ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യുന്നു.
ഏച്ചോം: സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
വ്യക്തിതാത്പര്യങ്ങള്ക്കപ്പുറം സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മനസ് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുമ്പോഴാണ് ഒരു വിദ്യാലയം യഥാര്‍ഥത്തില്‍ വളരുന്നതെന്ന് മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് കുമ്മിണിയില്‍ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി. സിദ്ദിഖ് സന്ദേശം നല്കി. ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഹെൻറി പട്ടരുമഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 11 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ജൂബിലി സുവനീയര്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം വിതരണം വാര്‍ഡ് മെംബര്‍ ജയലക്ഷ്മി പരാരി നടത്തി.
പിടിഎ പ്രസിഡന്റ് എ.ഇ. ഗിരീഷ്, ജൂബിലി കമ്മിറ്റി ചെയര്മാന് ഫാ. ബിജു ജോര്‍ജ്, എസ്എംസി ചെയര്മാന് ഡോണി കുര്യന്, പൂര്‍വാധ്യാപകന്‍ ഉണ്ണികൃഷ്ണന്, സാംസ്കാരിക പ്രവര്ത്തകന് ഏച്ചോം ഗോപി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ. ബീന, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി പോള്‍, ജൂബിലി കണ്‍വീനര്‍ വി.ഡി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇല്ലം ബാന്റ് നയിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Platinum Jubilee