മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
Monday, May 30, 2022 4:10 PM IST
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായി ഇടുക്കിയില്‍ കായ്ച്ചു. മറ്റ് അവക്കാഡോകള്‍ക്ക് മിനുസമുള്ള പ്രതലമാണെങ്കില്‍ ഹാസ് അവക്കാഡോയുടെ ബാഹ്യഭാഗം പരുപരുത്തതാണ്.

സേനാപതി പഞ്ചായത്തിലെ മാങ്ങാത്തൊട്ടിയില്‍ തെങ്ങുംകുടിയില്‍ ജയിംസിന്റെ കൃഷിയിടത്തിലാണ് ഈ ചെടി കായ്ച്ചത്. തൊടുപുഴയിലെ ഒരു നഴ്‌സറിയില്‍ നിന്നു വാങ്ങിയ പത്ത് തൈകളില്‍ നാലെണ്ണവും മൂന്നാം വര്‍ഷം കായ്ച്ചു. ഇതിനു കിലോയ്ക്ക് 800 രൂപയോളം വിലയുണ്ട്.

വീടിനടുത്താണു ജയിംസ് ചെടികള്‍ നട്ടത്. കായ്ച്ച് തുടങ്ങിയപ്പോഴാണു പുതിയൊരു വീട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. പുതിയ കെട്ടിടത്തിന്റെ പ്‌ളാന്‍ വരച്ചു സ്ഥലം അളന്നെടുത്തപ്പോള്‍ ഹാസ് നില്‍ക്കുന്ന ഭാഗവും കെട്ടിടത്തിന്റെ ഉള്ളിലാകും. ഹാസ് വെട്ടിക്കളയേണ്ടി വരും. എന്തു ചെയ്യും?

കെട്ടിടത്തിന്റെ വലിപ്പം കുറയ്ക്കുക. അല്ലാതെ മറ്റു വഴിയൊന്നും കണ്ടില്ല. അങ്ങനെതന്നെ ചെയ്തു. പ്ലാനില്‍ കെട്ടിടത്തിന്റെ സ്‌ക്വയര്‍ ഫീറ്റ് കുറച്ചു. അങ്ങനെ, പിയപ്പെട്ട ഹാസ് അവക്കാഡോയെ സംരക്ഷിക്കാന്‍ ജയിംസ് കെട്ടിടം ചെറുതാക്കി ഇരുനില വീട് നിര്‍മിക്കുകയാ യിരുന്നു.

വിവിധ പോഷകങ്ങളും ഫൈറ്റോ കെമിക്കലുകളും അടങ്ങിയിരിക്കുന്ന ഹാസ് അവക്കാഡോ ധാരാളം ആരോ ഗ്യ ഗുണങ്ങളുള്ള ബട്ടര്‍ ഫ്രൂട്ടാണ്. 200 മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള വലിയ വലിപ്പമുള്ള പഴങ്ങളാണ് ഇവ യ്ക്ക്.


ഫൈബര്‍ ധാരാളം അടങ്ങിയിരി ക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കു ന്നതിനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കു ന്നതിനും ഹാസ് അവക്കാഡോ നല്ലതാണ്. ഗര്‍ഭാശയ രോഗങ്ങള്‍ക്കും ഉത്തമം. ജ്യൂസാക്കിയാണ് ഇവ പ്രധാനമായും കഴിക്കുന്നത്.

ഹൈറേഞ്ചില്‍ ഏറ്റവുമധികം വരുമാനം നേടി തരാന്‍ ഉതകുന്നതാണ് ഹാസ് അവക്കാഡോ എന്ന് ജയിംസ് പറയുന്നു. ഏലത്തിന് തണല്‍ മര മായും കുരുമുളക് ചെടികള്‍ക്ക് താങ്ങുമരമായും ഉപയോഗിക്കാന്‍ ഉതകും. ബഡ് തൈകളേക്കാള്‍ കുരു മുളപ്പിച്ചെടുക്കുന്ന തൈകളാണ് നല്ലതെന്നും ഇതുവഴി അമ്പതി നായിരം രൂപയോളം വാര്‍ഷിക വരുമാനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച കര്‍ഷകനായ ജയിംസിന്റ കൃഷിയിടത്തില്‍ ജാതി, ഇസ്രയേല്‍ അത്തി, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, സപ്പോട്ട, ഏലം, കുരുമുളക്, നൂറില്‍ പരം തെങ്ങുകള്‍ എന്നിവയും ഉണ്ട്. ഇതോടൊപ്പം അഞ്ചര ഏക്കര്‍ സ്ഥലത്തായി 12 കുളങ്ങളില്‍ മീന്‍ കൃഷിയും. മികച്ച മത്സ്യകര്‍ഷകനുള്ള ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഡയറി ഫാമും ഉണ്ട്. പതിനഞ്ചോളം കറവപ്പശുക്കളുള്ള ജയിംസിന് നല്ലൊരു ഡയറി ഫാമുമുണ്ട്. വെര്‍മി കമ്പോസ്റ്റ്,ബയോ ഗ്യാസ്, മണ്ണിര കമ്പോസ്റ്റ് എന്നിവയും കൃഷി യിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9447050103.

ജിജോ രാജകുമാരി
8086350652