ലൈംഗിക വിരക്തി വിവാഹമോചനത്തിലേക്ക് എത്താതിരിക്കട്ടെ
ലൈംഗിക വിരക്തി വിവാഹമോചനത്തിലേക്ക് എത്താതിരിക്കട്ടെ
Wednesday, June 24, 2020 4:05 PM IST
ആധുനികയുഗത്തില്‍ വിവാഹമോചനം സര്‍വസാധാരണമായിത്തീര്‍ന്നിരിക്കുന്നു. ലൈംഗിക വിരക്തിയും വ്യത്യസ്തമായ ലൈംഗികാഭിരുചിയുമായിരിക്കും പലപ്പോഴും വില്ലനാകുക. എന്നാല്‍ ഇത് കണ്ടെത്തി പരിഹരിക്കാനാവുമെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. നല്ലൊരു തെറാപ്പിസ്റ്റിനെ സമീപിച്ചാല്‍ ഇതിന് പരിഹാരം കാണാനാവും.

കാരണങ്ങള്‍

നിങ്ങള്‍ വളര്‍ന്ന സാഹചര്യം, മുമ്പ് ജീവിതത്തിലുണ്ടായ ലൈംഗിക ചൂഷണം, തെറ്റായ അനുഭവം/ഓര്‍മ ഇവയെല്ലാം കാരണമായേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള സ്വരച്ചേര്‍ച്ചക്കുറവ് (മാനസികമായ അകലം), പൊരുത്തക്കേടുകള്‍ എന്നിവയും ഈ വിരക്തികൊണ്ടുവരാം. എന്നാല്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളാവാം മറ്റൊരു വില്ലനാകുന്നത്. ഇത്തരത്തില്‍ പ്രശ്‌നമുള്ളവര്‍ അക്കാര്യം അംഗീകരിച്ച് കുടുംബ ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ് എന്നിവരില്‍ ആരോടെങ്കിലും കാര്യങ്ങള്‍ തുറന്നു പറയണം. വിവാഹമോചനത്തില്‍ എത്താതെ തന്നെ ഹോര്‍മോണ്‍ തകരാറുകള്‍ കണ്ടെത്തി പരിഹാരം കാണാന്‍ സാധിക്കും.

ശാരീരിക ബന്ധമെന്നത് ഒരു വിവാഹത്തിലെ എല്ലാമല്ല. എന്നാല്‍ മിക്ക ആളുകള്‍ക്കും ആരോഗ്യകരമായ ലൈംഗികബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തിനുതന്നെ ഉലച്ചില്‍ സംഭവിക്കാം.

1. പങ്കാളികള്‍ തമ്മില്‍ ശാരീരിക ബന്ധമില്ലാത്ത വിവാഹം

ഒരു വര്‍ഷം പത്ത് തവണയില്‍ താഴെ മാത്രം ബന്ധപ്പെടുന്നുവെങ്കില്‍ അവിടെ ശരിയായ ലൈംഗിക അടുപ്പം കുറയാനാണ് സാധ്യത. അവിടെ വൈകാരികവും മാനസികവുമായ അകലം കാണും. ശാരീരിക ബന്ധം പാടെ ഉപേക്ഷിക്കുന്നതോടൊപ്പം അതിനെക്കുറിച്ചുള്ള സംസാരംപോലും ഒഴിവാക്കപ്പെടുന്നു. ഫലമോ ഏകാന്തതയും നിരാശയും മാത്രം. അങ്ങോുമിങ്ങോും പഴിചാരാതെ നല്ലൊരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്ന് ഓര്‍ക്കുക.

2. പങ്കാളിയില്‍ ഒരാള്‍ക്ക് ഈ ആഗ്രഹമില്ല

തന്റെ പങ്കാളി തന്നെ ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവുതന്നെ മറ്റെയാളെ പ്രചോദിപ്പിക്കാം. ഇത് കൂടുതലും സ്ത്രീകള്‍ക്കാണ് വേണ്ടത്. തന്റെ പങ്കാളി തന്നെയും തന്റെ ശരീരത്തെയും സ്‌നേഹിക്കുന്നുവെന്ന് ഉറപ്പുലഭിച്ചാല്‍ അത് അവരുടെ ലൈംഗികജീവിതത്തെ തന്നെ മാറ്റിമറിക്കും. 'നിന്റെ വണ്ണം കണ്ടോ, വയറുകണ്ടോ ' എന്നിങ്ങനെയുള്ള നിഷേധാകമായ കമന്റുകള്‍ ഒഴിവാക്കണം. രണ്ടു പേര്‍ക്കും വൈകാരികമായി അടുക്കാനുള്ള സമയമായി ഇതിനെ കണക്കാക്കണം.

സ്‌നേഹവും പരിഗണനയും നല്‍കുന്ന ഒരു പങ്കാളിക്ക് ലൈംഗിക വിരക്തി വരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ശാരീരിക രോഗങ്ങളോ ഹോര്‍മോണ്‍ വ്യത്യാസങ്ങളോ ഇതിനു കാരണമായാല്‍ ചികിത്സിക്കാനും മടിക്കരുത്. നിങ്ങളുടെ ആഗ്രഹങ്ങളെക്കാള്‍ പങ്കാളിയുടെ പ്രതീക്ഷയ്ക്ക് വില നല്‍കണം.

3. വിവാഹേതര ബന്ധങ്ങള്‍ക്കു ശേഷം

ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ജീവിതത്തില്‍ വിരക്തി സ്വാഭാവികമാണ്. അവിശ്വസ്തമായി പെരുമാറിയ പങ്കാളിക്ക് വളരെ സമയമെടുക്കാം ഈ ബന്ധം ഊഷ്മളമാക്കുവാന്‍. എന്നാല്‍ തന്റെ ഭാര്യ/ഭര്‍ത്താവ് എന്തുകൊണ്ട് വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെുപോയിയെന്ന് മറ്റെയാള്‍ ചിന്തിക്കുന്നതും നല്ലതാണ്.

നിങ്ങള്‍ പശ്ചാത്തപിച്ചു തിരിച്ചുവന്നാല്‍ പിന്നെ വിശ്വസ്തരായിരിക്കണം. പുതിയൊരു ലൈംഗിക ഉടമ്പടിതന്നെ പങ്കാളിക്കു നല്‍കാം. നിങ്ങളുടെ അഭിസംബോധന ചെയ്യപ്പെടാത്ത ആഗ്രഹങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കണം. ഒരിക്കലും പഴയ കാമുകന്‍/കാമുകിയുമായി ഫോണില്‍ ബന്ധപ്പെടരുത്. നിങ്ങളുടെ പങ്കാളിയുമായി ഒരു വൈകാരിക അടുപ്പം പുനസ്ഥാപിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കണം.

4. ശാരീരിക ആകര്‍ഷണീയതയില്ലായ്മ

ശാരീരിക ശുചിത്വം, ശാരീരിക ആകര്‍ഷണീയത എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ശുചിത്വം അതി പ്രധാനം തന്നെ. പ്രസവശേഷം സ്ത്രീകളുടെ ശരീരം വണ്ണം വയ്ക്കുകയോ പഴയപോലെ ലൈംഗികബന്ധത്തില്‍ താല്‍പര്യമില്ലാതിരിക്കുകയോ ചെയ്യാം. ഇതിന് അവരെ കളിയാക്കേണ്ടതില്ല. എന്നാല്‍ സ്ത്രീകള്‍ ജിമ്മിലും ബ്യൂട്ടിപാര്‍ലറിലും പോകുന്നത് വേണ്ടെന്ന് വയ്ക്കരുത്. ഭര്‍ത്താവ് വീട്ടില്‍ വരുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച് പ്രസന്നവദനയായി കാണപ്പെടുന്ന സ്ത്രീ തികച്ചും ആകര്‍ഷണീയ തന്നെയാണ്.

എപ്പോഴും വീട്ടുജോലിയില്‍ വ്യാപൃതയാകാതെ കുറച്ചു സമയം പങ്കാളിയോട് ഉള്ളുതുറന്ന് സംസാരിക്കാനോ ഒരുമിച്ച് നടക്കാന്‍ പോകാനോ ശ്രമിക്കണം. രാത്രി കിടക്കുന്നതിനു മുമ്പ് കുളിച്ച് വസ്ത്രം മാറി മുഖത്തു പൗഡറൊക്കെയിട്ട് ചെറു പുഞ്ചിരിയോടെ വേണം കിടപ്പറയിലെത്താന്‍. ജോലി, കുടുംബം, കുട്ടികള്‍, മാനസിക സമ്മര്‍ദ്ദം ഇവയൊക്കെ നിങ്ങളുടെ ലൈംഗിക താല്‍പര്യത്തെ കെടുത്തിക്കളയാം. എന്നാല്‍ പങ്കാളി നിങ്ങളില്‍ ഒട്ടും ആകൃഷ്ടന്‍/ആകൃഷ്ട അല്ല എന്നത് വളരെ സൂക്ഷിക്കേണ്ട് ഒരുവസ്ഥയാണ്.

5. ശാരീരിക പ്രശ്‌നങ്ങളെ തിരിച്ചറിയാം

ഉദ്ധാരണശേഷി കുറയുക, ശീഘ്രസ്ഖലനം, ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിവ നേരത്തെ കണ്ടറിഞ്ഞ് ചികിത്സിക്കണം. പങ്കാളിയുടെ ശരീരത്തെ അറിയുക. ആദ്യമായി നല്ലൊരു ആരോഗ്യചെക്കപ്പ് നടത്തണം. പങ്കാളിയുമായി മാനസിക അടുപ്പം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അങ്ങോട്ടുമിങ്ങോും പഴിചാരാതെ പരസ്പരം ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാനായി സഹായിക്കാം. പങ്കാളിയില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.

6. പങ്കാളിയുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയാതിരിക്കരുത്

പങ്കാളിയുമായി മനസു തുറന്ന് സംസാരിക്കണം. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നിങ്ങളുടെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുന്നതോടൊപ്പം പങ്കാളിയുടെ ആവശ്യങ്ങളും മനസിലാക്കണം. ശാരീരിക ബന്ധത്തെക്കുറിച്ചുള്ള ഭയം, നിങ്ങളുടെ അറിവുകള്‍ എന്നിവ പങ്കാളിയെ ബോധ്യപ്പെടുത്തണം.

7. ആഗ്രഹത്തിലുള്ള വ്യത്യാസം

പങ്കാളിയില്‍ ഒരാള്‍ക്ക് കൂടുതല്‍ ആഗ്രഹവും മറ്റെയാള്‍ക്ക് വളരെ മിതമായ ആഗ്രഹവുമാണെങ്കില്‍ അവിടെ പ്രശ്‌നമുണ്ടാകും. ആസക്തി കുറഞ്ഞ പങ്കാളിയായിരിക്കും അവരുടെ ലൈംഗിക ജീവിതത്തെ നിയന്ത്രിച്ചു നടത്തുന്നത്. ഇത് മറ്റേയാള്‍ക്ക് ദേഷ്യമോ ഈര്‍ഷ്യയോ ഉണ്ടാക്കാം. ഇങ്ങനെയാണ് പലപ്പോഴും വിവാഹേതര ബന്ധവും വിവാഹമോചനവും സംഭവിക്കുന്നത്. ഈ ആഗ്രഹക്കുറവിനെ ചികിത്സിക്കാനാവും എന്ന തിരിച്ചറിവ് ഇതൊക്കെ പരിഹരിക്കും.

നിങ്ങളുടെ പങ്കാളിയെ പ്രചോദിപ്പിക്കുന്നത് എന്താണ്, രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങള്‍ ഇവയില്‍ ശ്രദ്ധിക്കണം. പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനും തയാറാവണം. ലൈംഗികത എന്നത് ഒരു ഊര്‍ജ്ജമാണ്. ഇത് വെറും ശാരീരികാസ്വാദനം മാത്രമല്ല, പങ്കാളിയുമായി മാനസികമായി സംവദിക്കുന്നതിനും പിരിമുറുക്കം അകറ്റുവാനും സുരക്ഷിതത്വബോധം പങ്കാളിയില്‍ വളര്‍ത്തുവാനുമുള്ള ഒരു മാര്‍ഗം കൂടിയാണ്. സ്‌നേഹം കൊടുക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ലൈംഗികവിരക്തിയെ സ്‌നേഹമില്ലായ്മയായി കണ്ട് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഓടി അകലാതിരിക്കുക. പലപ്പോഴും ലൈംഗിക ജീവിതം വിരസമായി 'ബോറടിക്കുന്നു' എന്ന തലത്തിലേക്കു താഴാം. എന്നാല്‍ അതിനെ തിരിച്ചുപിടിക്കാനായി പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും വില നല്‍കാം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീയെ സമീപിക്കാതിരിക്കുക.

ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ശാരീരിക ബന്ധത്തിനും ഒരു സമയം നല്‍കി, ഈ ആഗ്രഹം സ്വിച്ചിപ്പോലെ വരണമെന്ന് പ്രതീക്ഷിക്കരുത്.

നിങ്ങളുടെ പങ്കാളിയെ മാനസികമായും ശാരീരികമായും ഉണര്‍ത്തുവാന്‍ ആദ്യം അരമണിക്കൂറെങ്കിലും ശ്രമിക്കണം. ഇത് തിരിച്ചെന്തുകിുമെന്ന് പ്രതീക്ഷിക്കാതെ സ്‌നേഹത്തിലാവട്ടെ. ഒന്നു കെട്ടിപ്പിടിക്കുവാനോ ചുംബിക്കുവാനോ ഒരുമിച്ച് ഡാന്‍സ് കളിക്കാനോ (പ്രായം ബാധകമല്ല) ഒരുമിച്ച് ടിവി കാണാനോ ഒരുമിച്ചിരുന്ന് നല്ലൊരു നോവല്‍ വായിക്കാനോ ഒരുമിച്ച് കുളിക്കുവാനോ ശ്രമിക്കുക. നിങ്ങള്‍ക്കും പങ്കാളിക്കും ഇഷ്ടമുള്ളതെന്തും ഈ അരമണിക്കൂറില്‍ ചെയ്യാം. എന്നാല്‍ ലൈംഗികബന്ധമല്ല ഇവിടെ ഇപ്പോള്‍ ലക്ഷ്യം എന്നോര്‍ക്കുക. ഇങ്ങനെ പങ്കാളിയെ നല്ലൊരു മൂഡിലേക്കു കൊണ്ടുവന്നാല്‍ പിന്നെ വിരക്തിക്കു പ്രസക്തിയില്ല. ഇടയ്ക്കു പങ്കാളിയുമായി യാത്രപോകാം. വീടല്ലാത്ത മറ്റെവിടെയങ്കിലും താമസിക്കാം. വിരക്തി തന്നെ മാറി പുതിയൊരു ഉന്മേഷം നിങ്ങളുടെ ജീവിതത്തില്‍ നിറയും. എന്നാല്‍ ശാരീരിക പ്രശ്‌നമുള്ളവര്‍ മടികൂടാതെ ഇതിനെ പരിഹരിക്കാന്‍ ശ്രമിക്കണം.

ശാരീരികബന്ധത്തെ നിങ്ങളുടെ വിവാഹത്തില്‍ ചെറുതായി കാണരുത്. എന്നാല്‍ തെറ്റായ അറിവു നല്‍കുന്ന പുസ്തകങ്ങളെയും കൂട്ടുകാരെയും ഒഴിവാക്കണം. ശാരീരികബന്ധത്തിലൂടെ നിങ്ങളുടെ പങ്കാളിയുമായി അടുക്കുവാനും ശരിയായ ആശയവിനിമയം ചെയ്യുവാനും ശ്രദ്ധിക്കുക. ഇതിനു നിങ്ങളുടെ സാഹചര്യമോ കുികളോ ജോലിയോ ഒന്നും തടസമാകാതിരിക്കട്ടെ. ലൈംഗികവിരക്തി പരിഹരിച്ച് നല്ല ഒരു വൈവാഹിക ജീവിതം പുന:സ്ഥാപിക്കുന്നതിന് പ്രായമോ ലിംഗദേഭമോ തടസമല്ല.

സ്ത്രീകളില്‍ പിസിഒഡി, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍, അമിതവണ്ണം എന്നിവ വിരക്തിയിലേക്കു നയിക്കാം. ഇതൊക്കെ ചികിത്സിക്കാവുന്നതേയുള്ളൂ. എന്നാല്‍ വിരക്തിയുണ്ടെങ്കില്‍ ഇതു വിവാഹമോചനത്തിനുള്ള ഒരു പശ്ചാത്തലമാവാതിരിക്കട്ടെ. നിങ്ങളുടെ പങ്കാളിയെ മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യാന്‍ തയാറാണെങ്കില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാം. 'എന്റെ പങ്കാളി എന്റെ ചങ്കാണ്' എന്ന് മനസിലൊന്നു വിചാരിച്ചു നോക്കിക്കേ, അസ്വസ്ഥതകള്‍ പമ്പ കടക്കും.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എസ്.എച്ച് മെഡിക്കല്‍ സെന്റര്‍, നാഗമ്പടം, കോട്ടയം