വൈക്കം: നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്കായി 16-ാം ധനകാര്യ കമ്മീഷൻ 7,19,24,000 രൂപ അനുവദിച്ചു. ധനകാര്യ കമ്മീഷൻ വൈക്കം നഗരസഭയ്ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.
ടൈഡ് - അൺടൈഡ് വിഭാഗങ്ങളിലായി അമ്പത് ശതമാനം തുക വീതം നഗരസഭയ്ക്ക് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. നിബന്ധനങ്ങൾക്ക് വിധേയമായി ടൈഡ് വിഭാഗത്തിലെ പദ്ധതികൾക്ക്പകുതി തുക വിനിയോഗിക്കാനാകും.
ബാക്കി 3,59,62,000 രൂപ നഗരസഭയ്ക്ക് പദ്ധതി ആവിഷ്കരിച്ച് വിനിയോഗിക്കാൻ കഴിയും. വൈക്കം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി ചർച്ച ചെയ്തു നടപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ അറിയിച്ചു. വിഷയം കൗൺസിലിൽ ചർച്ച ചെയ്യും. തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളും സ്റ്റിയറിംഗ് കമ്മിറ്റികളും ചർച്ച ചെയ്ത്
വിദഗ്ധരുടെ അഭിപ്രായവും തേടി പദ്ധതി ആവിഷ്കരിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. നഗരസഭയുടെ ആസ്തികൾ സംരക്ഷിക്കാനും നഗരസഭാ കെട്ടിടങ്ങളും ഓഫീസും സത്യഗ്രഹ സ്മാരകവും ടൗൺ ഹാളുമടക്കം നവീകരിച്ച് കൂടുതൽ പ്രയോജനപ്രദമാക്കാനുള്ള ചർച്ചയും കൗൺസിൽ യോഗത്തിൽ നടത്തും.
നഗരസഭയിലെ നാറാണത്തു പാടശേഖരം പൂർണമായി സംരക്ഷിച്ച് കൃഷി യോഗ്യമാക്കാനും നഗരസഭയിലെ കൂടുതൽ റോഡുകൾ ടാർ ചെയ്ത് നവീകരിക്കാനും നടപടി സ്വീകരിക്കും. ടൈഡ് വിഭാഗത്തിൽ തോടുകൾ ആഴം കൂട്ടൽ, ഓടകൾ നിർമാണം, കൽക്കെട്ട് തുടങ്ങി മാനദണ്ഡപ്രകാരമുള്ള പദ്ധതികളാകും ചർച്ച ചെയ്തു നടപ്പാക്കുന്നത്.
നഗരസഭയ്ക്ക് ധനകാര്യ കമ്മീഷൻ വഴി ആദ്യമായി ലഭിച്ച വൻതുക ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കാതെ നഗരത്തിലാകെ പ്രയോജനകരമാക്കി വിനിയോഗിക്കാനാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു..
Tags :