ഇരുപത്താറാംമൈൽ പാലത്തിനടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു
കാഞ്ഞിരപ്പള്ളി: തോടുകളിലും പുഴകളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി - എരുമേലി റോഡിലെ ഇരുപത്താറാംമൈൽ പാലത്തിനടിയിലാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത്.
തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾക്കു പുറമേ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ വെള്ളത്തിന്റെ ഒഴുക്കിന് തടസമായി കിടക്കുകയാണ്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും ദുരിതത്തിലാണ്.
ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന പാതയോരത്തെ ഈ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. മാലിന്യങ്ങൾ ഒഴുക്കി വിട്ടാല് പൂതക്കുഴി ചെക്ക് ഡാമിലേക്കാണ് എത്തുന്നത്. ഇത് ചെക്ക് ഡാമിനെ ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക.
അതിനാൽ പാലത്തിനടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഭാവിയിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എരുമേലി തോട്ടിൽ മാലിന്യമിട്ടു:പിഴ അര ലക്ഷം ചുമത്തി
എരുമേലി: തോട് മലിനീകരണം കണ്ട് കർശന നടപടികൾക്ക് നിയമസഭാ സമിതി നിർദേശങ്ങൾ നൽകി മടങ്ങിയതിന് പിന്നാലെ തോട്ടിൽ സ്വകാര്യ കെട്ടിടത്തിൽ നിന്നു വൻ തോതിൽ മാലിന്യം. ഇന്നലെ രാവിലെ കരിങ്കല്ലുമ്മുഴിയിലാണ് തോടിനോട് ചേർന്നുള്ള കെട്ടിടത്തിൽനിന്ന് പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെ വൻതോതിൽ മാലിന്യം തള്ളിയത്.
പഞ്ചായത്ത് സെക്രട്ടറി എച്ച്. അജിത് എത്തി പരിശോധന നടത്തിയ ശേഷം കെട്ടിട ഉടമയ്ക്കെതിരെ അര ലക്ഷം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ഇട്ട മാലിന്യങ്ങൾ നീക്കി ശുചീകരണം നടത്തണമെന്നും ഉടമയോട് നിർദേശിച്ചു. എരുമേലി പൊലിസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും എത്തിയിരുന്നു. കെട്ടിടത്തിന്റെ പ്രവർത്തന അനുമതി രേഖകൾ ഹാജരാക്കാനും ഉടമയോട് നിർദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയിട്ടുണ്ടെന്നും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുള്ളതിനാൽ നിയമോപദേശം തേടിയ ശേഷം കൃത്യമായി നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി എരുമേലി ക്ഷേത്രത്തിന് മുമ്പിലുള്ള തോട്ടിലെ കുളിക്കടവ് സന്ദർശിച്ച് പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്ന് സിറ്റിംഗ് നടത്തിയത്.
തോട്ടിൽ ഗുരുതരമായ നിലയിൽ മലിനീകരണം കൂടിയെന്നും ശബരിമല തീർഥാടനകാലം തീരുന്നത് വരെ ദിവസവും കുളിക്കടവ് വൃത്തിയാക്കണമെന്നും സമിതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അര ലക്ഷം രൂപ ഇപ്പോൾ പിഴ ചുമത്തിയതെന്നും ഇനി തോട്ടിൽ മാലിന്യം ഇട്ടാൽ കനത്ത തുക പിഴ ചുമത്തുമെന്ന് മാത്രമല്ല ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കുന്നുംഭാഗം - പൈനുങ്കൽപടി റോഡിൽ മാലിന്യം തള്ളി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം - പൈനുങ്കൽപടി റോഡിൽ മാലിന്യം തള്ളി. ബുധനാഴ്ച രാത്രിയിലാണ് റോഡരികിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെ തള്ളിയിരിക്കുന്നത്.
ഇതോടെ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പ്രദേശത്ത് ഇപ്പോൾ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിയാണ് പലപ്പോഴും മാലിന്യം തള്ളുന്നതെന്നും നാട്ടുകാർ പറയുന്നു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാർഡ് മെംബർ ആന്റണി മാർട്ടിൻ പറഞ്ഞു.
Tags : filling up with waste nattuvishesham local news The entire region is filling up with waste