പ്രതീകാത്മക ചിത്രം
കട്ടപ്പന: കൗണ്‍സിലറെ അസി. എന്‍ജിനിയര്‍ അസഭ്യം പറഞ്ഞ സംഭവത്തിൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം. കട്ടപ്പന ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുര്യനെ നഗരസഭാ അസി. എന്‍ജിനിയര്‍ അസഭ്യം പറഞ്ഞതായുള്ള പരാതി സംബന്ധിച്ച് സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാരോപിച്ച് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചു.
സബ്കമ്മിറ്റി രൂപീകരിച്ച് വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. ഉദ്യോഗസ്ഥനെതിരേ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അസി. എന്‍ജിനീയര്‍ അസഭ്യം പറഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് ചെയര്‍പേഴ്സനും യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ നടപടിയെ വെള്ളപൂശുന്ന പരാമര്‍ശങ്ങളാണ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ഉദ്യോഗസ്ഥനെ സംരക്ഷിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാരായ വി.ആര്. സജി, കെ.പി. സുമോദ്, ഷാജി കൂത്തോടിയില്‍, സി.ആര്. മുരളി, ബേബി കുര്യന് തുടങ്ങിയവര്‍ അറിയിച്ചു.
Tags : council meeting NattuVishasham DistrictNews