പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: അപകടം വരുത്തിയശേഷം നിർത്താതെ ഓടിച്ച് പോയ രണ്ട് വാഹനങ്ങൾ പൊലിസ് പിടികൂടി. അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ മരിച്ച സംഭവങ്ങളിലാണ് കോവളം പൊലിസ് ഡ്രൈവർമാരെ അറസ്റ്റുചെയ്ത് വാഹനങ്ങൾ പിടിച്ചെടുത്തത്.
കാൽനട യാത്രികനായ കോവളം തൊഴിച്ചൽ കാർത്തിക ഭവനിൽ എസ്. ബാബുക്കുട്ടനെ (61) ഇടിച്ചിട്ട് നിർത്താതെ പോയ കേസിൽ സ്കൂട്ടർ യാത്രികൻ മുനീർ (19) ആണ് പിടിയിലായത്. ചെറുമകനോടൊപ്പം സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്ത കോവളം കെ.ഐ.എസ് റോഡ് കുന്നേൽ പറമ്പിൽ വീട്ടിൽ ജോളി കുട്ടപ്പനെ (65) ഇടിച്ചിട്ടു കടന്നുകളഞ്ഞ കേസിൽ അമരവിള നടൂർക്കൊല്ല കൽക്കുഴങ്ങര ദാസ് ഭവനിൽ എബിൻ (26) ആണ് അറസ്റ്റിലായത്.
ഇരുവർക്കുമെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് രാത്രി ആഴാകുളം കാർട്ടേഴ്സ് ജംഗ്ഷനിൽ നടന്ന അപകടത്തിലാണ് ബാബുക്കുട്ടനു പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച ബാബുക്കുട്ടൻ മരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കോവളം ആഴകുളം ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട ജോളി കുട്ടപ്പൻ ശനിയാഴ്ചയാണ് മരിച്ചത്. അപകടത്തിൽ ചെറുമകൻ കിരൺ കെ. ഷിബുവിനും പരുക്കേറ്റിരുന്നു. മുനീറിന് ലൈസൻസ് ഇല്ല. അമ്മയു ടെ പേരിലുള്ള സ്കൂട്ടറാണ് ഓടിച്ചതെന്നും പോലീസ് അറിയിച്ചു.