ഓട്ടപ്പാലത്തെ കർഷകൻ മരോട്ടിക്കുഴി ജോയിയുടെ കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാന ഇറങ്ങിയപ്പോൾ.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം മേഖലയിൽ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഓട്ടപ്പാലത്ത് കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷിനാശം വിതച്ചു. ആഴ്ചകൾക്ക് മുമ്പും ഈ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ നിരവധി പേർക്ക് കൃഷിനാശം സംഭവിച്ചിരുന്നു. വീട്ടുമുറ്റത്ത് വരെയെത്തുന്ന കാട്ടാനകൾ ജനങ്ങളുടെ ജീവനുപോലും ഭീഷണിയായി തീർന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകൾ കർഷകൻ മരോട്ടിക്കുഴി ജോയിയുടെ കൃഷിയിടം നശിപ്പിച്ചു. കൂടാതെ പൂവത്തിങ്കൽ സാബുവിന്റെ കൃഷിയിടത്തിലെ കമുങ്ങ്, വിളവെടുക്കാനായ കപ്പ, വാഴ എന്നിവയും നശിപ്പിച്ചു.
തുടർന്ന് നാട്ടുകാർ രംഗത്തിറങ്ങി ടോർച്ച് തെളിച്ചും മറ്റും ആനകളെ തുരത്തുകയായിരുന്നു. ഈ മേഖലയിൽ വനം വകുപ്പ് രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടങ്കിലും ഫലപ്രദമാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ സേവനം യോഗ തീരുമാനപ്രകാരം ലഭ്യമാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആനകളെ പ്രതിരോധിക്കാൻ റിസർവോയറിലൂടെ ബോട്ട് ഉപയോഗിച്ച് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൗര തൂക്കുവേലി പദ്ധതി നടപ്പാക്കാൻ വൈകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനായി അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Tags :