വലിയതോട്ടിലേക്കും തീരദേശ റോഡിലേക്കും ചരിഞ്ഞ നിലയിൽ.
കടുത്തുരുത്തി: തോടിന്റെ വശങ്ങളില് ഭീഷണിയായി പാഴ്മരങ്ങളും കാട്ടുചെടികളും. തോട്ടിലെ ഒഴുക്കിന് ഭീഷണിയാകുന്നതിനുപുറമെ ഈ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തിയാല്‍ വൻനാശനഷ്ടത്തിന് കാരണമാകും. ഇതോടെ തോടുകളുടെ വശങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും ഭീഷണിയിലാകും.
കടുത്തുരുത്തി വലിയതോടിന്റേത് ഉള്‍പ്പെടെ പല തോടുകളുടെയും വശങ്ങളിലാണ് അപകട ഭീഷണിയുമായി പാഴ് മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. തോടിന്റെ വശങ്ങളില കരിങ്കല്‍ കെട്ടിലാണ് പലയിടത്തും ഈ മരങ്ങള്‍ വളര്ന്നുനില്ക്കുന്നത്. മരങ്ങളുടെ കമ്പുകള്‍ തോട്ടിലേക്കും സമീപത്തെ റോഡിലേക്കും നീണ്ടുനിൽക്കുകയാണ്. ഇല കൊഴുപ്പുള്ളതിനാല്‍ കാറ്റില്‍ ആടി ഉലയുന്ന മരങ്ങള്‍ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ആപ്പുഴ തീരദേശ റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിന്നിരുന്ന കൂറ്റന്‍ പാഴ്മരം ചെരിഞ്ഞ് വലിയതോട് മൂടി കിടക്കുകയാണ്. തോടിന്റെ മറുവശത്ത് നിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ തീരദേശ റോഡില്‍ വന്നു വീണതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള വാഹനഗതാഗതവും തടസപ്പെട്ടിരുന്നു.
ചെരിഞ്ഞുനിൽക്കുന്ന മരം തോടിന് കുറുകെ കിടക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയതോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. തോട്ടിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങള്‍ ഈ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. സമാന സാഹചര്യത്തില്‍ ഒട്ടനവധി മരങ്ങളാണ് വലിയതോടിന്റെ വശങ്ങളില് മാത്രം സ്ഥിതി ചെയ്യുന്നത്. അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :