പ്രതീകാത്മക ചിത്രം
കൊച്ചി: ജില്ലയില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ക്രൈം പൊലിസ് മുന്നറിയിപ്പ് നല്കുന്നു. ഈ മാസം മാത്രം 1.7 കോടി രൂപയില്‍ അധികമാണ് തട്ടിപ്പുകാര്‍ കൊച്ചിയില്‍നിന്നു കൊണ്ടുപോയത്. സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും വരെ പണം നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.
പ്രധാന തട്ടിപ്പ് രീതികള്‍
വ്യാജ ട്രാഫിക് ചലാന്‍ ലിങ്കുകള്‍. ട്രാഫിക് ഫൈന്‍ അടയ്ക്കാനെന്ന പേരില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍. പരിവാഹന്‍ വെബ്സൈറ്റിന്റെ പേരിലുള്ള വ്യാജ ലിങ്കുകള്‍ വഴി ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന രീതിയും കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാങ്ക്/ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍: ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേഷന്, കെവൈസി അപ്ഡേഷന്, കസ്റ്റമര്‍ കെയര്‍ എന്നീ പേരുകളില്‍ വിളിച്ച് ഒടിപി, പിന്, ബാങ്ക് വിവരങ്ങള്‍ എന്നിവ കൈക്കലാക്കി പണം തട്ടുന്നു.
വ്യാജ പോപ്പ്അപ്പ് സന്ദേശങ്ങളും ട്രേഡിംഗ് ആപ്പുകളും: ഫോണ്‍ അപ്ഡേറ്റ് ചെയ്യാനും വൈറസ് നീക്കം ചെയ്യാനുമുള്ള വ്യാജ പോപ്പ്അപ്പ് ലിങ്കുകള്‍ വഴിയും, ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പുകള്‍ വഴിയും വലിയ തുകകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
മ്യൂള്‍ അക്കൗണ്ടുകള്‍: തട്ടിപ്പ് പണം കൈമാറുന്നതിനായി കമ്മീഷന് വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിക്കുന്ന സംഘങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ച് സജീവമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരെ അടുത്തിടെ കൊച്ചി സിറ്റി സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ സന്ദേശങ്ങളിലോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്നവരുമായി ഒടിപി, പിന്, പാസ്വേഡ് എന്നിവ ഒരിക്കലും പങ്കുവെക്കരുത്.
പണത്തിനായി മറ്റുള്ളവര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുനല്‍കരുത്
എവിടെ പരാതി നല്‍കാം
തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് നമ്പറായ 1930ല്‍ വിളിക്കുകയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി നല്‍കുകയോ ചെയ്യുക.
Tags : Cyber ??Fraud nattuvishesham local news Widespread