ഫ്രഷ് പച്ചക്കറി വെബ്‌സൈറ്റിലൂടെ
ഫ്രഷ് പച്ചക്കറി വെബ്‌സൈറ്റിലൂടെ
Wednesday, August 14, 2019 5:28 PM IST
ന്യൂജെന്‍ യുഗത്തില്‍ അതേരീതിയില്‍ തന്നെ പച്ചക്കറികളുടെ യും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും വിപണി ക്രമീകരിക്കുകയാണ് 'മാരാരി ഫ്രഷ്' എന്ന വെബ്‌സൈറ്റ്. ആലപ്പുഴ ജില്ലയിലെ പച്ചക്കറി ഗ്രാമമായ കഞ്ഞിക്കുഴി, മാരാരിക്കുളം പ്രദേശങ്ങളില്‍ കൃഷി നടത്തുന്ന സരസ്വതി സദനത്തില്‍ വി.ആര്‍. നിഷാദാണ് ഓണ്‍ലൈന്‍ പച്ചക്കറി വില്‍പനയ്ക്ക് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പച്ചക്കറിക്കടകളില്‍ നേരിട്ടും മാരാരിക്കുളത്തെ ഫ്രഷ് പച്ചക്കറിയെത്തുന്നു. നാലു സ്ഥലങ്ങളിലായി ഒമ്പത് ഏക്കറിലാണ് ഈ യുവകര്‍ഷകന്റെ പച്ചക്കറികൃഷി. 400 സ്‌ക്വയര്‍ മീറ്ററുള്ള പോളിഹൗസ് ലീസിനെടുത്ത് പച്ചക്കറി തൈ ഉത്പാദനവും നടത്തുന്നുണ്ടിദ്ദേഹം. എട്ടുമാസം മുമ്പാണ് പോളിഹൗസ് എടുക്കുന്നത്.

കഴിഞ്ഞവര്‍ഷം ഒരു തൈക്ക് ഒരു രൂപ നിരക്കില്‍ മൂന്നു ലക്ഷം തൈകളാണ് നിഷാദ് ഉത്പാദിപ്പിച്ച് വിതരണം ചെയ്തത്. കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്കും ആവശ്യപ്പെട്ടുവന്ന മറ്റുള്ളവര്‍ക്കും തൈ നല്‍കി പച്ചക്കറി ഉത്പാദനം വ്യാപിപ്പിക്കുകയും ചെയ്തു.

തക്കാളി, വഴുതന, മുളക്, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറി തൈകളാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍-ജനുവരി മാസങ്ങളിലായിരുന്നു ഇത്. ബംഗളൂരുവില്‍ നിന്ന് ഓണ്‍ലൈനായാണ് അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ വാങ്ങിയത്. മുളക് 10 ഗ്രാം വിത്തിന് പുറത്ത് 490 രൂപയുള്ളപ്പോള്‍ ഇതേ വിത്ത് ഓണ്‍ലൈനായി 310 രൂപയ്ക്കു ലഭിച്ചെന്നു നിഷാദ് പറയുന്നു. ഇത് 2000-2500 വിത്തുകാണും. ഇത്രയും വില വഴുതന വിത്തിനില്ല.

കൃത്യത കൃഷിയില്‍ 30 ഇനം പച്ചക്കറികള്‍

തുറസായ സ്ഥലത്തുള്ള കൃത്യതകൃഷി രീതിയാണ് നിഷാദ് അവലംബിക്കുന്നത്. ജലസേചനത്തിന് ഡ്രിപ് ഇറിഗേഷന്‍ നടത്തി. ജലം കുറച്ച് ഉപയോഗിച്ച് കൂടുതല്‍ ഉത്പാദനം സാധ്യമാക്കുന്നതാണ് കൃത്യത കൃഷി. പയര്‍, പാവല്‍, പടവലം, പീച്ചില്‍, വെണ്ട, വഴുതന, കത്തിരി, പച്ചമുളക്, തക്കാളി തുടങ്ങി നിഷാദിന്റെ കൃഷിയിടത്തില്‍ വിളയാത്ത പച്ചക്കറികള്‍ ഒന്നുമില്ലെന്നു തന്നെ പറയാം. ഇവകൂടാതെ പപ്പായ, പാഷന്‍ഫ്രൂട്ട്, ഷമാം എന്നിവയെല്ലാം ചെയ്യുന്നു. തരിശായിക്കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കായി നല്‍കാന്‍ സന്നദ്ധരായവരില്‍ നിന്നും എടുത്താണ് കൃഷി നടത്തുന്നത്. ഇങ്ങനെ ഭൂമി എടുത്തു കൊടുക്കുന്നത് പഞ്ചായത്ത് അധികൃതരാണ്.

ജോലി ഉപേക്ഷിച്ച് കൃഷി

ബിഎ, എല്‍എല്‍ബി കാരനായ നിഷാദ് ഒരു സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ മാനേജരായിരുന്നു. ചെറുപ്പംമുതല്‍ കൃഷിയോടുള്ള താത്പര്യം കൂടിയപ്പോള്‍ ജോലി രാജിവച്ച് കൃഷിയില്‍ ഫുള്‍ടൈമറായി. നാലുവര്‍ഷമായി കൃഷി ചെയ്യുന്നെങ്കിലും ഇത് ഒരു തൊഴിലാക്കിയിട്ട് രണ്ടുവര്‍ഷമേ ആയുള്ളൂ. ആദ്യം കൂറേപ്പേര്‍ ഒരുമിച്ചായിരുന്നു കൃഷി. എന്നാല്‍ ഇപ്പോള്‍ കൃഷി തനിച്ചു ചെയ്യുന്നതിനൊപ്പം ചില സ്‌കൂളുകളിലൊക്കെ കൃഷി മേല്‍നോട്ടവും വഹിക്കുന്നു. ഒന്നേകാല്‍ ഏക്കറില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ ഒമ്പത് ഏക്കറും കഴിഞ്ഞ് മുന്നേറുകയാണ്. ഇതു കൂടാതെ തരിശായിക്കിടന്ന രണ്ടേക്കര്‍ നിലത്ത് ഔഷധ നെല്ലിനമായ രക്തശാലി കൃഷി ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു നിഷാദ്.

നിലമുഴുത് തുടക്കം

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളാണ് കൃഷിക്കായി ലഭ്യമാകുന്നത്. ഇത് വെട്ടി, ട്രാക്ടര്‍ ഉപയോഗിച്ച് നിലമുഴുകയാണ് ആദ്യം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ആവശ്യത്തിന് കുമ്മായവും ചേര്‍ത്തു കൊടുക്കും. ആകെ ഇടുന്ന കുമ്മായത്തിന്റെ 75 ശതമാനം നിലമുഴുമ്പോള്‍ ചേര്‍ക്കും. ബാക്കി ചെടിനടാനെടുക്കുന്ന കുഴിയില്‍ ചേര്‍ത്തു കൊടുക്കും. നിലമുഴുതശേഷം ചെറിയ കുഴിപോലെ വാരങ്ങളെടുക്കും. ചെടികളുടെ വലിപ്പമനുസരിച്ചാണ് വാരങ്ങളുടെ അകലം ക്രമീകരിക്കുന്നത്. എങ്കിലും ശരാശരി ഒരു മീറ്റര്‍ അകലം രണ്ടുവാരങ്ങള്‍ക്കു നടുവിലുണ്ടാകും. വാരം കോരുന്നതിനായി ഉണ്ടാക്കിയ ചെറുകുഴികളില്‍ പച്ചച്ചാണകമാണ് ആദ്യമിടുന്നത്. അതിനുമുകളില്‍ കോഴിവളമിട്ട് ചാരമോ ഉമിക്കരിയോ വിതറും. ഇതിനുമുകളിലായി വേപ്പിന്‍പിണ്ണാക്കും ഡ്രിപ് ലൈനും ഇടും. മള്‍ച്ചിംഗ് ഷീറ്റ് വിരിച്ച ശേഷം നാലു ദിവസം വെറുതേയിടും. ഈ സമയം ഡ്രിപ്പിലൂടെ വെള്ളം കയറ്റി ബെഡ്ഡ് പരുവപ്പെടുത്തും. നാലാം ദിവസം കുഴികളില്‍ വിത്തോ തൈയോ നടും. വെണ്ട, പയര്‍, കൊത്തമര എന്നിവയുടെ വിത്താണ് നടുന്നത്. ബാക്കി പച്ചക്കറികളുടെ തൈകളാണ് നടീല്‍വസ്തു.




വിളവെടുപ്പ് പൊടുന്നനെ

നട്ട് 45 ദിവസത്തിനുള്ളില്‍ തന്നെ വെണ്ട, പയര്‍ എന്നിവ വിളവെടുക്കാം. തുടര്‍ന്നുള്ള 45 ദിവസങ്ങള്‍ വിളവെടുപ്പുകാലമാണ്. പാവല്‍, പടവലം എന്നിവ 60-ാം ദിവസം മുതല്‍ വിളവെടുക്കാം. 120 ദിവസംവരെ വിളവു ലഭിക്കും.

കൃഷിയുടെ ഉറവിടമറിയാനും വില്‍പനയ്ക്കും വെബ്‌സൈറ്റ്

തങ്ങള്‍ ഉപയോഗിക്കുന്ന പച്ചക്കറി ആര്, എങ്ങനെ, എവിടെ ഉണ്ടാക്കിയെന്നറിയാനാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. ഒപ്പം ഇതില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പറയുന്ന സ്ഥലത്ത് പച്ചക്കറി എത്തിച്ചു കൊടുക്കുകയും ചെയ്യും. പണം സാധനം വാങ്ങിയ ശേഷം നല്‍കുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. www. marari fresh.com എന്നതാണ് വൈബ്‌സൈറ്റ് അഡ്രസ്. ആലപ്പുഴ, ചേര്‍ത്തല, എറണാകുളം പ്രദേശങ്ങളിലുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ നല്‍കാം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പച്ചക്കറിയെത്തും. വെബ്‌സൈറ്റിലൂടെ പച്ചക്കറിവാങ്ങുന്ന 150 സ്ഥിരം ഉപഭോക്താക്കള്‍ നിഷാദിനുണ്ട്.

മാരാരിക്കുളത്ത് 20 സെന്റില്‍ താഴെയുള്ള ചെറുകിട കര്‍ഷകരെ ചേര്‍ത്ത് വിത്തും സാങ്കേതിക സഹായവും നല്‍കി പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള പുതിയ പദ്ധതിയും നിഷാദിന്റെ മനസിലുണ്ട്. ഇവര്‍ ഉത്പാദിപ്പിക്കുന്നവ തിരികേമേടിച്ച് തന്റെ മാര്‍ക്കറ്റിംഗ് ശൃംഖലവഴി വില്‍ക്കാനുള്ള അവസരവുമൊരുക്കും. അടുത്ത സെപ്റ്റംബര്‍ മുതല്‍ പാല്, മുട്ട, മത്സ്യം അടക്കമുള്ളവയും അച്ചാറുകള്‍ തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് നിഷാദിന്റെ തീരുമാനം. എറണാകുളത്ത് ഒരു മാര്‍ക്കറ്റിംഗ് ഹബിട്ട് അതുവഴിയും വില്‍പന നടത്തും.

ഒരുവര്‍ഷം മുന്നു നാലു കൃഷി നടത്താം. കൃഷിയിടമൊരുക്കുന്നസമയത്ത് എട്ടുതൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തി പണികള്‍ തീര്‍ക്കും. പിന്നീട് ജലസേചനത്തിനും മറ്റുമായി ഒരാളെ മാത്രമാണ് നിര്‍ത്തുകയെന്നും നിഷാദ് പറയുന്നു.

വളത്തിനായി നാടന്‍പശു

പന്നിവേസ്റ്റില്‍ നിന്നുത്പാദിപ്പിക്കുന്ന ക്വിനാബ്‌ജെല്‍, നാടന്‍പശുക്കളുടെ മൂത്രവും ചാണകവും പാലും നെയ്യുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം, കോഴിവളം, ഉമിക്കരി തുടങ്ങിയവയൊക്കെയാണ് കൃഷിയിലെ വളക്കൂട്ടുകള്‍. ഇവ സ്വന്തമായി ഉത്പാദിപ്പിക്കുന്നതിന് കാസര്‍ഗോഡ് കുള്ളന്‍, കപില, വയനാടന്‍ തുടങ്ങി ആറു നാടന്‍പശുക്കളെ വളര്‍ത്തുന്നുണ്ട് നിഷാദ്. ക്വിനാബ്‌ജെലും പഞ്ചഗവ്യവും ഫിഷ്അമിനോ ആസിഡുമൊക്കെ ഫോളിയാര്‍ സ്‌പ്രേയായി ഇലകളിലും തണ്ടുകളിലും തളിക്കുന്നുമുണ്ട്. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതമാണ് പ്രധാന കീടനാശിനി. വെര്‍ട്ടിസീലിയം എന്ന മിത്രസൂക്ഷ്മാണു മിശ്രിതം സ്‌പ്രേ ചെയ്യുന്നതിനാല്‍ വെള്ളീച്ച പോലുള്ളവയുടെ ശല്യം ഉണ്ടാകാറില്ലെന്നു നിഷാദ് പറയുന്നു. വാട്ടരോഗങ്ങള്‍ക്കെതിരേ സ്യൂഡോമോണസാണ് ഉപയോഗിക്കുന്നത്. ട്രൈക്കോഡര്‍മ്മ മിത്രസൂക്ഷ്മാണു നിര്‍മാണയൂണിറ്റും കൂണ്‍വിത്ത് ഉത്പാദനവുമെല്ലാം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് നിഷാദ്. ഫോണ്‍: 98463 35888.

ടോം ജോര്‍ജ്
ഫോണ്‍-93495 99023