എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
Friday, August 7, 2020 5:15 PM IST
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന ആശങ്ക ഉണ്ടാക്കിയേക്കാം. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം പെരുകുന്ന വേളയില്‍ ഇത്തരത്തിലുള്ള അമിതമായ രോഗഭീതി ഉടലെടുക്കാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ എല്ലാ പകര്‍ച്ചവ്യാധികളും കോവിഡല്ലെന്ന കാര്യം വിസ്മരിക്കരുത്. കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമാണ്. അതുകൊണ്ട് തന്നെ മുന്‍കാലത്തേതുപോലെ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള നിരവധി പകര്‍ച്ചവ്യാധികളും നമ്മളെ ബാധിക്കാനിടയുണ്ട്. കോവിഡിനോടൊപ്പം ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കേണ്ടതും അനിവാര്യമാണ്.

മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ ഏതെല്ലാം, രോഗലക്ഷണങ്ങള്‍ എന്ത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

കോളറ

ജലജന്യ രോഗമാണ് കോളറ. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ 'കോളറാ ടോക്‌സിന്‍' എന്ന വിഷ വസ്തു ഉത്പാദിപ്പിക്കുന്നു. ഈവിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരംജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ പെെന്ന് രോഗം പകരുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

വയറിളക്കവും ഛര്‍ദ്ദിയും, വളരെ നേര്‍ത്ത കഞ്ഞിവെള്ളം പോലെയുള്ള മലം, ക്ഷീണം അനുഭവപ്പെടുക, രക്തസര്‍ദ്ദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും ഉണ്ടാകുന്ന വരള്‍ച്ച, കണ്‍പോളകള്‍ താണുപോകുക, ബോധക്കേട്.

പ്രതിരോധ മാര്‍ഗം

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ ഒഴിവാക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ഭക്ഷണ സാധനങ്ങള്‍ കഴുകി മാത്രം ഉപയോഗിക്കണം. ഒആര്‍എസ് (Oral Rehydration Solution) ലായനി കുടിക്കുക.

എലിപ്പനി

മഴക്കാലത്ത് ഏറെ പിടിപെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് എലിപ്പനി. എലികളുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിലുള്ള ബാക്ടീരിയ ഉള്ളില്‍ പ്രവേശിക്കുമ്പോഴാണ് എലിപ്പനി പിടിപെടുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനവുള്ള മണ്ണിലും ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും പോറലുകളിലൂടെയും അവ ഉള്ളിലെത്തുന്നു. കരള്‍, ശ്വാസകോശം, വൃക്ക, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. അതിനാല്‍ തുടക്കത്തിലേ ചികിത്സിക്കുക എന്നത് പ്രധാനമാണ്.

ലക്ഷണങ്ങള്‍

കടുത്ത പനി, ശക്തമായ പേശീവേദന, കടുത്ത തലവേദന. ചിലര്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും ഉണ്ടാകാറുണ്ട്.

പ്രതിരോധമാര്‍ഗം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കഴിയുന്നതും ഇറങ്ങാതിരിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വരുമ്പോള്‍ കാലുറ ധരിക്കണം. മുറിവുകള്‍ ഉണ്ടെങ്കില്‍ നനവെത്താത്ത വിധം പൊതിയുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചുസൂക്ഷിക്കുക. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. എലി നശീകരണം ഉറപ്പുവരുത്തുക. പരിസരം ശുചിയായി സൂക്ഷിക്കണം.

വയറിളക്കം

മറ്റൊരു ജലജന്യരോഗമാണ് വയറിളക്കം. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗാണുക്കള്‍ ശരീരത്തിലെത്താന്‍ സാധ്യത. വയറിളക്കത്തെത്തുടര്‍ന്ന് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്.

രോഗ ലക്ഷണങ്ങള്‍

വയറുവേദന, വയറിളക്കം, തളര്‍ച്ച, ഛര്‍ദ്ദി, ക്ഷീണം, വിളര്‍ച്ച, മയക്കം, മൂത്രത്തിന്റെ അളവ് കുറയുക, നാഡിമിടിപ്പിന്റെ ശക്തി കുറയുക.

പ്രതിവിധി

നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിന്‍ വെള്ളവും നല്ലതാണ്. കിണര്‍ ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. പാകം ചെയ്ത ശുദ്ധമായ ആഹാരം കഴിക്കണം. ഈച്ചകളെയും പ്രാണികളെയും പാറ്റകളെയും അകറ്റി നിര്‍ത്തുക.

ഡെങ്കിപ്പനി

കഴിഞ്ഞ കുറച്ചുകാലമായി മഴക്കാലത്ത് കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് രോഗവാഹകര്‍. ഫ്‌ളാവിവൈറിഡെ കുടുംബത്തില്‍പ്പെ ഫ്‌ളാവി വൈറസുകളാണ് രോഗാണുക്കളായി പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നാല് സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോ ന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മ വൈറസുകളാണ് ഇവ. ഫ്‌ളാവിവൈറസ് ജനുസില്‍ത്തന്നെ ജൈവപരമായ സവിശേഷതകള്‍ കൊണ്ട് ഏറെ പ്രത്യേകത പുലര്‍ത്തുന്നവയാണ് ഡെങ്കി വൈറസുകള്‍. രോഗം ബാധിച്ച മനുഷ്യര്‍, രോഗാണു വാഹകരായ കൊതുകുകള്‍ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിുണ്ട്.

ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍ നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കും. ഇതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ പ്രവേശിക്കുകയും 8- 10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ എത്തുകയും ചെയ്യും. ഇത്തരത്തിലുള്ള കൊതുകുകള്‍ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തി 3- 14 ദിവസം കഴിയുമ്പോള്‍ (ശരാശരി മൂന്നു നാലു ദിവസം) പനി മുതലായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. മൂക്കില്‍ നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളില്‍നിന്നും ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. രക്തസ്രാവമുള്ള രോഗികള്‍ക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. എത്രയും വേഗം ചികിത്സ നല്‍കിയാല്‍ അപകടം ഒഴിവാക്കാം.


പ്രധാന ലക്ഷണങ്ങള്‍

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപിരട്ടലും ഛര്‍ദിയും.

പ്രതിരോധ മാര്‍ഗങ്ങള്‍

വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കുടിവെള്ളം പിടിച്ചുവച്ചിട്ടുണ്ടെങ്കില്‍ വലയിട്ടു മൂടണം. വൈകുന്നേരങ്ങളില്‍ ജനലുകളും മറ്റും അടച്ചിടുക. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം.

മലമ്പനി

അനോഫെലീസ് എന്നയിനം കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. മഴക്കാലത്ത് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോാേസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസില്‍ പെ പരാഗങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളില്‍ ചേരുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

രോഗലക്ഷണം

ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദ, വിളറിയ മഞ്ഞച്ച തൊലിപ്പുറം, മൂത്രത്തിലെ നിറമാറ്റം.

പ്രതിവിധി

വീടിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. കിണറുകളും ടാങ്കുകളും വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങളും കൊതുകുവല കൊണ്ട് മൂടണം. കൊതുകിനെ നശിപ്പിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കാതെ ഡോക്ടറെ സമീപിക്കുക.

ടൈഫോയ്ഡ്

ലോകവ്യാപകമായി കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ് ടൈഫോയിഡ്. വിഷജ്വരം, സന്നിപാതജ്വരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗം ശരീരത്തിന്റെ വിവിധ അവയവങ്ങളെ സാരമായി ബാധിക്കുന്നതാണ്. സാല്‍മോണല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ടൈഫോയ്ഡ് പരത്തുന്ന ഈ ബാക്ടീരിയ പകരുന്നത്. രോഗവാഹകരുടെ മലത്തില്‍ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ വെള്ളത്തിലൂടെയാണ് രോഗം ഏറെയും പകരുന്നത്. കൂടാതെ, ഭക്ഷണത്തില്‍ വന്നിരിക്കുന്ന ഈച്ചകളും രോഗം പരത്തും. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന ബാക്ടീരിയ കുടലില്‍ നിന്നും രക്തത്തില്‍ പ്രവേശിക്കുകയും പിത്താശയം, കരള്‍, സ്പ്ലീന്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാള്‍ പുറത്തു വന്നുകൊണ്ടിരിക്കും. ശരീരതാപം ബാക്ടീരിയയുടെ വളര്‍ച്ചക്ക് അനുകൂലവുമാണ്.

കുടലില്‍ രക്തം വാര്‍ന്നു പോകല്‍, വൃക്ക തകരാര്‍, ആന്ത രികസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീര്‍ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തില്‍ രണ്ടു മുതല്‍ നാലാഴ്ചകള്‍ക്കുള്ളില്‍ രോഗം മൂര്‍ച്ഛിക്കും. വിദഗ്ദ്ധചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ നില ഗുരുതരമായേക്കാം.

രോഗലക്ഷണം

തുടര്‍ച്ചയായ ശക്തമായ പനി, വിറയല്‍, വയറുവേദന, വയറിളക്കം.

പ്രതിവിധി

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്താല്‍ മൂടിവയ്ക്കണം. ശുചിത്വം പാലിക്കുക. വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്ന് ആഹാരം കഴിക്കാതിരിക്കുക.

ചികുന്‍ ഗുനിയ

മറ്റു പകര്‍ച്ചവ്യാധികളെ പോലെ തന്നെ മഴക്കാലത്ത് കേരളത്തില്‍ സജീവമായി നിലനില്‍ക്കുന്ന രോഗമാണ് ചികുന്‍ ഗുനിയ. ഈഡിസ് ഈജിപ്തി വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എന്‍സ ഫലോപതിയെന്ന അവസ്ഥയിലേക്കും ചികുന്‍ഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഈ അവസ്ഥയിലെത്തുന്ന രോഗികള്‍ പ്രായം ചെന്നവരാണെങ്കില്‍ മരിക്കാനുള്ള സാധ്യതയേറെയാണ്. ആല്‍ഫാ വിഭാഗത്തില്‍പെടുന്ന ഒരു തരം വൈറസുകളാണ് രോഗം പരത്തുന്നത്. വൈറസ് പരത്തുന്ന രോഗമായതിനാല്‍ ആന്റിബയോിക് മരുന്നുകള്‍ ഫലപ്രദമല്ല. നല്ല വിശ്രമമാണ് ആവശ്യം.

പ്രധാന രോഗലക്ഷണങ്ങള്‍

പനി, കടുത്ത സന്ധിവേദന, ചിലര്‍ക്ക് ശരീരത്തില്‍ ചുവന്ന പാടുകള്‍ ദൃശ്യമാകും. പുറംവേദനയും അനുഭവപ്പെടാം.

പ്രതിരോധ മാര്‍ഗം

പരിസരം ശുചിയായി സൂക്ഷിക്കുക. കൊതുക് വളരാനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ ശുചിയാക്കണം. ചിര, തൊണ്ട് തുടങ്ങിയവ വെള്ളം കെട്ടി നില്‍ക്കാതെ കമഴ്ത്തിവയ്ക്കുക. വീടും പരിസരവും വൈകുന്നേരങ്ങളില്‍ പുകയ്ക്കണം. വ്യക്തി ശുചിത്വം പാലിക്കുക.



ഡോ.സോണിയ ജോയി
കണ്‍സള്‍ട്ടന്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം