എങ്ങനെ നടത്താം, പ്രളയാനന്തര കൃഷി
എങ്ങനെ നടത്താം, പ്രളയാനന്തര കൃഷി
Saturday, September 21, 2019 3:38 PM IST
വീണ്ടും ഒരു പ്രളയാനന്തര പുനര്‍ജ്ജനിക്കായുള്ള തീവ്രയജ്ഞത്തിലാണ് നമ്മുടെ സംസ്ഥാനം. പ്രളയം നാശംവിതച്ച പ്രദേശങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. വെള്ളക്കെട്ടിനു ശേഷം, മണ്ണിന്റെ ഗുണമേന്മ ഉയര്‍ത്താനും വിളകളുടെ ആരോഗ്യസംരക്ഷണത്തിനും അനുവര്‍ത്തിക്കാവുന്ന ചില പൊതുനിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.

1. മണ്ണിന്റെ ആരോഗ്യ പരിപാലനം

* കൃഷിയിടങ്ങളില്‍ മണ്ണും ചെളിയും വലിയ തോതില്‍ അടിഞ്ഞിട്ടുണ്ടാകും. ഇതു നീര്‍വാര്‍ച്ച തടസപ്പെടുത്തും. ജലനിര്‍ഗമന ചാലുകള്‍ ഒരുക്കി വെള്ളക്കെട്ടു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.

* മണ്ണിന്റെ ഉപരിതലത്തിലെ ചെളിയുടെ കനം ഒരു കമ്പുകൊണ്ട് കുത്തി മനസിലാക്കണം. ചെളി കട്ടിയില്‍ അടിഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ കുമ്മായമോ ഡോളോമൈറ്റോ ഒരു സെന്റിന് 2-3 കിലോഗ്രാം എന്ന തോതില്‍ ഇട്ടു മണ്ണ് പരുവപ്പെടുത്തണം.

* വിളകളുടെ ചുവട്ടിലെ മണ്ണിളക്കണം. ഇതു മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കും. വായു സഞ്ചാരവും നീര്‍വാര്‍ച്ചയും ഉറപ്പു വരുത്തുന്നതിലൂടെ ചെടികളുടെ ആരോഗ്യം വീണ്ടെടുക്കാനും രോഗബാധ കുറയ്ക്കാനും സാധിക്കും.

* വെള്ളത്തിലൂടെ പൊട്ടാസ്യം വലിയതോതില്‍ ഒലിച്ചു പോയിട്ടുണ്ടാകും. ഇതു പരിഹരിക്കാന്‍ വിളകള്‍ക്ക് ചാരമോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ഇവയിലേതെങ്കിലുമോ നല്‍കാവുന്നതാണ്.

* പ്രളയത്തിനു ശേഷം കൃഷിഭൂമിയിലെ പോഷകമൂലകങ്ങളുടെ അളവില്‍ കാര്യമായ വ്യത്യാസം സംഭവിച്ചിരിക്കാനിടയുണ്ട്. അതുകൊണ്ട് മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ അനുവര്‍ത്തിക്കണം.

* ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൃഷിഭൂമിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഭൂമിയുടെ ചെരിവനുസരിച്ചുള്ള വിളക്രമങ്ങള്‍ അവലംബിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യണം.

2. സസ്യസംരക്ഷണം

തുടര്‍ച്ചയായ മഴ മൂലം ഫൈറ്റോഫ്‌തോറ പോലുള്ള കുമിള്‍ പരത്തുന്ന രോഗങ്ങള്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. രോഗബാധ രൂക്ഷമായിട്ടുള്ള വിളകളും സസ്യഭാഗങ്ങളും മണ്ണില്‍ കുഴിച്ചിട്ട് നശിപ്പിക്കണം. കുമ്മായം മണ്ണില്‍ ചേര്‍ക്കുന്നതിലൂടെ, മണ്ണില്‍ കൂടി പകരുന്ന രോഗാണുക്കളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധി ക്കും. ഓരോ വിളയിലും അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ ചുവടെ.

നെല്ലിന് പച്ചച്ചാണകം

പാലക്കാടന്‍ മേഖലകളില്‍ മഴ യ്ക്കു ശേഷം വരണ്ട കാലാവസ്ഥയാണെങ്കില്‍ മണ്ഡരി ബാധക്കുള്ള സാ ധ്യതയുണ്ട്. പോള കരിച്ചില്‍, ബാക്ടീരിയ മൂലമുണ്ടാകുന്ന ഇല കരിച്ചില്‍ എന്നീ രോഗങ്ങള്‍ നെല്‍പ്പാടങ്ങളില്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. പച്ചചാണകതെളി 20 ഗ്രാം ഒരു ലിറ്ററില്‍ കലക്കി തളിച്ചു കൊടുക്കുന്നതിലൂടെ ബാക്ടീരിയല്‍ ഇലകരിച്ചിലിനെ പ്ര തിരോധിക്കാം.

പ്രളയത്തിനു ശേഷം വരുന്ന മുണ്ടകന്‍ കൃഷിയില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണത്തിനു സാധ്യതയുണ്ട്. നെല്‍പ്പാടത്തിനു ചുറ്റുമുള്ള കളകള്‍ നശിപ്പിക്കുകയും പാടം ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പട്ടാളപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ പാടത്തു വെള്ളം കെട്ടിനിര്‍ത്തണം.

രോഗ-കീട ബാധകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധ നിര്‍ദ്ദേശപ്രകാരം മാത്രം രാസ-കീടനാശിനികള്‍ പ്രയോഗിക്കുക.

കുരുമുളകു തോട്ടത്തില്‍ നീര്‍വാര്‍ച്ച

കുരുമുളകിന്റെ വേരുകള്‍ ചീഞ്ഞു വള്ളി മഞ്ഞളിക്കാന്‍ സാധ്യതയുള്ളതിനാല്‍ തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ഓരോ വള്ളിക്കും അര കിലോ വീതം കുമ്മായം നല്‍കണം. കുമ്മായമിട്ടു രണ്ടാഴ്ചക്കു ശേഷം വള്ളിയൊന്നിന് 10 കിലോ ട്രൈക്കോഡര്‍മ സമ്പുഷ്ടജൈവവളം നല്‍കണം. ദ്രുത വാട്ടത്തിനെതിരായി ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കണം. കോപ്പര്‍ഓക്‌സിക്‌ളോറൈഡ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം.

ജാതിക്ക് പ്രാണവായു

* ജാതിമരങ്ങളുടെ ചുവട്ടില്‍ ചെറുതായി മണ്ണിളക്കി വായൂ സഞ്ചാരം ഉറപ്പുവരുത്തുക.
* ഓരോ മരത്തിന്റെയും ചുവട്ടില്‍ 500 ഗ്രാം കുമ്മായം വിതറി കൊടുക്കണം.
* ഇലകൊഴിച്ചില്‍ കാണുന്ന സ്ഥലങ്ങളില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.
* പ്രളയബാധിത മേഖലകളിലെ ജാതി തോട്ടങ്ങളില്‍ വണ്ടുകളുടെ ആക്രമണം മൂലം കമ്പുകളോ മരം തന്നെയോ ഉണങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. കീട ബാധ കാണുന്ന കമ്പുകള്‍ അപ്പപ്പോള്‍ തന്നെ മുറിച്ചുമാറ്റി നശിപ്പിക്കണം.


വാഴത്തോട്ടത്തില്‍ നീര്‍വാര്‍ച്ച

* വാഴത്തോട്ടങ്ങളില്‍ വായു സഞ്ചാരവും നീര്‍വാര്‍ച്ചയും ഉറപ്പാക്കണം. മഞ്ഞളിച്ചതും രോഗം ബാധിച്ചതുമായ ഇലകള്‍ മുറിച്ചു മാറ്റി നശിപ്പിക്കണം. പ്രളയത്തെ അതിജീവിച്ച വാഴയ്ക്ക് 13:00:45 എന്ന വെള്ളത്തിലലിയുന്ന വളം അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം. രണ്ടാഴ്ചക്കു ശേഷം ജൈവവളം ചേര്‍ത്തു കൊടുക്കാം.

* താഴെ പറയുന്ന രോഗങ്ങള്‍ തീവ്രമാകാന്‍ സാധ്യതയുള്ളതിനാല്‍ അവയ്‌ക്കെതിരേയുള്ള പ്രതിരോധ, നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതാണ്.

* സിഗട്ടോക്ക ഇലപ്പുള്ളി രോഗത്തിനെതിരേ 0.4 ശതമാനം മാങ്കോസെബ് പശചേര്‍ത്തു രണ്ടു തൊട്ടു മൂന്നാഴ്ച ഇടവിട്ടു തളിച്ചു കൊടുക്കണം. രോഗ ബാധ രൂക്ഷമാണെങ്കില്‍ വിദഗ്ധ നിര്‍ദ്ദേശ പ്രകാരം ഉചിതമായ രാസ-കുമിള്‍ നാശിനികള്‍ പ്രയോഗിക്കണം.

* ഫ്യൂസേറിയം വാട്ടം കാണുന്ന വാഴകളുടെ ചുവട്ടില്‍ രണ്ടു ശതമാനം വീര്യമുള്ള ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകപ്പൊടി ഇട്ടു കൊടുക്കണം.

* മാണ അഴുകല്‍ കാണപ്പെടുകയാണെങ്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ അഞ്ചു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി, വാഴയൊന്നിന് അഞ്ചു ലിറ്റര്‍ എന്ന തോതില്‍, ചുവട്ടില്‍ ഒഴിക്കേണ്ടതാണ്.

* അതിവര്‍ഷത്തിനു ശേഷം വരണ്ട കാലാവസ്ഥ നിലനില്‍ക്കുകയാണെങ്കില്‍, സ്‌പോഡോപ്‌റ്റെറ പുഴുവിന്റെ ആക്രമണം കാണപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ട് നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

തെങ്ങിന് ബോര്‍ഡോ

* കൂമ്പു ചീയല്‍ രോഗം അധികമാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കാം. ബോര്‍ഡോ മി ശ്രിതം തളിക്കുന്നതിലൂടെ മഹാളി, ഓല ചീച്ചില്‍ എന്നീ രോഗങ്ങളെയും നിയന്ത്രിക്കാം.

* കൂമ്പു ചീയല്‍ ബാധിച്ച തെങ്ങുകളുടെ കൂമ്പു ചെത്തി മാറ്റി 10 ശതമാനം ബോര്‍ഡോ കുഴമ്പു പുരട്ടിക്കൊടുക്കാം.

കവുങ്ങില്‍ മഹാളി

* രൂക്ഷമായ മഴയ്ക്കു ശേഷം കവുങ്ങില്‍ മഹാളിക്കുള്ള സാധ്യതയുള്ളതിനാല്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കേണ്ടതാണ്.

ഏലത്തിനു തണല്‍ക്രമീകരണം

* തണല്‍ ക്രമീകരിക്കുന്നതിലൂടെ ഏലത്തിലെ രോഗങ്ങളുടെ ആധി ക്യം കുറക്കാന്‍ സാധിക്കും. 0.2 ശതമാനം കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിക്കുന്നതും ചുവട്ടില്‍ ഒഴിക്കുന്നതും അഴുകല്‍, തട്ട മറിച്ചില്‍ എന്നിവയ്‌ക്കെതിരേ പ്രയോജനകരമാണ്.

പച്ചക്കറിയില്‍ അതീവശ്രദ്ധ

അതിവര്‍ഷത്തിനു ശേഷം വരണ്ട കാലാവസ്ഥ നിലനില്‍ക്കുകയാണെങ്കില്‍ സ്‌പോഡോപ്‌റ്റെറ പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. കര്‍ഷകര്‍ വിളകളെ എല്ലാ ദിവസവും നിരീക്ഷിക്കണം. ആക്രമണം കാണുകയാണെങ്കില്‍ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടു നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

കുതിര്‍ത്ത ചണച്ചാക്ക് രാത്രിയില്‍ വിരിച്ചിട്ട് കാലത്ത് അതില്‍ കുടുങ്ങുന്ന ഒച്ചുകളെ ഉപ്പുവെള്ളത്തിലിട്ടു നശിപ്പിക്കുന്നതിലൂടെ ഒച്ചു ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാം.

വെള്ളരിവര്‍ഗ പച്ചക്കറികളില്‍ ഡൗ ണി മൈല്‍ഡ്യൂ രോഗത്തിനെതിരേ രോഗാരംഭത്തില്‍ മാങ്കോസെബ് 0.3 ശതമാനം തളിച്ചു കൊടുക്കണം.

വഴുതനയിലെ കായ് അഴുകല്‍, വെ ണ്ടയിലെ ഇലപ്പുള്ളി എന്നിവയ്‌ക്കെതിരേ മാങ്കോസബ് 0.3 ശതമാനം ഫലപ്രദമാണ്. രോഗബാധ രൂക്ഷമാണെങ്കില്‍ വിദഗ്ധ നിര്‍ദേശ പ്രകാരം ഉചിതമായ രാസ-കുമിള്‍ നാശിനികള്‍ പ്രയോഗിക്കുക.

പയറിലെ ചുവടു വീക്കം, കരിവള്ളി എന്നി രോഗങ്ങള്‍ക്കെതിരേ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് 0.2 ശതമാനം ചുവട്ടില്‍ ഒഴിക്കുകയോ തളിച്ചു കൊടുക്കയോ ചെയ്യാം.

പോളിഹൗസ് വിളകള്‍

കനത്ത മഴയില്‍ പോളിഹൗസിലെ വിളകളില്‍ സ്‌പോഡോപ്‌റ്റെറ പുഴുക്കളുടെ ആക്രമണം കൂടാന്‍ സാധ്യതയുണ്ട്. പുഴുക്കളെ കാണുകയാണെങ്കില്‍ സമീപത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ട് നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

എലി നശീകരണം പ്രധാനം

* പ്രളയ ജലം വാര്‍ന്നു പോകുന്നതോടൊപ്പം എലികള്‍ പരത്തുന്ന രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമൂഹികാടിസ്ഥാനത്തില്‍ എലിനശീകരണ യജ്ഞങ്ങള്‍ നടത്തേണ്ടതാണ്.

* രോഗ-കീട ആക്രമണം രൂക്ഷമെന്നു കാണുന്ന പക്ഷം വിദഗ്ധാഭിപ്രായം തേടേണ്ടതാണ്. രാസ-കീട നാശിനികളുടെ പ്രയോഗം കൃഷി ഓഫീസറുടെ ഉപദേശപ്രകാരം മാത്രം അനുവര്‍ത്തിക്കേണ്ടതാണ്.

ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്
കേരള കാര്‍ഷിക സര്‍വകലാശാല