ജില്ലാ പഞ്ചായത്തംഗം ഷിബി മത്തായി ഉദ്ഘാടനം ചെയ്യുന്നു.
രാമപുരം: പുസ്തകത്താളുകളിലെ കൃഷിപാഠങ്ങളില്നിന്ന് വയലേലകളിലേക്കിറങ്ങി രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍. സീറോ ബജറ്റ് കൃഷിപദ്ധതിയുടെ ഭാഗമായി കൊണ്ടാട് ചുരവേലി പാടത്ത് സംഘടിപ്പിച്ച മുണ്ടകന്‍ കൃഷി ഞാറുനടീല്‍ വിദ്യാര്‍ഥികള്‍ക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി.
ജില്ലാ പഞ്ചായത്തംഗം ഷിബി മത്തായി ഉദ്ഘാടനം ചെയ്തു. രാമപുരം ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു പനങ്ങാട്ട്, പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ മെല്വിന് കെ. അലക്സ്, ഹെഡ്മാസ്റ്റര് നെല്‍സണ്‍ അലക്സ്, വാര്‍ഡ് മെംബര്‍ മിനി ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മെല്വിന് കെ. അലക്സ് കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രകൃതി കര്ഷകന് മധു ചൂരവേലില്‍ കുട്ടികള്‍ക്ക് കൃഷിക്കാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കി. സുഭാഷ് പാലേക്കറുടെ പ്രകൃതിസൗഹൃദ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്.
പൂര്‍ണമായും രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി, നാടന്‍ പശുവിന്റെ ചാണകം, ഗോമൂത്രം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജീവാമൃതവും പ്രകൃതിദത്ത വളക്കൂട്ടുകളുമാണ് പ്രയോഗിക്കുന്നത്.