പാല്‍ ചുരത്തും പപ്പായ പഴവും തരും
പാല്‍ ചുരത്തും പപ്പായ പഴവും തരും
Saturday, June 22, 2019 5:11 PM IST
പപ്പായ സമൃദ്ധിയിലാണ് കാസര്‍ഗോഡ് കാലിച്ചാനടുക്കം ഗ്രാമം. കഴിഞ്ഞവര്‍ഷത്തെ കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ റബറും കവുങ്ങുമൊക്കെ കൈവിട്ടപ്പോള്‍ രക്ഷതേടി പപ്പായ കൃഷിയിലേക്കു തിരി ഞ്ഞതല്ല ഇവിടത്തെ കര്‍ഷകര്‍. മൂപ്പെത്തിയ കായ്കള്‍ ടാപ്പുചെയ്തു കിട്ടുന്ന പാലിന്റെ വിപണിമൂല്യം കണ്ടറിഞ്ഞ് ഇറങ്ങിത്തിരിച്ചവരാണ്.

സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവായ എ.എം. സുബ്രഹ്മണ്യന്‍ നായരുടെ തോട്ടത്തില്‍ നിരന്നു നില്‍ക്കുന്നത് 340 മരങ്ങളാണ്. സമീ പത്തെ ജയചന്ദ്രന്റെയും രാജകുമാരന്‍ നായരുടെയും പുഷ്പഗിരി തമ്പാ ന്‍ നായരുടെയുമൊക്കെ പറമ്പിലുമുണ്ട് കായ്കളുടെ ഭാരമുണ്ടെങ്കിലും ഉയരം കുറവായതുകൊണ്ട് തലകുനിക്കാതെ നില്‍ക്കുന്ന സിന്റ എഫ് 1 ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട മരങ്ങള്‍. ഇവരൊക്കെ ഏതാനും മാസ ങ്ങള്‍ക്കുമുമ്പ് കുഞ്ഞുതൈകളായിരിക്കേ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്ന് ഇവിടെ എത്തിയതാണ്. ആറുമാസത്തിനകം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മരങ്ങളിലും കായ് പിടിക്കുമെന്നതും മികച്ച രോഗപ്രതിരോധശേഷിയുമാണ് ഈ ഇനം തെരഞ്ഞെടുക്കാനുള്ള കാരണം.

മൂപ്പെത്തിയ കായ്കളുടെ തൊലിപ്പുറത്ത് ബ്ലേഡുപോലുള്ള കത്തി കൊണ്ട് വരയുമ്പോള്‍ ഊറിവരുന്ന പാല്‍ താഴെ മരത്തിനു ചുറ്റുമായി വിരിച്ച റെക്‌സിന്‍ ഷീറ്റിലേക്കാണ് ഇറ്റുവീഴുക. ഇത് ഉറഞ്ഞു കട്ടിയാകാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം മതിയാകും. ഇത് നേരെ സംഘത്തില്‍ കൊണ്ടുപോയി കൊടുത്താല്‍ കൊഴുപ്പിന്റെ നിലവാരമനുസരിച്ച് കിലോയ്ക്ക് 127 മുതല്‍ 135 രൂപ വരെ കിട്ടും. 15-20 മരങ്ങളില്‍ ടാപ്പിംഗ് നടത്തിയാല്‍ ഒരു കിലോ ലാറ്റക്‌സ് ലഭിക്കുമെന്നാണ് കണക്ക്. കാലാവസ്ഥയും ജലലഭ്യതയും അനുസരിച്ചുള്ള വ്യത്യാസം ഉണ്ടായേക്കാം.

ശ്രേയസ് പപ്പായ ഉദ്പാദക സംഘം എന്ന കൂട്ടായ്മയ്ക്കു കീഴില്‍ ആകെ ആറര ഏക്കര്‍ സ്ഥലത്താണ് കാലിച്ചാനടുക്കത്ത് പപ്പായ കൃഷി നടക്കു ന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേ തിക വകുപ്പിന്റെ സഹകരണ ത്തോടെ ഇന്നവേഷന്‍ ഇന്‍ സയന്‍സ് , ടെക്‌നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (ഐസ്‌റ്റെഡ്) എന്ന ഏജന്‍സി ക്കു കീഴില്‍ കേരളത്തിലെ ആറു ജില്ലകളിലാണ് പരീക്ഷണാര്‍ഥം പപ്പായ പ്ലാന്റേഷന്‍ തുടങ്ങിയത്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലെ മലയോരമേഖലകള്‍ കേ ന്ദ്രീകരിച്ചാണ് പദ്ധതി. ചേര്‍ത്തല സ്വദേശിയായ എ. ഗോപാല കൃഷ്ണന്‍ നായരാണ് പ്രോജക്ട് ഡയറക്ടര്‍.

കാലിച്ചാനടുക്കത്ത് സുബ്രഹ്മണ്യന്‍ നായരുടെ തോട്ടത്തിലാണ് ആദ്യം പപ്പായ വിളഞ്ഞു പാകമെത്തി ടാപ്പിംഗിനു തയാറാ യത്. പ്രോജക്ട് ഡയറക്ടര്‍ നേരിട്ടെത്തിയാണ് ടാപ്പിംഗ് തുടങ്ങിയത്. കടുത്ത വേനലിലെ ജലക്ഷാമം സൃഷ്ടിച്ച പ്രശ്‌നങ്ങളുണ്ടെങ്കിലും മറ്റു തോട്ടങ്ങളിലും ഒരു മാസത്തിനുള്ളില്‍ ടാപ്പിംഗ് തുട ങ്ങാനാകുമെന്നാണ് പ്രതീക്ഷ. വേനല്‍ക്കാലമായതു കൊണ്ട് ആദ്യം കിട്ടിയ പാലിന്റെ അളവിലും നേരിയ കുറവുണ്ടായി. പ്രളയ ക്കെടുതിയുടെ തുടര്‍ച്ച യായു ണ്ടായ പ്രശ്‌നങ്ങള്‍ മൂലം മറ്റു ജില്ലകളില്‍ കൃഷി തുടങ്ങാന്‍ തന്നെ അല്പം വൈകിയിരുന്നു.




പപ്പായയില്‍ നിന്ന് ശേഖരിക്കുന്ന ലാറ്റക്‌സ് ഇവിടെ നിന്നു നേരെ കോയമ്പത്തൂരിലേക്കാണ് പോകുന്നത്. അവിടെ സെന്തില്‍ പപ്പായിന്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ് എന്നൊരു സ്ഥാപനത്തില്‍വച്ച് ഇതിനെ റിഫൈന്‍ഡ് പൗഡറാക്കും. പിന്നീട് ഇത് മരുന്നുകളുടെയും പ്രോട്ടീന്‍ സപ്ലിമെന്റുകളുടെയുമൊക്കെ നിര്‍മാണ ത്തില്‍ ഉപയോഗിക്കും. തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഈ രീതി യിലുള്ള പപ്പായ പ്ലാന്റേഷന്‍ നടക്കുന്നുണ്ട്. ഇരുപത്തഞ്ചും മുപ്പതും ഏക്കര്‍ വിസ്തീര്‍ണ മുള്ള പപ്പായ ത്തോട്ടങ്ങളാണ് അവിടെയുള്ളത്.

ഒരു കായയുടെ പുറത്ത് 8-10 ദിവസങ്ങളുടെ ഇടവേളയില്‍ നാലുവട്ടം വരെ ടാപ്പിംഗ് നടത്താനാകുമെന്ന് ഐസ്‌റ്റെഡ് ഫീല്‍ ഡ് ഓഫീ സര്‍ സി. ജയചന്ദ്രന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സാ ങ്കേതിക വിദഗ് ധരുടെ പരിശീലനവും കര്‍ഷകര്‍ക്ക് നല്‍കി യിരുന്നു. ടാപ്പിംഗ് തൊലിപ്പുറത്തു മാത്രമായ തിനാല്‍ പഴങ്ങ ള്‍ക്ക് കേടുപാടുണ്ടാകുന്നില്ല. ടാപ്പിം ഗിനു ശേഷം മൂത്തു പഴുക്കാന്‍ തുടങ്ങിയ പഴങ്ങള്‍ പറിച്ചു വില്‍ക്കാം. ടാപ്പിംഗിന്റെ പാട് പുറത്തുകാണുന്നതു കൊണ്ട് പഴക്കടക്കാര്‍ വാങ്ങിച്ചില്ലെങ്കിലും ജാം നിര്‍മാതാക്കള്‍ക്കും പഴസംസ്‌കരണ ശാലകള്‍ക്കുമൊക്കെ ഇടയില്‍ നല്ല ഡിമാന്‍ഡാണ്.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ഇപ്പോള്‍തന്നെ പപ്പായിന്‍ സംസ്‌കരണകേന്ദ്ര ങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരീക്ഷണം വിജയകരമായാല്‍ കേരളത്തിലും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം പഴങ്ങളു ടെ മൂല്യവര്‍ധിത സംസ്‌കരണ ത്തിനും കേന്ദ്രങ്ങള്‍ തുടങ്ങാനാ യാല്‍ കര്‍ഷകര്‍ക്കു വലിയ നേട്ടമാകും. തുള്ളിനന സംവിധാനത്തോടെ പപ്പായകൃഷി നടത്തുന്നതിന് ഹെക്ടറിന് അറുപതി നായിരം രൂപ വരെ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ സബ്‌സിഡി നല്‍കുന്നുണ്ട്.

പപ്പായകൃഷിയും ടാപ്പിംഗുമായി ബന്ധപ്പെട്ട് കൂടുതലറിയാന്‍ 9447126556 (പ്രൊജക്ട് ഡയറക്ടര്‍), 9446787653 (സി ജയചന്ദ്രന്‍) എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാം.

കുര്യാച്ചന്‍ കുര്യാക്കോസ്