മായിത്തറയിലെ പൊൻവെള്ളരിച്ചന്തം
സുരേഷ് കുമാർ കളർകോട്
Friday, May 9, 2025 12:18 PM IST
പോലീസ് വേഷം അഴിച്ചു വച്ചാൽ ഡി. വിനീഷ് തികഞ്ഞ കർഷകനാണ്. എരിപൊരി വെയിലത്തും മഴയത്തും മണ്ണിൽ പണിയെടുത്ത് അദ്ദേഹം നേടുന്നത് അധിക വരുമാനം മാത്രമല്ല, സന്പൂർണ സംതൃപ്തിയും.
ആലപ്പുഴ ജില്ലയിൽ ചേർത്തല മായിത്തറ പടനിലം ജംഗ്ഷന് സമീപമാണ് വിനീഷിന്റെ കൃഷിയിടം. ചേർത്തല തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പതിച്ചേരിയാണ് വീട്. വിഷു വിപണനം ലക്ഷ്യമിട്ടു തികച്ചും വ്യത്യസ്ത രീതിയിൽ കണിവെള്ളരി കൃഷിയിറക്കിയ വിനീഷിന് ഇത് വിളവെടുപ്പ് കാലം.
ഒന്നരയേക്കർ സ്ഥലത്ത് ആയിരത്തിലധികം വെള്ളരി തൈകൾ നട്ട അദ്ദേഹം, ജലസേചനത്തിന് തുള്ളിനനയാണ് സ്വീകരിച്ചിരിക്കുന്നത്. പിതാവ് പരേതനായ ദാമോദരനെ പിന്തുടർന്ന് തികച്ചും ജൈവ രീതിയിലാണ് വിനീഷിന്റെയും കൃഷി. പിതാവിന്റെ വേർപാടിനു ശേഷം വിനീഷും സഹോദരൻ വിനോദ് കുമാറും ചേർന്നാണ് കൃഷി ചെയ്യുന്നത്.

ചേർത്തല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് വിനീഷ്. ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിലും അവധി ദിവസങ്ങളിലും കൃഷിയിടത്തിൽ അദ്ദേഹം ഓടിയെത്തും. പിന്നെ മുഴുവൻ സമയവും നട്ടു നനച്ചു വളർത്തുന്ന വിളകൾക്കൊപ്പമാണ്. പിതാവിൽ നിന്നു പകർന്നു കിട്ടിയ കാർഷിക പാരന്പര്യത്തിന്റെ ശരിയായ തുടർച്ച.
കണ്ടം കിളച്ച് കട്ടകൾ ഉടച്ചു വൃത്തിയാക്കുന്നതോടെയാണ് കൃഷിയുടെ തുടക്കം. കട്ടപ്പുളിയുടെ അംശമുണ്ടെങ്കിൽ മാറാൻ കുമ്മായം വിതറും. പിന്നീട് വാരം കോരി മുക്കാൽ മീറ്റർ വീതിയിൽ തടമുണ്ടാക്കും.
തടം കോരിയ വാരത്തിൽ ആവശ്യാനുസരണം കോഴിവളം, വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എന്നിവ ചേർക്കും. പിന്നീട് തുള്ളി നനയ്ക്ക് ആവശ്യമായ പൈപ്പ് സ്ഥാപിക്കും. അതിനു മുകളിൽ മൾച്ചിംഗ് ഷീറ്റ് വിരിക്കും.
അതിനുശേഷം വെള്ളരി വിത്തുകൾ ഇടും. വിത്തുകൾ മുളക്കുന്നതോടെ ചെടികളുടെ ഇലകൾ വഴിയും ദ്രാവക രൂപത്തിൽ ചെടികളുടെ ചുവട്ടിൽ തുള്ളി നന വഴിയും വളങ്ങൾ നൽകും. ഏതാണ്ട് 60 മുതൽ 70 ദിവസം വരെ പ്രായമാകുന്പോൾ വിളവെടുപ്പ് തുടങ്ങും.
സാധാരണ ഏക്കറിന് നാല് മുതൽ അഞ്ച് ടണ്വരെ വിളവ് ലഭിക്കും. വിഷുക്കാലത്ത് വിളവെടുപ്പു നടക്കുന്നതിനാൽ വിപണനത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. വെള്ളരി കൂടാതെ ചീര, വെണ്ട, പച്ചമുളക്, വഴുതന തുടങ്ങിയവയും ശീതകാല പച്ചക്കറികളും വിനീഷ് വിപുലമായി കൃഷി ചെയ്യുന്നുണ്ട്.
കൃഷിഭവന്റെ സഹായങ്ങളും ലഭിക്കുന്നുണ്ട്. കൃഷിയിലെ മികവ് പരിഗണിച്ച് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. കാർഷിക രംഗത്ത് വിവിധ തരത്തിലുള്ള പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മക്കൾ ഏതു നിലയിലെത്തിയാലും അത്യാവശ്യം കൃഷി അറിഞ്ഞിരിക്കണമെന്നു നിർബന്ധമുള്ള വിനീഷ്, തന്റെ രണ്ടു മക്കളെയും കാർഷിക മുറകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ മക്കളായ നിളതീർഥയും ആദിദേവും ഒഴിവുസമയങ്ങളിലെല്ലാം കൃഷി സ്ഥലത്ത് കൂടെയുണ്ടാകും. ചേർത്തല കിന്റർ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഭാര്യ നിമ്മിയും ഒഴിവു സമയങ്ങളിൽ വിനീഷിനെ സഹായിക്കാൻ കൃഷിയിടത്തിൽ ഒപ്പം കൂടും.
ഫോണ്: 9497109263.