കുറവിലങ്ങാട്: കാര്‍ഷിക സഫാരി ക്ലബ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ വിത്തുകുട്ട പദ്ധതി. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പ്, പഞ്ചായത്ത്, ഭൂമിക പൂഞ്ഞാര്‍, മൈത്രി റെസിഡന്റ്സ് അസോസിയേഷന്, സിറ്റിസണ്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് 8.30 മുതല്‍ 12.30 വരെ കുട്ടനിറയ്ക്കൽ പരിപാടി നടക്കും.
മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണവും ഫാ. ജോസഫ് മണിയഞ്ചിറ അനുഗ്രഹപ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കൽ കൃഷി സന്ദേശം നടത്തും. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും തോമസ് ചാഴികാടന് നിര്‍വഹിക്കും. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യന്‍ കരോട്ടെകുന്നേൽ, സാബു ജോർജ്, രാജീവ് കളപ്പുരയ്ക്കല്ഓരത്ത് തുടങ്ങിയവർ പ്രസംഗിക്കും.
കൃഷി വിദഗ്ധരുമായി നേരിട്ട് സംവാദിക്കുന്ന മുഖാമുഖം പരിപാടിയില്‍ ബിനു തോമസ് (പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, കോട്ടയം) സിന്ധു കെ. മാത്യു (കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കോട്ടയം), ബിനി ഫിലിപ്പ് ജോഷി (കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കോട്ടയം), തെരേസ അലക്സ് (അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഉഴവൂര്‍ ബ്ലോക്ക്), വി. വിദ്യ (കൃഷി ഓഫീസര്‍, കുറവിലങ്ങാട്), ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം തുടങ്ങിയവർ പങ്കെടുക്കും.
വിത്തുകുട്ടയില്‍ വിത്തുകളും തൈകളും സ്കൂള്‍ പിടിഎ പ്രസിഡന്റ് ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തില്‍ പിടിഎ ഭാരവാഹികള്‍ നിക്ഷേപിച്ചു മഹാവിത്തുകുട്ടയ്ക്ക് തുടക്കമിടും. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ബൊക്ക നിര്‍മാണം, കൃഷി അറിയല്‍, ഏറ്റവും കൂടുതല്‍ നടീല്‍ വസ്തുക്കള്‍ വിത്തുകുട്ടയില്‍ നിക്ഷേപിക്കുന്ന വിദ്യാര്‍ഥി, സ്കൂള്‍, ക്ലാസ്, കര്ഷകന് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.