മരിച്ചവര്‍ കഥ പറയുമ്പോള്‍
മരിച്ചവര്‍ കഥ പറയുമ്പോള്‍
മരിച്ച ഒരാളുടെ സംസാരഭാഷയാണ് പോസ്റ്റ്‌മോര്‍ട്ടം അഥവാ ഓട്ടോപ്‌സി. മൃതശരീരം ബാഹ്യമായും ആന്തരികമായും പരിശോധിക്കുന്നതുവഴി മരണകാരണം എന്താണെന്നും ഏതു വിധത്തിലാണ് മരിച്ചതെന്നും മനസിലാക്കാന്‍ സാധിക്കുന്നു.

'സ്വയമേവ കാണുക' എന്നര്‍ഥമുള്ള ഗ്രീക്ക് വാക്കായ ഒാട്ടോപ്‌സിയ എന്ന വാക്കില്‍ നിന്നാണ് ഇംഗ്ലീഷിലെ ഓട്ടോപ്‌സി എന്ന വാക്കിന്റെ ഉത്ഭവം.

ഓട്ടോപ്‌സി നാലു രീതിയില്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും പ്രധാനമായത് ഇവയാണ്. കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം എന്നിവ കണ്ടുപിടിക്കുന്നതിനുള്ള (ഫോറന്‍സിക് ഒട്ടോപ്‌സി), ഒരു വ്യക്തിയുടെ മരണത്തിനു കാരണമായ രോഗാവസ്ഥ കണ്ടുപിടിക്കുന്നതിനായുള്ള (ക്ലിനിക്കല്‍ ഓട്ടോപ്‌സി).

ഓട്ടോപ്‌സിയില്‍ മരണമുണ്ടായ സാഹചര്യത്തെ തരംതിരിക്കുന്ന രീതി ഇങ്ങനെയാണ്.

1. സ്വാഭാവിക മരണം
2. അസ്വഭാവിക മരണം
* അപകടമരണം
* ആത്മഹത്യ
* കൊലപാതകം
3. തരംതിരിക്കാനാവാത്ത മരണങ്ങള്‍

പരേതനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുക എന്നത് ഓട്ടോപ്‌സിയുടെ ഒരു ലക്ഷ്യമാണ്. അസ്ഥികളുടെയും പല്ലുകളുടെയും മറ്റും മാറ്റങ്ങളില്‍ നിന്ന് പ്രായം, ശരീരം ഛിന്നഭിന്നമായിട്ടുണ്ടെങ്കില്‍ പോലും അസ്ഥികളില്‍ നിന്ന് ആളുടെ ഉയരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ഫോറന്‍സിക് സര്‍ജനു സാധിക്കും. പണ്ടു ചെയ്തിട്ടുള്ള ശസ്ത്രക്രിയകളുടെ തെളിവുകള്‍, പച്ചകുത്തിയതിന്റെയും മറ്റും വിവരണം, പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ തെളിവുകള്‍ അവശേഷിപ്പിക്കും. ശരീരത്തിലെ തഴമ്പുകളില്‍ നിന്ന് ജോലി, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും സൂചനകള്‍ ലഭിക്കും.

നിയമത്തില്‍ പ്രത്യേകമായി ഒന്നും തന്നെ പറയുന്നില്ലെങ്കിലും സാധാരണയായി രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ഇടയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താറ്. കൃത്രിമ വെളിച്ചത്തില്‍ നടത്തിയാല്‍ ശരീരത്തിലെ ചെറിയ മുറിവുകളും നിറവ്യത്യാസങ്ങളും മനസിലാക്കാന്‍ ബുദ്ധിമുുണ്ടാകും. ദുരൂഹ മരണങ്ങളില്‍ മൃതദേഹങ്ങളില്‍ കാണുന്ന വിവര്‍ണത, കരിവാളിപ്പുകള്‍ എന്നിവ കണ്ടുപിടിക്കാനാണു പകല്‍സമയങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളില്ലെങ്കില്‍ അത് 72 മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിക്കും. അതിനുശേഷം കോര്‍പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് അധികൃതര്‍ക്കു തുടര്‍നടപടികള്‍ക്കായി അറിയിക്കുന്നു.


ദുരൂഹമരണങ്ങളില്‍ പോലീസിനെ കൂടാതെ ജനങ്ങളും ബന്ധുക്കളും ചില കാര്യങ്ങളില്‍ ജാഗ്രത കാണിക്കേണ്ടതാണ്.ഇത്തരം മരണങ്ങളില്‍ പോലീസിനു മാത്രമല്ലബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂടി ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതെപ്പോള്‍

ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കേണ്ടത് എന്നതു വ്യക്തമാക്കാം.

1. പോലീസിനു മരണത്തില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളില്‍
2. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍
3. നാട്ടുകാര്‍ക്കു മരണത്തില്‍ സംശയംതോന്നുന്ന സാഹചര്യങ്ങളില്‍
4. മൃതദേഹം പരിശോധിക്കുന്ന ഡോക്ടര്‍ക്കു മരണത്തില്‍ സംശയം തോന്നുമ്പോള്‍

ചുരുക്കത്തില്‍ ആര്‍ക്കുവേണമെങ്കിലും പ്രസ്തുത മരണത്തില്‍ സംശയം തോന്നിയാല്‍ അത് പോലീസിനോടു പരാതിയായി പറയാവുന്നതോ എഴുതി നല്‍കാവുന്നതോ ആണ്. പോസ്റ്റ്‌മോര്‍ട്ടം വേണോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ട അധികാരം പോലീസില്‍ നിക്ഷിപ്തമാണ്.

കൂടാതെ മൃതദേഹത്തിനുണ്ടാവുന്ന നിറവ്യതാസം, മുറിവുകള്‍, ചില അസ്വാഭാവിക മരണങ്ങള്‍ (ഉദാ : കുഴഞ്ഞുവീണു മരണം, മരണത്തിനു മുന്നേ ഛര്‍ദിക്കുക, വായില്‍ നിന്നു നുരയും പതയും വരിക) ഇവയിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെടാവുന്നതാണ്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധന രഹസ്യമായ ഒന്നല്ല എങ്കിലും ബന്ധപ്പെട്ട ആളുകളെ മാത്രമേ പരിശോധന കാണുവാന്‍ അനുവദിക്കുകയുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥനു കാണുവാന്‍ അനുവാദം ഉണ്ടായിരിക്കും. സംശയാസ്പദമായ മരണങ്ങളില്‍ കേസന്വേഷണത്തിനും സാക്ഷികളെ ചോദ്യം ചെയ്യുന്നതിനുമെല്ലാം ഇതു സഹായകരമാകുന്നു.

ഏതൊരു മരണം നടക്കുമ്പോഴും സ്ഥലത്തെത്തുന്ന പോലീസുദ്യോഗസ്ഥനു മരിച്ച വ്യക്തിയേയോ കുടുംബക്കാരേയോ പരിചയം വേണമെന്നില്ല. അതുകൊണ്ടു നമ്മള്‍ കൊടുക്കുന്ന വിവരങ്ങളിലൂടെയാണു പോലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടത്. അസാധാരണ ലക്ഷണങ്ങള്‍, മരിക്കുന്നതിനു മുന്നേയുള്ള സംഭവവികാസങ്ങള്‍, ബന്ധുക്കളുടെ പരസ്പരവിരുദ്ധമായ മൊഴികളും പെരുമാറ്റവും എല്ലാം തന്നെ പോലീസിനെ ധരിപ്പിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും കുറെക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടത് അത്യാവശ്യമാണ്.

എ.വി. വിമല്‍ കുമാര്‍
അഭിഭാഷകന്‍, കേരള ഹൈക്കോടതി, ലെക്‌സ് എക്‌സ്‌പെര്‍ച്ച്‌സ് ഗ്ലോബല്‍ അഡ്വക്കറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, എറണാകുളം