പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
Monday, October 21, 2024 7:32 PM IST
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്ന കർഷകർ സംസ്ഥാനത്ത് വ്യാപകമായുണ്ട്. റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴവർഗ കൃഷിയിലേക്കാണ് പലരും ചുവടുമാറ്റിയത്.
എന്നാൽ വലിയ കൃഷിച്ചെലവു കൂടാതെ മികച്ച വരുമാനം നേടാൻ കഴിയുന്ന പാഷൻഫ്രൂട്ട് കൃഷിയിലേക്ക് കടന്ന കർഷകർ നേടുന്നതാകട്ടെ മെച്ചപ്പെട്ട വരുമാനമാണ്. ശരാശരി വില എപ്പോഴും ലഭിക്കുമെന്നതാണ് പാഷൻ ഫ്രൂട്ടിന്റെ നേട്ടം.
ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇപ്പോൾ പാഷൻഫ്രൂട്ട് കൃഷി വ്യാപകമാകുന്നുണ്ട്. അഞ്ചുസെന്റ് മുതൽ അഞ്ചേക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്. സ്ഥലപരിമിതിയുള്ളവർ വീടുകളുടെ മട്ടുപ്പാവിൽ പന്തലിട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ കൃഷിക്കായി കുറച്ച് തുക ചെലവഴിക്കേണ്ടി വരുമെങ്കിലും പിന്നീട് ഏറെക്കാലം വരുമാനം നേടാൻ കഴിയുമെന്നതാണ് കർഷകരുടെ നേട്ടം. എഴുകുംവയൽ സ്വദേശിയായ തയ്യിൽ ജിന്റോ ജോർജ് ഒരേക്കറിൽ പാഷൻഫ്രൂട്ട് കൃഷി ചെയ്താണ് വരുമാനം നേടുന്നത്.
മറ്റു തന്നാണ്ടുവിളകൾ കൃഷി ചെയ്തെങ്കിലും പലതും നഷ്ടം വരുത്തിവച്ചപ്പോഴാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്തത്. ഇപ്പോൾ ഒരേക്കറിൽനിന്നു മികച്ച വരുമാണ് ലഭിക്കുന്നത്. മഞ്ഞയും വയലറ്റും നിറത്തിലുള്ള പാഷൻ ഫ്രൂട്ടാണ് കൃഷി ചെയ്യുന്നത്.
വയലറ്റിന് 70 മുതൽ 75 വരെയും മഞ്ഞയ്ക്ക് 45-50 എന്ന നിരക്കിലും വില ലഭിക്കും. വാഴയുൾപ്പെടെ മറ്റു പല കൃഷികളുമുണ്ടെങ്കിലും ഇപ്പോൾ ജിന്റോയ്ക്ക് പ്രധാനമായും വരുമാനം നേടിത്തരുന്നത് പാഷൻ ഫ്രൂട്ടാണ്. എല്ലാ ആഴ്ചയിലും ഇടനിലക്കാർ കൃഷിയിടത്തിലെത്തി പാഷൻഫ്രൂട്ട് വില നൽകി ശേഖരിക്കും. ഇവ കൊച്ചി ഉൾപ്പെടെയുള്ള മാളുകളിലും മറ്റുമാണ് വിൽപ്പന നടത്തുന്നത്.
ഇതിനു പുറമേ പാഷൻ ഫ്രൂട്ട് വിദേശ രാജ്യങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. മാളുകളിലെത്തുന്പോൾ പാഷൻഫ്രൂട്ടിന്റെ വില 250 മുതൽ 300 വരെയായി ഉയരും. പാഷൻഫ്രൂട്ട് ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കും വിപണിയിൽ വലിയ ഡിമാന്റുണ്ട്. ഇവ നിർമിച്ച് കയറ്റുമതി ചെയ്യുന്ന വിവിധ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.
കാന്തല്ലൂരിൽ ഉത്പാദിപ്പിക്കുന്ന പാഷൻഫ്രൂട്ടിനും വിപണിയിൽ വൻ ഡിമാന്‍ഡുണ്ട്. കിലോയ്ക്ക് 45-50 രൂപ നിരക്കിൽ വില ലഭിച്ചാൽ കൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു. വിത്തുകൾ മുളപ്പിച്ചും തണ്ടുകൾ മുളപ്പിച്ച് തൈകളാക്കിയും പാഷൻ ഫ്രൂട്ട് നടാം. മഞ്ഞ, പിങ്ക്, നീല, വയലറ്റ് നിറങ്ങളിൽ പാഷൻ ഫ്രൂട്ടുണ്ടെങ്കിലും ഇതിൽ മഞ്ഞനിറമുള്ളതാണ് മെച്ചവും ഗുണപ്രദവുമെന്ന് കർഷകർ പറയുന്നു.
ഡയബറ്റിക് രോഗികൾ പാഷൻ ഫ്രൂട്ടിന്റെ ചാറും ഇലയിട്ടു തിളപ്പിച്ച വെള്ളവും രോഗശമനത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ചെറിയ അധ്വാനത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാവുമെന്നതാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനായി കർഷകരെ പ്രേരിപ്പിക്കുന്ന ഘടകം. ഇതിനിടെ ഉത്പാദനം കൂടുന്പോൾ വില ഇടിച്ചുതാഴ്ത്താനുള്ള ശ്രമവും ഇടനിലക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായി കർഷകർ ചൂണ്ടിക്കാട്ടി.