വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് തന്ത്രി മുഖ്യരായ ഭദ്രകാളി മറ്റപ്പള്ളി ചെറിയ പരമേശ്
വൈക്കം: ശിവപഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് കൊടിയേറി.
ഇന്നലെ രാവിലെ 6.30നും 8.15നും മധ്യേ തന്ത്രിമുഖ്യരായ ഭദ്രകാളി മറ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിലെ മേൽശാന്തിമാരും ചേർന്നാണ് കൊടിയേറ്റിയത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും സ്വർണക്കുടകളും വാദ്യമേളങ്ങളും കൊടിയേറ്റിന് അകമ്പടിയായി. കൊടിയേറ്റിനെ തുടർന്ന് കൊടിക്കീഴിൽ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ, അവിട്ടം തിരുനാൾ ആദിത്യവർമ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. കലാമണ്ഡപത്തിൽ അവിട്ടം തിരുനാൾ ആദിത്യവർമ ദീപം തെളിച്ചു.
അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും. ഇനി പന്ത്രണ്ട് രാപകലുകൾ ക്ഷേത്രനഗരി ഉത്സവ സാന്ദ്രമാകും.
26ന് ദർശന പ്രാധാന്യമുള്ള ഋഷഭ വാഹന എഴുന്നള്ളിപ്പ്. ഡിസംബർ ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.പുലർച്ചെ 4.30ന് അഷ്ടമി ദർശനം, വൈകുന്നേരം ആറിന് നടക്കുന്ന ഹിന്ദുമത സമ്മേളനം ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിക്കും. രാത്രി 11 ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലർച്ചെ രണ്ടിന് അഷ്ടമി വിളക്ക്.
Tags : Vaikathashtami festival. NattuVishesham DistricteNews