വീണുകിട്ടിയ അഞ്ച് പവന്റെ സ്വര്‍ണ ബ്രേസ്ലെറ്റ് ഉടമയ്ക്ക് നല്കി റിട്ട. അധ്യാപിക മാലതിയും കുടുംബവും മാതൃകയായപ്പോള്‍.
പയ്യന്നൂര്‍: വിദ്യാര്‍ഥികളെ സത്യസന്ധതയുടെ പാഠങ്ങള്‍ പഠിപ്പിച്ചിറങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും റിട്ട. അധ്യാപികയുടെ മനസില്‍ ഇന്നും സത്യസന്ധതയ്ക്കു പത്തരമാറ്റ് തിളക്കം. കൂട്ടത്തില്‍ കുടുംബവും കൈകോര്‍ത്തപ്പോള്‍ ഉടമയ്ക്ക് തിരിച്ചുകിട്ടിയത് അഞ്ച് പവന്റെ സ്വര്‍ണ ബ്രേസ്ലെറ്റ്.
വെള്ളൂര്‍ കൊട്ടണച്ചേരി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിസം നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കരിവെള്ളൂരിലെ കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായ ഭാസ്കരന്റെ ഭാര്യ റിട്ട. അധ്യാപിക കെ. മാലതി. ക്ഷേത്രത്തിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനങ്ങള്ക്കിടയില്നിന്നും സ്വര്‍ണ ബ്രെയ്സ്ലെറ്റ് വീണുകിട്ടിയത്. ഉടനെ ഭര്‍ത്താവ് ഭാസ്കരനേയും മകളും അധ്യാപികയുമായ വിദ്യയേയും വിളിച്ച് വിവരമറിയിയച്ചു. തുടര്‍ന്ന് ഇവര്‍ മൂന്ന് പേരും നടത്തിയ അന്വേഷണത്തിലാണ് ബ്രേസ്ലെറ്റ് ഉടമ വടക്കെ മണക്കാട്ടെ കെ.വി. സുധാകരനെ കണ്ടെത്തിയത്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുധാകരന്റെ കൈയില്‍നിന്നു വാഹനപാര്ക്കിംഗിനിടയില് ഊരിവീണതായിരുന്നു സ്വര്‍ണാഭരണം. എന്നാല്‍, എവിടെയാണ് ഇത് നഷ്ടപ്പെട്ടതെന്നറിയാതെയുള്ള അന്വേഷണത്തിലായിരുന്നു സുധാകരന്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ബ്രേസ്ലെറ്റ് കിട്ടിയതായുള്ള വിവരമറിഞ്ഞെത്തിയ സുധാകരന് പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ആറ്റച്ചേരി രാജേഷിന്റെ സാന്നിധ്യത്തില്‍ അധ്യാപികയും കുടുംബവും സ്വര്‍ണാഭരണം കൈമാറി.
Tags : Family Shines Pure and True Nattuvishesham DistrictNews