എകെടിഎ ജില്ലാ കണ്വന്ഷന് സംസ്ഥാന സെക്രട്ടറി എസ്. സതികുമാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും പ്രസവ ആനുകൂല്യം കുടിശിക 13,000 രൂപ ഉടന്‍ അനുവദിക്കണമെന്നും ഓള് കേരള ടൈലേഴ്സ് അസോസിയേഷന് (എകെടിഎ)ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്-നീലേശ്വരം ആകാശപാത എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും ആലാമിപള്ളി പുതിയ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
ആലാമിപ്പള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എസ്. സതികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ജനാര്ദ്ദനന്, കെ.വി. രാമചന്ദ്രന്, കെ. ലത, കെ.വി. കുഞ്ഞിരാമന്, കെ.കെ. രജികുമാര്‍, ടി.ടി. ഗീത, കെ.വി. കുഞ്ഞമ്പു, കെ. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.