ക്രിസ്മസ് രുചി
തൂമഞ്ഞിന്‍ തണുപ്പു പൊഴിയുന്ന ഡിസംബര്‍ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുല്‍ക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേര്‍ന്നു സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നവയാണ് ക്രിസ്മസ് രാവുകള്‍.

ക്രിസ്മസ് ദിനത്തില്‍ മസാല വറുക്കുന്നതിന്റെയും മസാലയില്‍ ഇറച്ചിവിഭവങ്ങള്‍ വെന്തുപാകമാകുന്നതിന്റെയും സുഗന്ധത്തില്‍ വീടകത്തളങ്ങള്‍ നിറയും. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രുചിവിഭവങ്ങള്‍ അടുക്കളയില്‍ തയാറായിക്കൊണ്ടിരിക്കും. ചിലപ്പോഴെങ്കിലും ക്രിസ്മസ് ഓര്‍മിക്കപ്പെടുന്നത് ആ വര്‍ഷം കഴിച്ച സവിശേഷമായ രുചിയുടെ പേരിലാകും.

മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ അടുക്കളയിലെ രുചിപ്പെരുമയാണ് ഇത്തവണ സ്ത്രീധനം മാസിക അവതരിപ്പിക്കുന്നത്.

അപ്പം

ചേരുവകള്‍
1. പച്ചരി - അരക്കിലോ
2. തേങ്ങ (ചിരകിയത്) -ഒരെണ്ണം
3. കപ്പി കാച്ചിയത് - അരക്കപ്പ്
4. യീസ്റ്റ് -ആവശ്യത്തിന്
തേങ്ങാവെള്ളം -കാല്‍ കപ്പ്
പഞ്ചസാര -മൂന്ന് ചെറിയ സ്പൂണ്‍
വെള്ളം -പാകത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി വൃത്തിയാക്കി നാലു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം തേങ്ങ ചിരവിയത് ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ഇതില്‍നിന്ന് അരക്കപ്പ് മാവ് എടുത്ത് കുറുക്കി ചൂടാറിയശേഷം അരച്ചുവച്ച അരിമാവില്‍ ചേര്‍ത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കണം. ഇതിലേക്ക് നാലാമത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ മാവ് തയാറാക്കി പൊങ്ങാന്‍ വയ്ക്കുക. മാവ് പൊങ്ങിവന്നതിനുശേഷം അപ്പച്ചിയില്‍ ഓരോ തവി മാവ് വീതം ഒഴിച്ച് ചുറ്റിച്ച് അപ്പം ചുെട്ടടുക്കാം.

മട്ടണ്‍ സ്റ്റൂ

ചേരുവകള്‍
1.ആട്ടിറച്ചി - 500 ഗ്രാം
2.വെളിച്ചെണ്ണ -മൂന്ന് വലിയ സ്പൂണ്‍
3. കുരുമുളക് (മുഴുവനോടെ) -അര ടീസ്പൂണ്‍
ഗ്രാമ്പു -നാല് എണ്ണം
ഏലക്കായ -നാല് എണ്ണം
പട്ട -രണ്ട് ചെറിയ കഷണം
4. ഇഞ്ചി (ചതച്ചത്) -ഒരു ചെറിയ കഷണം
പച്ചമുളക് (രണ്ടായി കീറിയത്) -അഞ്ച് എണ്ണം
കറിവേപ്പില - രണ്ടു തണ്ട്
5. സവാള (നീളത്തില്‍ അരിഞ്ഞത്) - മൂന്ന് എണ്ണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - നാല് അല്ലി
6. ഉരുളക്കിഴങ്ങ് -250 ഗ്രാം
കാരറ്റ് -150 ഗ്രാം
7. തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) -ഒരു കപ്പ്
രണ്ടാം പാല്‍ -രണ്ടു കപ്പ്
8. മൈദപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
9. പഞ്ചസാര -ഒരു ടീസ്പൂണ്‍
10. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
11. കിസ്മിസ്, അണ്ടിപ്പരിപ്പ് - അലങ്കരിക്കാന്‍ ആവശ്യത്തിന്
12. ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

തയാറാക്കുന്നവിധം
കഴുകി വൃത്തിയാക്കിയ ആട്ടിറച്ചി ചെറു കഷണങ്ങളാക്കി മുറിച്ച് നാലാമത്തെ ചേരുവകളുടെ കൂടെ ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് ഒരു പ്രഷര്‍ കുക്കറില്‍ അടുപ്പില്‍വച്ച് നാലു വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത്, ഒന്നു പൊട്ടിവരുമ്പോള്‍ കറിവേപ്പില ഇടണം. അതിനുശേഷം ഇതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റുക. ഇത് ചെറുതായി വഴന്നു വരുമ്പോള്‍ ഉപ്പിട്ട് പുഴുങ്ങിയ കാരറ്റും ഉരുളക്കിഴങ്ങും കഷണങ്ങളാക്കിയത് ഇട്ട് ഇളക്കണം. തുടര്‍ന്ന് രണ്ടാം പാല്‍ ഒഴിക്കുക. തിളച്ചുവരുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മൈദാമാവ് കുറച്ച് വെള്ളത്തില്‍ കലക്കി ഒഴിക്കണം. ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നാം പാല്‍ ഒഴിക്കുക. ഇത് തിളച്ചുവരുന്നതിനു മുമ്പ് അടുപ്പില്‍നിന്ന് ഇറക്കി കുരുമുളകുപൊടി, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വിതറണം. ഇത് അപ്പത്തിനൊപ്പം ചൂടോടെ വിളമ്പാം.

ബീഫ് തേങ്ങാക്കൊത്ത് ഇട്ട് വരിയത്

ചേരുവകള്‍
1. ബീഫ് (കഷണങ്ങളാക്കിയത്) - ഒരു കിലോഗ്രാം
2. വെളിച്ചെണ്ണ -മൂന്നു ടീസ്പൂണ്‍
3. സവാള (അരിഞ്ഞത്) -മൂന്ന് എണ്ണം
വെളുത്തുള്ളി (ചതച്ചത്) -ഒരു കുടം
ഇഞ്ചി (ചതച്ചത്) -ഒരു വലിയ കഷണം
പച്ചമുളക്(നെടുകെ കീറിയത്) -ആറ് എണ്ണം
കറിവേപ്പില - മൂന്നു തണ്ട്
4. മല്ലിപ്പൊടി - മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി - മൂന്ന് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
പെരുംജീരകപ്പൊടി - അര ടീസ്പൂണ്‍
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
ഗ്രാമ്പു -നാല് എണ്ണം
കറുവാപ്പ - രണ്ട് ചെറിയ കഷണം
5. തേങ്ങാക്കൊത്ത് - അര മുറി
6. തക്കാളി(അരിഞ്ഞത്) -ഒരു കപ്പ്
7. ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

തയാറാക്കുന്നവിധം
പ്രഷര്‍കുക്കറില്‍ ബീഫ് കുറച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് ആറ്, ഏഴ് വിസില്‍ വരുംവരെ വേവിക്കുക. ഒരു ഫ്രൈ പാന്‍ അടുപ്പത്തുവച്ച് ചൂടാക്കിയശേഷം വെളിച്ചെണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. വഴന്നുവരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ കൂടി ചേര്‍ത്ത് ഒന്നുകൂടി നന്നായി വഴറ്റുക. ഇതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് ഇളക്കി ഒന്നു വാടി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. എല്ലാ ചേരുവകളും നന്നായി വഴന്നുവരുമ്പോള്‍ ബീഫ് ചേര്‍ത്ത് ചെറുതീയില്‍ വരിയെടുക്കുക.

താറാവ് മപ്പാസ്

ചേരുവകള്‍
1. താറാവ് ഇറച്ചി (കഷണങ്ങളാക്കിയത്) - 500 ഗ്രാം
2. വെളിച്ചെണ്ണ -നാല് ടേബിള്‍സ്പൂണ്‍
3. സവാള (അരിഞ്ഞത്) -മൂന്ന് എണ്ണം
ഇഞ്ചി (ചതച്ചത്)- ഒരു ചെറിയ കഷണം
പച്ചമുളക് (നീളത്തില്‍ കീറിയത്) - നാല് എണ്ണം
വെളുത്തുള്ളി (ചതച്ചത്) -അഞ്ച് അല്ലി
കറിവേപ്പില - രണ്ടു തണ്ട്
4. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി - ഒന്നര ടീസ്പൂണ്‍
മസാലപ്പൊടി - ഒരു ടീസ്പൂണ്‍
5. തേങ്ങാപ്പാല്‍ - ഒന്നാം പാല്‍ ഒരു കപ്പ്
രണ്ടാംപാല്‍ - അരക്കപ്പ്
മൂന്നാം പാല്‍ - കാല്‍ കപ്പ്
6. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് മൂന്നാമത്തെ ചേരുവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് നാലാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ താറാവ് ഇറച്ചി ഇട്ട് വഴറ്റുക. മൂന്നാം പാല്‍ ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കണം. ഇറച്ചി വെന്തുകഴിഞ്ഞാല്‍ രണ്ടാംപാല്‍ ചേര്‍ക്കുക. തിളച്ചു കഴിഞ്ഞാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി ഇറക്കിവച്ച് ചൂടോടെ വിളമ്പാം.


പോര്‍ക്ക് ഫ്രൈ

ചേരുവകള്‍
1. പോര്‍ക്ക്(കഷണങ്ങളാക്കിയത്) - 500 ഗ്രാം
2. സവാള (അരിഞ്ഞത്) - മൂന്ന് എണ്ണം
ഇഞ്ചി(അരിഞ്ഞത്) - ഒരു ചെറിയ കഷണം
വെളുത്തുള്ളി(ചതച്ചത്) - 10 അല്ലി
പച്ചമുളക് (നീളത്തില്‍ കീറിയത്) -അഞ്ച് എണ്ണം
കറിവേപ്പില - രണ്ടു തണ്ട്
3. കറുവപ്പ, ഏലക്കാ, ഗ്രാമ്പു - ഒരു ചെറിയ സ്പൂണ്‍ പൊടിച്ചത്
4. മുളകുപൊടി -മൂന്നു ടീസ്പൂണ്‍
മല്ലിപ്പൊടി - മൂന്നു ടേബള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
5. എണ്ണ -ആവശ്യത്തിന്
6. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്നവിധം
നന്നായി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ ഇറച്ചിയില്‍ നാലാമത്തെ ചേരുവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അല്പം വെള്ളം ഒഴിച്ച് വേവിക്കുക. ഒരു ചട്ടി അടുപ്പത്തുവച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കണം. അതിലേക്ക് രണ്ടാമത്തെ ചേരുവ ഇട്ട് വഴറ്റുക. വഴന്നു വരുമ്പോള്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കണം. ശേഷം മുമ്പ് വേവിച്ചുവച്ചിരിക്കുന്ന ഇറച്ചിമസാല ഇതിലേക്ക് ഇട്ട് ഇളക്കി യോജിപ്പിച്ച് ഡ്രൈയാക്കി എടുത്ത് ഉപയോഗിക്കാം.മീന്‍ കുടംപുളി ഇട്ട് വറ്റിച്ചത്

1. കേര മീന്‍ (കഷണങ്ങളാക്കിയത്) - 500 ഗ്രാം
2. വെളിച്ചെണ്ണ - ആവശ്യത്തിന്
3. ഉള്ളി(അരിഞ്ഞത്) - 50 ഗ്രാം
ഇഞ്ചി (ചതച്ചത്) - ഒരു ചെറിയ കഷണം
വെളുത്തുള്ളി (ചതച്ചത്) - അഞ്ച് അല്ലി
4. കറിവേപ്പില - രണ്ടു തണ്ട്
കടുക് - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
5. മുളകുപൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഉലുവാപ്പൊടി - അര ടീസ്പൂണ്‍
6. കുടംപുളി - ആവശ്യത്തിന്
7. ഉപ്പ് - പാകത്തിന്
വെള്ളം - പാകത്തിന്

തയാറാക്കുന്നവിധം
കുടംപുളി കുറച്ചുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി, അതിലേക്ക് നാലാമത്തെ ചേരുവ ഇടണം. തുടര്‍ന്ന് മൂന്നാമത്തെ ചേരുവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ കുറച്ചു വെള്ളത്തില്‍ കുഴച്ചെടുത്തത് ചേര്‍ത്ത് ഇളക്കണം. അരപ്പ് ഒരുവിധം വഴന്നു വരുമ്പോള്‍ അതിലേക്ക് മീന്‍ കഷണങ്ങളും പുളി ഇട്ടുവച്ചിരിക്കുന്ന വെള്ളവും ആ പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചുവച്ച് വേവിക്കുക. മീന്‍ കഷണങ്ങളെല്ലാം വെന്തു ചാറ് കുറുകിവരുമ്പോള്‍ അടുപ്പത്തുനിന്നു ഇറക്കിവച്ച് വിളമ്പാം.

ചോക്ലേറ്റ് ബനാന പുഡ്ഡിംഗ്

ചേരുവകള്‍
1. പാല്‍ - അര ലിറ്റര്‍
2. പഞ്ചസാര - ഒരു കപ്പ്
3. കസ്റ്റാര്‍ഡ് പൗഡര്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
4. ഡാര്‍ക്ക് ചോക്കലേറ്റ് - ഒരു ചെറിയ കഷണം
5. മില്‍ക്ക് ചോക്കലേറ്റ് - ഒരു ചെറിയ കഷണം
6. ചെറി ചെറുതായി നുറുക്കിയത് - മൂന്ന് ടേബിള്‍സ്പൂണ്‍
7. ഡ്രൈ ഫ്രൂട്‌സ് ചെറുതായി നുറുക്കിയത് -ഒരു കപ്പ്

തയാറാക്കുന്നവിധം
ആദ്യം പാലില്‍ പഞ്ചസാര ചേര്‍ത്തശേഷം അതില്‍നിന്ന് രണ്ടു ടേബള്‍ സ്പൂണ്‍ പാല്‍ മാറ്റിവയ്ക്കുക. ബാക്കി പാല്‍ ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ അടുപ്പില്‍ വച്ച് നന്നായി തിളപ്പിക്കണം. മാറ്റിവച്ചിരിക്കുന്ന പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ഇട്ട് നന്നായി ഇളക്കി കട്ടിയില്ലാത്ത പരുവത്തില്‍ എടുക്കുക. ഇത് തിളച്ചുകിടക്കുന്ന പാലിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കണം. അതു നന്നായി തണുത്തശേഷം ഡ്രൈ ഫ്രൂട്‌സ് നുറുക്കിയത് മുകളില്‍ വിതറുക. അതിനു മുകളില്‍ ഡാര്‍ക്ക് ചോക്ലേറ്റും മില്‍ക്ക് ചോക്ലേറ്റും ഉരുക്കിയൊഴിക്കണം. അതിനു മുകളില്‍ ചെറി നുറുക്കിയത് വിതറുക. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് കഴിക്കാം.

കോഴി വറുത്തരച്ചത്

ചേരുവകള്‍
1. കോഴിയിറച്ചി (കഷണങ്ങളാക്കിയത്) -ഒരു കിലോ
2. തേങ്ങ (ചിരവിയത്) -ഒരെണ്ണം
3. സവാള (അരിഞ്ഞത്) -അഞ്ച് എണ്ണം
പച്ചമുളക് (നീളത്തില്‍ കീറിയത്) -നാല് എണ്ണം
തക്കാളി(അരിഞ്ഞത്) - രണ്ട് എണ്ണം
4. ഇഞ്ചി(അരിഞ്ഞത്) - മൂന്ന് ചെറിയ കഷണം
വെളുത്തുള്ളി - ഒരു ചെറിയ കുടം (ചതച്ചത്)
ചെറിയ ഉള്ളി(അരിഞ്ഞത്) - 250 ഗ്രാം
5. കറിവേപ്പില - രണ്ടു തണ്ട്
6. വെളിച്ചെണ്ണ - ആവശ്യത്തിന്
7. മുളകുപൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
8. ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

തയാറാക്കുന്നവിധം
ചിരവിയ തേങ്ങ നന്നായി വറുത്തെടുക്കുക. ഇതിലേക്ക് ഏഴാമത്തെ ചേരുവ എല്ലാംകൂടി ചേര്‍ത്ത് നന്നായി മൂപ്പിച്ച് ഇറക്കിവച്ച് ഒരു പാത്രത്തില്‍ എടുത്തുവയ്ക്കണം. ഇത് ചൂടാറുമ്പോള്‍ അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ആദ്യം കറിവേപ്പില ഇടണം. തുടര്‍ന്ന് നാലാമത്തെ ചേരുവ ഇതിലേക്ക് ഇട്ട് വഴറ്റുക. വഴന്നു പാകമായി വരുമ്പോള്‍ ഇതിലേക്ക് കഴുകി വൃത്തിയാക്കിവച്ചിരിക്കുന്ന ഇറച്ചി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി അടച്ചുവച്ച് വേവിക്കണം. നന്നായി തിളച്ചുകഴിയുമ്പോള്‍ ഇതിലേക്ക് മൂന്നാമത്തെ ചേരുവകളും ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് പത്തു മിനിട്ട് വേവിക്കുക. അതിനുശേഷം അതിലേക്ക് അരച്ചുവച്ചിരിക്കുന്ന അരപ്പും ആവശ്യമെങ്കില്‍ ചൂടുവെള്ളവും ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കണം. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മുകളില്‍ കറിവേപ്പില തൂകി പാത്രം ഇറക്കിവച്ച് ഉപയോഗിക്കാം.

ബേബി പോള്‍
മഞ്ഞുമ്മല്‍