ചുങ്കപ്പാറ ചെറുപുഷ്പം പള്ളിയുടെ വജ്രജൂബിലി ആഘോഷങ്ങൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.
ചുങ്കപ്പാറ: പ്രകൃതിയെ സംരക്ഷിക്കുകയും പ്രപഞ്ചത്തോടുള്ള പ്രതിബദ്ധത പുലർത്തുകയും ചെയ്യേണ്ടത് മനുഷ്യന്റെ കടമയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചുങ്കപ്പാറ ചെറുപുഷ്പം പള്ളിയുടെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന സമൂഹത്തോടും പ്രകൃതിയോടും താദാത്മ്യപ്പെടേണ്ടത് വിശ്വാസിയുടെ കടമയാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
ദൈവസൃഷ്ടിയായ എല്ലാറ്റിനെയും കരുതേണ്ടതുണ്ട്. ദൈവാത്മാവിൽ എല്ലാ സൃഷ്ടികളും സംയോജിക്കപ്പെട്ടിരിക്കുകയാണ്. അതിലേറെ ദൈവികത്വം നമ്മിൽ ഉണ്ടെന്നുള്ള വസ്തുതയും വിസ്മരിക്കരുത്. മനുഷ്യൻ ഒറ്റപ്പെട്ടവനല്ല, സമൂഹത്തിലും സഭയിലും ദൈവമക്കളുടെ കൂട്ടായ്മയിലാണ് വളരേണ്ടത്. സ്നേഹത്തിലൂടെയും കാരുണ്യത്തിലൂടെയുമാണ് വിശ്വാസ സാക്ഷ്യം നൽകേണ്ടതെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പരമാർഥതയോടെ പ്രവർത്തിക്കാനാണ് വിശ്വാസ സമൂഹം തയാറാകേണ്ടത്.
തലമുറകളെ ചേർത്തുപിടിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ.ജേക്കബ് പനംതോട്ടം, ഫാ.ടോണി മണിയഞ്ചിറ,സോണി ജോർജ് പൊന്നെടത്താംകുഴി,എബി തൂങ്കുഴി, വി.ജെ. മാത്യു വയലാമണ്ണിൽ,ഫാ. എബ്രഹാം തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Cardinal Mar George Alencherry Local News Nattuvishesham Pathanamthitta