ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
Tuesday, September 26, 2023 12:46 PM IST
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടുക്കുകയാണു കോട്ടയം ജില്ലയിൽ കുറുകച്ചാൽ കാട്ടൂർ ഇയ്യോ എന്ന കർഷകൻ. ഗ്രോ ബാഗുകളിൽ വളർത്തുന്ന പച്ചക്കറികൾക്കാണ് ഇത്തരത്തിൽ നന നൽകാൻ കഴിയുന്നത്.
പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറച്ചു ചെറിയ സുഷിരങ്ങളിട്ട ശേഷം ചെടിയുടെ ചുവട്ടിൽ സ്ഥാപിക്കുന്നതാണു രീതി. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നു വെള്ളം തുള്ളിതുള്ളിയായി ചെടിയുടെ ചുവട്ടിലേക്കു കിനിഞ്ഞെത്തും.
ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ചയോളം നനയ്ക്കാം. വെള്ളം തീരുന്ന മുറയ്ക്കു വീണ്ടും കുപ്പികൾ നിറച്ചു വയ്ക്കണമെന്നു മാത്രം. വീടിനു ചുറ്റുമുള്ള സ്ഥലത്ത് രണ്ടു വർഷം മുന്പാണു ഗ്രോ ബാഗ് കൃഷി ആരംഭിച്ചത്.
എന്നാൽ, തുടക്കത്തിൽ ഉദ്ദേശിച്ചത്ര വിളവ് ലഭിച്ചില്ല. ആ പ്രതിസന്ധി മറികടക്കാൻ മനസിൽ ഉദിച്ച ആശയമാണിത്. നടീൽ മിശ്രിതം തയാറാക്കുന്നതിനും ഇയ്യോയ്ക്കു പ്രത്യേക രീതിയുണ്ട്.
കിളച്ചൊരുക്കിയ മേൽമണ്ണിൽ കുമ്മായം ചേർത്ത് ഒരാഴ്ച വെയിൽ കൊള്ളിച്ച് അണുവിമുക്തമാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കും.
ഈ മിശ്രിതം ഗ്രോബാഗുകളിൽ നിറച്ചു അതിൽ പച്ചക്കറി വിത്തുകൾ നടും. അതിനൊപ്പം പ്ലാസ്റ്റിക്ക് കുപ്പിയിൽ വെള്ളം നിറച്ചു മണ്ണിൽ കുത്തി വയ്ക്കുകയും ചെയ്യും.
പയർ, വെള്ളരി, പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയവയാണ് പ്രധാനകൃഷി. രണ്ടുമാസം കൊണ്ടു വിളവെടുക്കാം. അന്പതോളം ഗ്രോ ബാഗുകളുണ്ട്. ഒരുതവണ ബാഗ് നിറച്ചാൽ ഒരു വർഷം വരെ തുടർച്ചയായി കൃഷി ചെയ്യാം.
പരിചരണവും വളരെ കുറച്ചുമതി. കീടശല്യവും തീരെക്കുറവാണ്. ഈ ലഘുകൃഷിരീതി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും അദ്ദേഹം തയാറാണ്.
ഫോണ്: 8606768650.
ജോസഫ് കുന്പുക്കൻ