ഉപ്പുതറ: എൽഡിഎഫിന് ഭരണം നഷ്ടമായ ഉപ്പുതറ പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ 23ന് തെരഞ്ഞെടുക്കും. എൽഡിഎഫ്-എട്ട്, യുഡിഎഫ്-എട്ട്, ബിജെപിയും സ്വതന്ത്രയും ഓരോന്നു വീതം എന്നിങ്ങനെയാണ് നിലവിൽ പഞ്ചായത്തിലെ കക്ഷിനില. അതിനാൽ പഞ്ചായത്ത് ആരു ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
10 മാസം പഞ്ചായത്ത് ഭരണം നടത്തിയ എൽഡിഎഫ് ഭരണസമിതിയെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് പുറത്താക്കിയത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബിജെപി അംഗം വോട്ട് രേഖപ്പെടുത്തിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് നടത്തിയ ഭരണത്തിൽ തർക്കങ്ങൾ പതിവായിരുന്നു.
പഞ്ചായത്തിലെ ജീവനക്കാരിയുടെ താത്കാലിക നിയമന വിഷയത്തിൽ തർക്കം രൂക്ഷമായതോടെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ഒന്നാം വാർഡ് അംഗത്തിനെതിരേ ബിജെപി നടപടി സ്വീകരിക്കുകയും ചെയ്തു.
23ന് രാവിലെ 11ന് ഉപ്പുതറ പഞ്ചായത്ത് ഹാളിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.
Tags : Upputhara Panchayat Nattuvishesham Districtnews