും ഒരോലക്ഷത്തിനുമേല് പണം മുടക്കിയാണു കടമുറികള്‍ നിര്‍മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ എം.പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എംഎല്‍എ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ എം.കെ. തോമസുകുട്ടി, കോട്ടയം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.കെ.എന്‍. പണിക്കര്‍, കോട്ടയം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷീബ പുന്നന്‍, ജോണ്‍ വര്‍ഗീസ്, ടി.എന്‍. ഹരി, മാത്യു നൈനാന്, ആര്. രവി എന്നിവര്‍ പങ്കെടുക്കും.
Tags : Thirunakkara Nattuvishesham Districtnews