ഒടിയനിലെ മാർക്കറ്റിംഗ് "ഒടി’വിദ്യകൾ
ഒടിയനിലെ മാർക്കറ്റിംഗ്  "ഒടി’വിദ്യകൾ
Friday, July 5, 2019 12:01 PM IST
ഒടിയൻ എന്ന ചിത്രം ഇറങ്ങി അതിന്‍റെ കോലാഹലം അവസാനിച്ച് വരുന്നതേയുള്ളു. സിനിമ വൻ വിജയമാണെന്നും അല്ല പരാജയമാണെന്നുമുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഇടയിലുള്ളത്. ഇതിനിടയിലാണ് സ്റ്റീഫൻ നെടുന്പള്ളി വന്ന് ഒരലക്ക് അലക്കി പോയത്, പോയിട്ടില്ല, ഇനിയും വരുമെന്ന് കേൾക്കുന്നു.

തുടങ്ങും മുന്പേ തരംഗമാകാം

സമ്മിശ്രമായ പ്രേക്ഷകരുടെ അഭിപ്രായത്തിനിടയിൽ ഒടിയൻ വിജയമാണോ പരാജയമാണോ എന്നത് വളരെ സങ്കീർണ്ണമായ ചോദ്യമാണ്. പക്ഷേ, നമ്മുടെ വിഷയം ഇവിടെ ഇതൊന്നുമല്ല, ഒടിയന്‍റെ മാർക്കറ്റിംഗ് വിജയമായിരുന്നോ എന്നതാണ്. വിജയമായിരുന്നു എന്ന് തന്നെ ഉറപ്പിച്ച് പറയാം. ഒരു സിനിമയെ സംബന്ധിച്ച് അതിന്‍റെ ഇനീഷ്യൽ ഗ്രോസ് കളക്ഷൻ ആണ് സിനിമയെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം. ഒടിയൻ എന്ന ചിത്രത്തെ സംബന്ധിച്ച് ആദ്യ രണ്ടാഴ്ചയിൽ തന്നെ സിനിമ 54 കോടി രൂപ നേടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇനിഷ്യൽ ഗ്രോസ് കളക്ഷൻ എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഒരു സിനിമയെ സംബന്ധിച്ച പ്രധാന വെല്ലുവിളി. റിലീസ് ദിവസം മുതൽ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാക്കുകയെന്നതാണ് അതിന്‍റെ ലളിതമായ ഉത്തരം. അതിന് കൃത്യമായ മാർക്കറ്റിംഗ് പ്ലാനും സ്ട്രാറ്റജിയും ആവശ്യമാണ്. ഒടിയൻ നൂറ് ശതമാനവും അത്തരത്തിൽ മാർക്കറ്റിംഗ് പ്ലാൻ അനുസരിച്ച് അതിൽ വിജയിച്ച ഒരു സിനിമയാണെന്ന് നിസംശയം പറയാം.

ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ റിലീസ് വരെ ആ മാർക്കറ്റിംഗ് പ്ലാൻ ഉപയോഗിച്ച് ഒരു ഹൈപ്പ് ഉണ്ടാക്കാൻ ചിത്രത്തിന്‍റെ അണിയറ ശില്പികൾക്ക് സാധിച്ചു. ഒട്ടനവധി പുതിയ മാർക്കറ്റിംഗ് രീതികൾ അവർ പരീക്ഷിച്ചു. തീയറ്ററുകളിൽ ഒടിയന്‍റെ രൂപം മുതൽ വീഡിയോ മേക്കിംഗ് മത്സരങ്ങളും എന്തിന് ഒടിയൻ ബ്രാൻഡ് സിം കാർഡ് വരെ എയർടെൽ വഴി വിപണിയിൽ ഇറക്കി. ആദ്യ ദിനം മുതൽ സിനിമ കാണുവാൻ പ്രേക്ഷകരെ പല തര മാർക്കറ്റിംഗ് രീതികളിലൂടെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കുറ്റം പറയാൻ പോലും ആളുകൾ സിനിമ കണ്ടു.

വിമർശകരുടെ വായടപ്പിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞതിതാണ്, ""സിനിമ ഒരു ഉത്പന്നമാണ്്. ഒരു ഉത്പന്നം ഉണ്ടാക്കിയിട്ട് അത് മാർക്കറ്റ് ചെയ്യാൻ പാടില്ല എന്ന് പറയരുത്''.

സംരംഭ ലോകത്തും ഇതു തന്നെ പ്രയോഗിക്കണം

നമ്മുടെ ബിസിനസ്സും ഇങ്ങനെയൊക്കെ തന്നെയല്ലേ. ഒരു ഉത്പന്നം അല്ലെങ്കിൽ സർവീസ് ഉണ്ടാക്കിയിട്ട് അത് മാർക്കറ്റിംഗ് ചെയ്യാൻ പാടില്ല എന്ന് പറയാൻ പാടുണ്ടോ? മാർക്കറ്റിംഗ് ചെയ്യാതിരിക്കേണ്ടതുണ്ടോ? ഇല്ല.

കഴിയാവുന്ന എല്ലാ രീതികളിലും അത് മാർക്കറ്റ് ചെയ്യാൻ സാധിക്കണം. അങ്ങനെ ചെയ്യുകയും വേണം. ഒപ്പം പ്രേക്ഷക പ്രീതിയും അതായത് ഉപഭോക്താവിന്‍റെ പ്രീതിയും പിടിച്ച് പറ്റണം. മാർക്കറ്റിംഗിന് പലപ്പോഴും പല ബിസിനസ് സംരംഭകരും ഇപ്പോഴും പിന്നിലാണ്. പ്രത്യേകിച്ച് ചെറുകിട സംരംഭകർ. അവരോട് മാർക്കറ്റിംഗ് സ്ട്രാറ്റജി എന്താണെന്ന് ചോദിച്ചാൽ അപ്പോ ഒടിയൻ സിനിമയിലെ ന്ധകുറച്ച് കഞ്ഞി എടുക്കട്ടേ?’എന്ന ഡയലോഗു പോലെ മറു ചോദ്യങ്ങൾ ഒരുപാടുണ്ടാകും.


സംരംഭ ലോകത്ത് കുറച്ചു കൂടി ശ്രദ്ധിക്കപ്പെടാൻ, വിപണി നേടാൻ എന്തു ചെയ്യണം എന്ന പലരുടെയും ചോദ്യത്തിനുള്ള ഉത്തരം കൃത്യമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ്.

പരിധികളുണ്ടോ?

മാർക്കറ്റിംഗിന് അതിർ വരന്പുകളില്ല, ഏത് രീതിയും പരീക്ഷിക്കാം. നമ്മുടെ ബിസിനസിനെ സാധൂകരിക്കുന്ന, വിശ്വാസ്യത നഷ്ടപ്പെടുത്താത്ത രീതിയിൽ ആകണമെന്ന് മാത്രം. അതെങ്ങനെ സാധിക്കും എന്ന് ചോദിച്ചാൽ, കൃത്യമായ സ്ട്രാറ്റജി എഴുതിത്തയ്യാറാക്കണം എന്നത് തന്നെ.
ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും തുടങ്ങി സമഗ്രമായി നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യാവുന്ന തരത്തിൽ ബിസിനസിന്‍റെ സ്വഭാവും അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുക്കേണ്ടതായി വരും.

ബ്രാൻഡിംഗ് എന്ന സങ്കൽപം ഇപ്പോഴും ചെറുകിട ബിസിനസ് സംരംഭകർക്ക് അന്യമാണ്. ബ്രാൻഡിംഗും അതിന്‍റെ മാർക്കറ്റിംഗും പരസ്യ പ്രചാരണവും സംരംഭ വിജയത്തിന് കൃത്യമായ അളവിൽ ചേർക്കേണ്ട ചേരുവകൾ തന്നെയാണ്. പണം ഏറെ ചെലവില്ലാത്ത ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളും ഇനിയുള്ള കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. അത്തരം മേഖലകളിൽ തീർച്ചയായും ചുവടുറപ്പിക്കേണ്ടതുണ്ട്.

ചിന്തയൊന്നു മാറ്റണോ?

മാർക്കറ്റിംഗിനെ സംബന്ധിച്ച് നമ്മുടെ ചിന്താഗതികൾ മാറേണ്ടതുണ്ട്. ഗുജറാത്ത് മോഡൽ വികസനം വരേണ്ടത് ഇവിടെയൊക്കെയാണ്. നൂറ് രൂപ മുടക്കി ആയിരം രൂപ പിടിച്ചിരുന്നിടത്ത്, അതേ ലക്ഷ്യത്തിലേക്ക് ഉയർത്തുവാനുള്ള ഡിജിറ്റൽ സാങ്കേതിവിദ്യകളിലൂടെയുള്ള വോളിയം ബേസ്ഡ് ബിസിനസ് പ്ലാനുകൾ നമ്മൾ സ്വീകരിക്കാൻ തയ്യാറാകണം.

നമുക്ക് ഒടിവയ്ക്കേണ്ടത് നമ്മുടെ ന്യൂനതകളിലാണ്. അല്ലാതെ സ്വന്തമായുള്ള പോസിറ്റീവ് കാര്യങ്ങളിലല്ല. ചിന്തിക്കുക, ഇല്ലെങ്കിൽ കുറച്ച് കഴിഞ്ഞ് നമുക്ക് നമ്മളോടുതന്നെ ചോദിക്കേണ്ടി വരും, കുറച്ച് കഞ്ഞി എടുക്കട്ടേന്ന്!!

സുജിത്ത് കർത്ത
ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്
സ്കൂൾ ഓഫ് ഇന്‍റർനെറ്റ്, പാലാരിവട്ടം