അപകടാവസ്ഥയിലായ കാളിയാര്‍ കോയപ്പടി - സെന്റ് മേരീസ് സ്കൂള്‍ റോഡിലെ കലുങ്ക്.
വണ്ണപ്പുറം: പഞ്ചായത്തില്‍ അപകടാവസ്ഥയിലായ രണ്ട് കലുങ്കുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയായി. കാളിയാര്‍ മേഖലയിലെ രണ്ട് കലുങ്കുകളുടെ നിര്‍മാണത്തിനായി 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കോയപ്പടി - സെന്റ് മേരീസ് സ്കൂള്‍ റോഡിലെ കലുങ്ക് പുനര്‍നിര്‍മിക്കാന്‍ 55 ലക്ഷം രൂപ അനുവദിച്ചു.
2019-20 വര്‍ഷം പി.ജെ. ജോസഫ് എംഎല്‍എ ആയിരിക്കെ മൊട്ടമുടി - ബ്ലാത്തിക്കവല റോഡ് നിര്‍മാണത്തിനായി അനുവദിച്ച തുക വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ തുകയാണ് പ്രത്യേക അനുമതി നേടി കലുങ്ക് നിര്‍മാണത്തിനായി മാറ്റി നല്‍കിയത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ധനകാര്യ വകുപ്പ് അനുമതി നല്കി പ്രത്യേക ഉത്തരവ് ഇറക്കിയാണ് തുക കലുങ്ക് നിര്‍മാണത്തിനായി അനുവദിച്ചത്.
കാളിയാര്‍ പള്ളിക്കവല -സെന്റ് മേരീസ് സ്കൂള്‍ റോഡിലെ കലുങ്കിന്റെ ഇരുവശങ്ങളിലെയും കെട്ടുകളിടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇത് പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ്. സര്‍വീസ് ബസുകളും സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചത്. രണ്ടു കലുങ്കുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി കളപ്പുര അറിയിച്ചു.