ബ്രാഹ്മിന്‍ രുചി
ബ്രാഹ്മിന്‍ രുചി
Monday, August 5, 2019 3:43 PM IST
അഗ്രഹാരങ്ങളില്‍ തയാറാക്കുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ രുചിയിലേക്ക്...

ചെണ്ടമുറിയന്‍

ചേരുവകള്‍
പഴുത്ത ഏത്തപ്പഴം -500 ഗ്രാം
ശര്‍ക്കര -150 ഗ്രാം
നെയ്യ് -15 ഗ്രാം

തയാറാക്കുന്ന വിധം
പഴം ആവിയില്‍ പുഴുങ്ങി തോല്‍ കളഞ്ഞ് കഷണങ്ങളാക്കി നുറുക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് പാവ് ആകുമ്പോള്‍ നുറുക്കിയ കഷണങ്ങളും, നെയ്യും ഒഴിച്ച് ഉടഞ്ഞു പോകാതെ ഇളക്കണം. രുചികരമായ ചെണ്ടമുറിയന്‍ തയാര്‍.

മനോഹരം

ചേരുവകള്‍

കടലമാവ് -250 ഗ്രാം
ശര്‍ക്കര -200 ഗ്രാം
എണ്ണ(വറക്കാന്‍) -ആവശ്യത്തിന്

തയാറാക്കുന്ന വിധം
കടലമാവ് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ഇടിയപ്പം ഉണ്ടാക്കുന്ന നാഴിയില്‍ പല ആകൃതിയിലുള്ള ചില്ലുകള്‍ ഉണ്ടാവും. അതില്‍ നിന്ന് ഒറ്റ ദ്വാരമുള്ള ചില്ലില്‍ മാവ് ഇട്ട് എണ്ണയില്‍ പിഴിഞ്ഞ് വറുക്കുക. ശര്‍ക്കര ഉരുക്കി നല്ല പാവ് ആകുമ്പോള്‍ വറുത്ത മനോഹരം ഇട്ട് ഇളക്കണം. (ശര്‍ക്കര പാവ് നോക്കുന്നത്, കുറച്ചു വെള്ളത്തില്‍ രണ്ടുതുള്ളി ശര്‍ക്കര പാവ് ഒഴിച്ച് കൈയില്‍ എടുത്ത് ഉരുട്ടി നോക്കണം. ഉരുണ്ടു വരണം. അപ്പോള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ. എങ്കില്‍ മാത്രമേ നല്ല മൊരിഞ്ഞ പരുവത്തില്‍ കിട്ടൂ.)

മലാഡു

ചേരുവകള്‍
പൊരിക്കടല -250 ഗ്രാം
പഞ്ചസാര -350 ഗ്രാം
ഏലക്കാപ്പൊടി -ഒരു ടീസ്പൂണ്‍
നെയ്യ് -150 ഗ്രാം
കശുവണ്ടി(നെയ്യില്‍ വറുത്തത്) - 35 ഗ്രാം

തയാറാക്കുന്ന വിധം
പൊരിക്കടല, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി പൊടിക്കുക. ഇതില്‍ ഏലക്കാപ്പൊടി, കശുവണ്ടി എന്നിവ ചേര്‍ത്ത് ഇളക്കണം. നെയ്യ് ചൂടാക്കി കുറേശെ മാവില്‍ ഒഴിച്ച് ചെറു ചൂടോടുകൂടി ഉരുട്ടുക. മലാഡു തയാര്‍.

മൈസൂര്‍പാക്ക്

ചേരുവകള്‍
കടല മാവ്- 250 ഗ്രാം
പഞ്ചസാര -700 ഗ്രാം
നെയ്യ് -650 ഗ്രാം
നാരങ്ങാനീര് -രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രത്തില്‍ കടലമാവ് ഇട്ട് ഒന്ന് ചൂടാക്കി മാറ്റി വയ്ക്കുക. പഞ്ചസാരയില്‍ കുറച്ച് വെള്ളം ഒഴിച്ച് അലിയുമ്പോള്‍ നാരങ്ങാ നീര് ചേര്‍ക്കണം. അപ്പോള്‍ അതിലുള്ള അഴുക്ക് പത പോലെ വരും. അത് എടുത്തു കളയുക. തുടര്‍ന്ന് കടല മാവ് ഇട്ട് ഇളക്കണം. കട്ട പിടിക്കാതെ ഇളക്കുക. മറ്റൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഈ മാവിലേക്ക് കുറച്ചു കുറച്ച് ഒഴിച്ച് ഇളക്കിക്കൊണ്ട് ഇരിക്കണം. പാത്രത്തില്‍ നിന്ന് വിട്ടു വരുമ്പോള്‍ നെയ്യ് ഊറി വരും. അപ്പോള്‍ നെയ്യ് പുരിയ പ്ലേറ്റിലേക്ക് ഇട്ടു ചെറുചൂടോടു കൂടി മുറിക്കുക.




പിടി കൊഴുക്കട്ട

ചേരുവകള്‍

വന്‍പയര്‍ (കുക്കറില്‍ വേവിച്ചത്) - 100 ഗ്രാം
ശര്‍ക്കര -600 ഗ്രാം
ചുവക്കെ വറുത്ത അരിപ്പൊടി - 250 ഗ്രാം
നെയ്യ് -10 ഗ്രാം
ഏലക്കപൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
നാളികേരക്കൊത്ത് - അഞ്ച് ഗ്രാം

തയാറാക്കുന്ന വിധം
കുക്കറില്‍ വച്ച് വെന്ത പയറിലേക്ക് ശര്‍ക്കര, ഉപ്പ്, ഏലക്കപൊടി എന്നിവ ഇട്ട് തിളയ്ക്കുമ്പോള്‍ അരിപ്പൊടി, നെയ്യ്, നാളികേരക്കൊത്ത് എന്നിവ ചേര്‍ത്ത് ഇളക്കുക. ആറിയശേഷം നീളത്തില്‍ ഉരുട്ടണം.

ബോളി

ചേരുവകള്‍
കടലപ്പരിപ്പ് - 500 ഗ്രാം
പഞ്ചസാര -650 ഗ്രാം
നെയ്യ് -50 ഗ്രാം
മൈദ മാവ്- 750 ഗ്രാം
നല്ലെണ്ണ -250 ഗ്രാം
മഞ്ഞള്‍പൊടി -ഒരു നുള്ള്
അരിപ്പൊടി -150 ഗ്രാം

തയാറാക്കുന്ന വിധം
മൈദാമാവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. മീതെ നല്ലെണ്ണ ഒഴിച്ച് മൂന്നു മണിക്കൂര്‍ വയ്ക്കണം. കടലപ്പരിപ്പ് കുക്കറില്‍ വേവിക്കുക. ഇതിലേക്ക് പഞ്ചസാര ഇട്ട് ഇളക്കണം. കൈയില്‍ പാനി എടുക്കുമ്പോള്‍ നൂല്‍ പാകം ആകുമ്പോള്‍ ഇറക്കുക. ആറിയശേഷം അരച്ച് നാരങ്ങാ വലുപ്പത്തില്‍ ഉരുണം. എണ്ണ ഒഴിച്ചു വച്ച മാവില്‍ കുറച്ചെടുത്ത് ഉരുട്ടിയ മാവില്‍ പൊതിഞ്ഞ്, അരിപ്പൊടിയില്‍ മുക്കി പരത്തുക. ദോശക്കല്ല് ചൂടാകുമ്പോള്‍ ബോളികള്‍ ഓരോന്നായി നെയ്യ് ഒഴിച്ച് ചുെട്ടടുക്കാം.

മുറുക്ക്

ചേരുവകള്‍
പൊന്നി അരി കുതിര്‍ത്ത് അരച്ചത് - ഒരു കിലോ
ഉഴുന്ന് വറുത്തു പൊടിച്ചത് -200 ഗ്രാം
എണ്ണ -വറുക്കാന്‍
ജീരകം -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം
ഉഴുന്ന് വറുത്തു പൊടിച്ച ശേഷം രണ്ടു പ്രാവശ്യം നന്നായി അരിക്കണം (തഴ ഉണ്ടെങ്കില്‍ പൊട്ടിത്തെറിക്കും). അരിമാവ്, ഉഴുന്നുപ്പൊടി, ഉപ്പ്, ജീരകം എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. (മുറുക്ക് തുതന്നെയാണ് ഉപയോഗിക്കേണ്ടത്). കൈയില്‍ മാവ് എടുത്ത് വലതുവശത്തേക്കാക്കി ചുറ്റണം. എണ്ണ ചൂടാകുമ്പോള്‍ തട്ടോടു കൂടി മുറുക്ക് ഇടുക. അപ്പോള്‍ തന്നെ തട്ട് മാറി വരും. തട്ട് എടുത്തു മാറ്റുക. എന്നിട്ട് മുറുക്ക് െ്രെഫ ചെയ്ത് എടുക്കാം.

പദ്മ സുബ്രഹ്മണ്യം
കാലടി