ഓണമ്പള്ളി പാടശേഖരം.
ശൂരനാട്: കുന്നത്തൂര്‍ താലൂക്കിന്റെ നെല്ലറയായിരുന്ന ശൂരനാട് വടക്ക് ഓണമ്പള്ളി പാടശേഖരത്തില്‍ നെല്‍ക്കൃഷി പ്രതിസന്ധിയിലേക്ക്. കൃഷിക്കാവശ്യമായ വെള്ളം കിട്ടാതായതോടെയാണ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്. കടുത്ത ജലക്ഷാമം മൂലം ഇത്തവണത്തെ കൃഷിക്കുള്ള ഞാറിനുവേണ്ടി നിലം ഉഴുതൊരുക്കി വിത്ത് പാകാന്പോലും കഴിയാതെ ദുരിതത്തിലാണ് കര്‍ഷകര്‍. ഏറെക്കാലമായി ചിങ്ങക്കൊയ്ത്തും നിലച്ചു.
ഇരുപ്പൂ കൃഷിയുണ്ടായിരുന്ന ഓണമ്പള്ളിയില്‍ നെല്‍ക്കൃഷി ഒറ്റത്തവണയായി ചുരുങ്ങി. നികത്തലുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ശേഷിക്കുന്നത് 33 ഏക്കര്‍ മാത്രമാണ്. അവിടെയും യഥാസമയം കൃഷിചെയ്യാന്‍ കഴിയാതെ വലയുകയാണ് കര്‍ഷകര്‍. വേനല്‍ക്കാലത്ത് പള്ളിക്കലാറ്റിലെ വെള്ളത്തെ ആശ്രയിച്ചാണ് ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രധാന ഏലാകളായ ഓണമ്പള്ളി, കൂരിക്കുഴി, വിരിപ്പോലില്‍, ആനയടി എന്നിവിടങ്ങളിലെല്ലാം നെല്‍ക്കൃഷി നടത്തുന്നത്.
ആറ്റിലെ വെള്ളം പാതിരിക്കലിലെ അണയില്‍ തടഞ്ഞുനിര്‍ത്തി ചാലുകള്‍ വഴി തിരിച്ചുവിട്ട് പാടങ്ങളിലെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാലപ്പഴക്കത്താല്‍ അണയുടെ ഷട്ടര്‍ തകര്‍ന്നുകിടക്കുന്നതു മൂലം വെള്ളം കെട്ടിനിര്ത്താനാകുന്നില്ല. അതോടെ പള്ളിക്കലാറ്റില്‍ വെള്ളം കുറയുമ്പോള്‍ കൃഷിയിറക്കും പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്.
വെള്ളമെത്തിക്കുന്നതിന് ബദല്‍ മാര്‍ഗവുമില്ല. വെള്ളിയാഴ്ച പ്ലാസ്റ്റിക് ചാക്ക് എത്തിച്ച് അണയുടെ തകര്‍ന്ന ഷട്ടറിനുതാഴെ കെട്ടി വെള്ളം തിരിച്ച് ഏലായിലേക്ക് വിടാനുള്ള ശ്രമവും കര്‍ഷകര്‍ നടത്തുന്നു.
കാര്യമായി മഴലഭിക്കാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്. വെള്ളം കിട്ടിയില്ലെങ്കില്‍ ഇത്തവണ ഞാറ് നടാനും കഴിയാത്ത സ്ഥിതിയാണ്. 1999-ല്‍ ഏറ്റവും നല്ല ഏലായ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നെല്ക്കതിര് അവാര്‍ഡ് ലഭിച്ച പാടശേഖരമാണ് പ്രതിസന്ധി നേരിടുന്നത്.
നെല്‍ക്കൃഷി ഉപേക്ഷിച്ചാല്‍ ഓണമ്പള്ളി ഏലായില്‍ നികത്തലും വ്യാപകമാകും. നികത്തുന്നതിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപ്പാകുന്നുമില്ല. ഏലാകളില്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നതിന് പള്ളിക്കലാറിന് കുറുകേ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ് അണ. അണയില്‍ വെള്ളം കെട്ടിനിര്‍ത്തി ചാലുകള്‍ വഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി.
പണിതിട്ട് ഒന്നര നൂറ്റാണ്ടിലേറെയായി.കുമ്മായവും മണലും പഞ്ചസാരയും ചേര്‍ത്തുള്ള മിശ്രിതമുപയോഗിച്ചാണ് നിര്‍മാണം.
പുരാതനകാലത്തെ തടിയാണ് ഇപ്പോഴും ഷട്ടറുകളായി ഉപയോഗിക്കുന്നത്. തടികള്‍ ദ്രവിച്ച് വിടവുകളായതോടെ പൂര്‍ണമായ തോതില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ കഴിയുന്നില്ല. അതിനാല്‍ ചാലിലൂടെ വെള്ളം ഏലാകളിലേക്ക് എത്തുന്നില്ല.
മഴക്കാലത്ത് ആറ്റില്‍ വെള്ളമേറുമ്പോഴും അണയുടെ തകര്‍ച്ചകാരണം ഷട്ടറിട്ട് വെള്ളം കെട്ടിനിര്‍ത്താനും കഴിഞ്ഞില്ല. ഇത് ശൂരനാട്ട് വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. പാതിരിക്കലില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുന്നതിന് വഴിപാടുപോലെ ഓരോ വര്‍ഷവും ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിവരുന്നു. എന്നാല്‍ പ്രാരംഭനടപടിപോലും ഉണ്ടായി ട്ടില്ല.