കണ്ടു പഠിക്കാന്‍ ചന്ദ്രന്റെ കദളീവനം
കണ്ടു പഠിക്കാന്‍ ചന്ദ്രന്റെ കദളീവനം
Saturday, July 25, 2020 4:24 PM IST
പാലക്കാട് പട്ടിത്തറയിലെ ഈ കദളിവാഴക്കൃഷി ഒന്നു കാണേണ്ടതുതന്നെ. മാതൃകാ കര്‍ഷകനായ ടി.വി. ചന്ദ്രന്‍ നാലേക്കര്‍ പാട്ടത്തിനെടുത്താണ് വര്‍ഷങ്ങളായി കദളിവാഴ കൃഷിചെയ്യുന്നത്. എല്ലാ കര്‍ഷകരും ഒരേ വിളകള്‍ തന്നെ ആവര്‍ത്തന കൃഷി നടത്തുമ്പോള്‍, പ്രാദേശിക, പരമ്പരാഗത രീതികളില്‍ നിന്നു മാറിയാണ് ചന്ദ്രന്റെ പോക്ക്. വിളവൈവിധ്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാല്‍ കാര്‍ഷിക വിജയം നേടാമെന്ന അനുഭവപാഠമാണ് ഈ കര്‍ഷകന്‍ പറഞ്ഞു തരുന്നത്. പ്രദേശത്തെ കര്‍ഷകരെല്ലാം നേന്ത്രവാഴയാണ് കാലങ്ങളായി കൃഷിചെയ്യുന്നത്. ചന്ദ്രനും ആദ്യം ഈ വഴിതന്നെയായിരുന്നു. എന്നാല്‍ ഇടയ്‌ക്കൊന്നു മാറിച്ചിന്തിച്ചു. എല്ലാ കര്‍ഷകരും ഒരേവിള ചെയ്താല്‍ അമിത ഉത്പാദനം മൂലം വില കുറയാം. ഇതിനെ മറികടക്കാന്‍ പല കര്‍ഷകരും പല വിളകള്‍ ചെയ്യുകയോ സമ്മിശ്രകൃഷി അനുവര്‍ത്തിക്കുകയോ ചെയ്യണമെന്ന ആശയത്തിലേക്ക് ചന്ദ്രനെത്തി. നേന്ത്രവാഴയ്‌ക്കെന്നപോലെ വലിയ പരിചരണമോ വളപ്രയോഗമോ കദളിക്കാവശ്യമില്ല. എന്നാല്‍, നേന്ത്രക്കുലയേക്കാള്‍ കൂടിയ വിലയും ലഭിക്കും. കാര്യമായ രോഗ- കീടാക്രമണങ്ങളുമില്ല.

അനുഭവത്തില്‍ ഇടയ്‌ക്കെങ്ങോ നാലഞ്ചു വാഴകള്‍ക്ക് പനാമവാട്ടം വന്ന ഒരോര്‍മയുണ്ട് അത്രമാത്രം. പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ചതോടെ ഇത് ലളിതമായിത്തന്നെ പരിഹരിക്കാനും കഴിഞ്ഞു. ഒരു തവണ കന്നുവച്ചാല്‍ മൂന്നു വര്‍ഷം വരെ കദളി പറിച്ചുമാറ്റാതെ വിളവെടുക്കാം. ഇങ്ങനെ നിലനിര്‍ത്തുന്നതിനും ഒരു പ്രത്യേക കാരണമുണ്ട്. ആദ്യ കന്നിലെ വാഴകള്‍ക്ക് കാര്യമായ വേരോട്ടമില്ലാത്തതിനാല്‍ കുലകള്‍ക്ക് പൊതുവേ തൂക്കം കുറയും. എന്നാല്‍ വീണ്ടും വീണ്ടും പൊട്ടിമുളച്ചു വരുന്ന തൈകളിലെ കുലകള്‍ക്ക് തൂക്കംകൂടി വരുന്നതായാണ് അനുഭവം.


ശരിക്കുപറഞ്ഞാല്‍ പടുവാഴകളോ, മൈസൂര്‍ വാഴകളോ കൃഷി ചെയ്യുന്ന ലാഘവത്തോടെ കദളിവാഴ കൃഷി ചെയ്യാം. മൈസൂര്‍ വാഴയേക്കാള്‍ ആറിരട്ടി വരെ വില പൂജാകദളിക്കു കിട്ടുമെന്ന മെച്ചവുമുണ്ട്. ക്ഷേ ്രതങ്ങളിലേക്കും മറ്റും കദളിക്കുലകള്‍ നല്‍കാന്‍ കരാറെടുത്തവര്‍, ആഴ്ച യിലൊ രിക്കല്‍ നേരിട്ടെത്തി അവര്‍ തന്നെ കുല വെട്ടിയെടുത്ത്, തൂക്കി വാഴ തോട്ടത്തില്‍ വച്ചു തന്നെ വില നല്കുന്നു. ആഴ്ചയില്‍ നാനൂറ് മുതല്‍ അറുന്നൂറ് കിലോ വരെ ചുരുങ്ങിയത് ലഭിക്കാറുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് അറുപതുരൂപ വരെ വില ലഭിക്കുന്നുണ്ട്. മണ്ഡലകാലത്തും ക്ഷേത്രോത്സവ സീസണിലും വില വീണ്ടും കൂടും. കിലോയ്ക്ക് നൂറ്റിമുപ്പതു രൂപവരെ ചില സമയങ്ങളില്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ വാഴഇലകളും വെട്ടി വില്‍ക്കാറുണ്ട്. ഒരു വര്‍ഷ ത്തേക്ക് വാഴ ഇല വെട്ടുന്നതിന് പതിനായിരം രൂപ കരാര്‍ ഇനത്തിലും ലഭിക്കുന്നു.ഫോണ്‍: ചന്ദ്രന്‍-808 690 6009.

ഗിരീഷ് അയിലക്കാട്
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, കൃഷിഭവന്‍, ആനക്കര, 974 56 32 828.