ഉപ്പുതറ സർക്കാർ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് സിറിയക് തോമസ് എംഎൽഎ തിരിതെളിക്കുന്നു.
ഉപ്പുതറ: കുടിയേറ്റ നാടായ ഉപ്പുതറയുടെ സ്വന്തം സർക്കാർ ആശുപത്രി പ്ലാറ്റിനം ജൂബിലിനിറവിൽ. ഉപ്പുതറയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ആശുപത്രിയാണ് 75 വർഷം പൂർത്തിയാക്കിയിരിക്കുന്നത്. നാടിന്റെ വളർച്ചയ്ക്കൊപ്പം ആശുപത്രി വളർന്നില്ലെങ്കിലും ഇവിടെ സേവനം ചെയ്ത ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശുശ്രൂഷ വിലമതിക്കാനാവാത്തതാണ്.
ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സിറിയക് തോമസ് എംഎൽഎ തിരിതെളിച്ചു. 100 വർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവിധ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും ഡോക്ടർമാരുമുള്ള ആശുപത്രിയായി ഉപ്പുതറ സിഎച്ച്സിയെ മാറ്റുമെന്നും ആശുപത്രിയിൽ അടിയന്തരമായി ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ എത്തുമെന്നും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു.
യോഗത്തിൽ ഡോ. ശരണ്യ മോഹനെ എംഎൽഎ ആദരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് അധ്യക്ഷത വഹിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ മിനി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രൂപേഷ്, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Platinum Jubilee