മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് കുഴിച്ച് അറ്റകുറ്റപ്പണി നടത്തിയ സ്ഥലം ശാസ്ത്രീയമായി മൂടാത്തത് അപകടഭീഷണിയാകുന്നു. ജല അഥോറിറ്റി അധികൃതര്‍ റോഡ് കുഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴി മൂടി റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയായിട്ടില്ല.
നിലവില്‍ റോഡിന് നടുവിലെ വലിയ കുഴിക്ക് മുന്നിലായി പ്ലാസ്റ്റിക് ട്രാഫിക് ബാരിയര്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് തെരുവ് വിളക്കുകള്‍ തെളിയാത്തതിനാല്‍ ദൂരെ നിന്ന് എത്തുന്ന വാഹനയാത്രക്കാര്‍ക്ക് ബാരിയര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അപകട സാധ്യത കണക്കിലെടുത്ത് റോഡ് ശാസ്ത്രീയമായി ടാര്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
നഗരത്തില്‍ പൈപ്പ് പൊട്ടുന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികളുടെ പേരില്‍ ടാര്‍ ചെയ്തിരിക്കുന്ന റോഡുകള്‍ കുത്തിപൊളിച്ചശേഷം ശാസ്ത്രീയമായി കുഴി അടക്കാതെ കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനമുള്പ്പെടെയുള്ള യാത്രക്കരെ അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Tags : nattu vishesham Road becomes dangerous