സുസ്ഥിര ഉത്പാദനത്തിന് നടാം ആകാശവെള്ളരി
സുസ്ഥിര ഉത്പാദനത്തിന് നടാം ആകാശവെള്ളരി
Tuesday, June 23, 2020 3:29 PM IST
ഭക്ഷ്യക്ഷാമമൊക്കെ പ്രവചിക്കപ്പെടുന്ന കൊറോണാ കാലത്ത് കൃഷിചെയ്യാന്‍ യോജിച്ച ഒന്നാണ് ആകാശവെള്ളരി. ഇതിന്റെ ഒരൊറ്റ മൂടുമതി ആയുഷ്‌കാല വിളവിന്. ആകാശവെള്ളരിയുടെ ആയുസ് അറുപതു വര്‍ഷത്തിനുമേലാണത്രേ.

നടീല്‍ രീതികള്‍

വിത്തുപാകി കിളിര്‍പ്പിച്ചോ തണ്ടു മുറിച്ചുനട്ടോ തൈകള്‍ ഉത്പാദിപ്പിക്കാം. നടാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് മണ്ണിന് തീരെ ഇളക്കം കുറവാണെങ്കില്‍ മുക്കാല്‍ മീറ്റര്‍ ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് നന്നായി വശങ്ങള്‍ ഇടിച്ചിട്ട് അല്പം ഉണങ്ങിയ കാലിവളവും ചേര്‍ത്തിളക്കി കുഴിമൂടണം. രണ്ടാഴ്ചയ്ക്കുശേഷം തൈകള്‍ നട്ടുപിടിപ്പിക്കാം. മണ്ണ് സാമാന്യം ഇളക്കമുള്ളതാണെങ്കില്‍ കുഴികള്‍ക്ക് ഇത്രയും വിസ്താരം ആവശ്യമില്ല. വളരെ ചെറിയ കുഴികള്‍ മതിയാകും. കാലവര്‍ഷാരംഭത്തോടെയാണ് തൈകള്‍ നടുന്നതെങ്കില്‍ പിന്നീട് പടര്‍ന്നുകയറാനുള്ള സൗകര്യം ഒരുക്കുക മാത്രമേ വേണ്ടൂ. അതിനുശേഷം ഒരു തവണകൂടി ജൈവവളപ്രയോഗം നടത്തിയാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. മറ്റു വള്ളിച്ചെടികളില്‍ നിന്നു സംരക്ഷിക്കേണ്ടതുണ്ട്.

പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയം ഉറപ്പ്. പുതുതായി നട്ടുപിടിപ്പിച്ച ആകാശവെള്ളരി ദീര്‍ഘകാലം വിളവു നല്‍കണ മെങ്കില്‍ ആറടിയില്‍ കൂടുതല്‍ ഉയരമില്ലാത്തതും നല്ല ബലമുള്ളതുമായ പൈപ്പു പന്തലിലോ അധികം ഉയരമില്ലാത്ത പേര, കാപ്പി എന്നിവയിലോ, പ്ലാസ്റ്റിക് കയര്‍ വലിച്ചുകെട്ടിയുമൊക്കെ പടര്‍ത്തണം. പക്ഷെ വേലിയിലും കമ്പിയിലും കയറിലുമൊക്കെ കയറ്റി വിട്ടാല്‍ ആയുസു കുറയും. വേലിയും കമ്പിയുമൊക്കെ ദ്രവിക്കുമ്പോള്‍ എല്ലാം ഒന്നാകെ നിലംപൊത്തും.

ഉയരക്കൂടുതലുള്ള വൃക്ഷങ്ങളില്‍ പടര്‍ത്തിയാല്‍ കായ്കള്‍ പറിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. ഉയരത്തില്‍ നിന്നു താഴെവീഴുന്ന കായകള്‍ പൊട്ടിച്ചതഞ്ഞ് ഉപയോഗശൂന്യമാകും. നിലത്തുനിന്നു കൈകള്‍ കൊണ്ട് കായ് പറിച്ചെടുക്കാവുന്ന ഉയരത്തിലേ ആകാശവെള്ളരി പടര്‍ത്താവൂ.


വൃക്ഷങ്ങളില്‍ പടര്‍ത്തിയാല്‍ ആ വൃക്ഷത്തിന് എത്രമാത്രം ഉയരമുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുകള്‍ഭാഗം വരെ പടര്‍ന്നു കയറി പന്തലിച്ച് വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കൂറ്റന്‍ മരത്തേയും ആകാശവെള്ളരി ഉണക്കിക്കളയും. വവ്വാല്‍ ഒരിക്കല്‍ വെള്ളരിക്കകള്‍ കണ്ടാല്‍ പിന്നീട് ശല്യം ഉറപ്പാണ്. ഇവ മുഴുവന്‍ കായ്കളും കടിച്ചും മുറിച്ചും കളയും. മത്സ്യബന്ധനത്തിനുപയോഗിച്ചശേഷമുള്ള വല വാങ്ങി പന്തലിന്റെ അടിഭാഗം മറച്ചോ ഇല്ലിമുള്ളുവച്ചു കെട്ടിയോ വവ്വാലിനെ പ്രതിരോധിക്കാം.

വെള്ളരിയുടെ ആവശ്യത്തിലധികമുള്ള തണ്ടുകള്‍ കോതി വളര്‍ച്ച നിയന്ത്രിക്കാം. കടുത്ത മഴക്കാലവും വേനല്‍ക്കാലവും ഒഴിവാക്കി വേണം കമ്പുകോതല്‍ നടത്താന്‍. ഇപ്രകാരം ചെയ്യാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ തണ്ടുകള്‍ ക്രമാതീതമായി മുറിച്ചു കളഞ്ഞാല്‍ ചെടി പാടെ നശിക്കും.

ഇതിന്റെ കായകള്‍ പച്ചയ്ക്ക് തി ന്നാനും കറിവയ്ക്കാനും പഴുത്ത കാ യ്കള്‍ ജ്യൂസാക്കാനും സലാഡിനും ഒക്കെ ഉത്തമമാണ്. കറി വയ്ക്കാന്‍ മൂപ്പെത്താത്ത കായകളും ഉപയോഗിക്കാം. കായ്ച്ച് മുപ്പതു ദിവസത്തിനുശേഷം കറിക്കുപയോഗിക്കാം.

ആകാശവെള്ളരിയില്‍ കീടാക്രമണം കുറവാണ്. വര്‍ഷത്തില്‍ പല തവണ കായ്ക്കും. വിഷരഹിത പച്ചക്കറി കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇതിന്റെ ഒരു മൂട് നട്ടുപിടിപ്പിക്കാം.

വീട്ടാവശ്യത്തില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടായാല്‍ വില്പനയ്ക്ക് സൗകര്യം ഉള്ളവര്‍ മാത്രമേ കൂടുതല്‍ മൂടുകള്‍ വച്ചുപിടിപ്പിക്കേണ്ടതുള്ളു.

ജോസ് മാധവത്ത്
ഫോണ്‍: - 96450 33622.