കണ്ടാല്‍ കരിമ്പടം: ഇത് ബ്ലാങ്കറ്റ് പുഷ്പം
നിറവൈവിധ്യത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വര്‍ണാഭമായ കരിമ്പടങ്ങളോട് സാദൃശ്യം. ഇതിനാലാണ് 'ഗയില്ലാര്‍ഡിയ' പൂക്കള്‍ക്ക് 'ബ്ലാങ്കറ്റ് ഫ്‌ളവര്‍' എന്നു വിളിപ്പേര് കിട്ടിയത്. ഇന്ത്യന്‍ കരിമ്പടങ്ങളുടെ വര്‍ണവൈവിധ്യവും രൂപകല്പനയും ഡിസൈനുമൊക്കെ ബ്ലാങ്കറ്റ് ഫ്‌ളവറില്‍ നിന്ന് കടമെടുത്തതാണോ എന്നു തോന്നിപ്പോകുമാറുള്ള ആകര്‍ഷണീയത. അതുകൊണ്ട് വിദേശങ്ങളില്‍ ഈ പൂവിന് 'ഇന്ത്യന്‍ ബ്ലാങ്കറ്റ്' എന്നു തന്നെയാണ് പേര്. 'ഫയര്‍ വീല്‍' എന്നും വിളിക്കും. സസ്യനാമം 'ഗയില്ലാര്‍ഡിയ പള്‍ച്ചെല്ല'.

ഉദ്യാനപ്രേമികളുടെ മനംകവര്‍ന്ന ഏറെ പ്രിയങ്കര മായ ഈ വാര്‍ഷികപൂച്ചെടി പരമാവധി 90 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരും. എങ്കിലും ഒട്ടുമിക്ക ഇനങ്ങളും 30-45 സെന്റീ മീറ്റര്‍ വരെ മാത്രമേ ഉയരുകയുള്ളൂ. ചാരപ്പച്ച നിറമുള്ള ഇലച്ചാര്‍ത്തിനു മുകളിലായി വിടരുന്ന അത്യാകര്‍ഷകമായ ബ്ലാങ്കറ്റ് പൂക്കള്‍ കാഴ്ചയ്ക്കു ഡെയ്‌സി പൂക്കളെപോലെ ഒറ്റവരി ഇതളുകളോ ഇരട്ടവരി ഇതളുകളോ ഉള്ളതാകാം. പൂക്കള്‍ക്ക് 5-7 സെന്റീമീറ്റര്‍ വീതിയുണ്ട്. ശലഭങ്ങള്‍ക്കും തേന്‍ കിളികള്‍ക്കും അത്രയിഷ്ടമാണ് ഈ പൂക്കള്‍.

ഉത്സവകാല നിറങ്ങളാണ് പ്രകൃതി ബ്ലാങ്കറ്റ് പൂക്കളില്‍ കോരിയൊഴിച്ചിരിക്കുന്നത്. മഞ്ഞ, വീഞ്ഞിന്റെ ചുവപ്പ്, ഓറഞ്ച്, എന്നിവയ്ക്കു പുറമെ ഇവയുടെ വര്‍ണമിശ്രിതങ്ങളും സുലഭം. ഇതളുകള്‍ ഫ്രില്ലുവച്ചതുപോലിരിക്കും. രസകരമായ കുഴലിന്റെ ആകൃതിയാണ് പൂക്കള്‍ക്ക്. ഇലകള്‍ രോമാവൃതമാണ്. വടക്കേ അമേരിക്കന്‍ സ്വദേശിയാണ് ബ്ലാങ്കറ്റ് പൂവ്. സൂര്യകാന്തിയുടെ കുടുംബാംഗം. അതുകൊണ്ടുതന്നെ ഇതിന്റെ പൂവിനും പൂവിന്റെ മധ്യഭാഗത്തിനുമെല്ലാം സൂര്യകാന്തിപ്പൂവുമായി ഏറെ സാമ്യമുണ്ട്. നീണ്ടുമെലിഞ്ഞ പൂത്തണ്ടിന്റെ അറ്റത്ത് ആരക്കാലുകള്‍ ചേര്‍ത്തതുപോലാകും പൂവിന്റെ പ്രകൃതം.

നല്ല സൂര്യപ്രകാശത്തില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ് ബ്ലാങ്കറ്റ് ഫ്‌ളവര്‍. ദിവസവും ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ നേരിട്ടുള്ള സൂര്യപ്രകാശം കിട്ടുമെങ്കില്‍ ചെടി സമൃദ്ധമായി പുഷ്പിക്കും. നല്ല വേനല്‍ക്കാലത്ത് ഒരു പക്ഷെ മറ്റു പൂച്ചെടികള്‍ വളരാന്‍ പകച്ചുനില്‍ക്കുന്നിടത്ത് ബ്ലാങ്കറ്റ് പൂച്ചെടി സധൈര്യം വളര്‍ ത്താം. ഇനി ഭാഗികമായ തണലായാലും പ്രശ്‌നമില്ല. പക്ഷെ തണല്‍ അധികമായാല്‍ ചെടി വേഗം പുഷ്പിക്കണമെന്നില്ല, പൂക്കള്‍ക്കും അത്ര കരുത്തുണ്ടാകില്ല.

കൂട്ടമായി വളരുന്ന ചെടികളില്‍ നിന്ന് കുഞ്ഞുതൈകള്‍ ഇളക്കി നട്ടും വിത്തു പാകിയും പുതിയ ചെടികള്‍ വളര്‍ത്താം. പീറ്റ് മോസ്, മണല്‍, പെര്‍ലൈറ്റ് അല്ലെങ്കില്‍ വെര്‍മിക്കുലൈറ്റ് എന്നിവ കലര്‍ത്തിയ മിശ്രിതം നിറച്ച പരന്ന പാത്രങ്ങളിലോ ചട്ടികളിലോ വിത്തുപാകി അവ മുളപ്പിക്കാം. ചെറുതായി നനയ്ക്കുകയും വേണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത് ഇതുവയ്ക്കണം. പാത്രം ഒരു പ്ലാസ്റ്റിക് അല്ലെങ്കില്‍ ഗ്ലാസ് അടആഴ്ചയാണ് പുഷ്പിക്കാന്‍ വേണ്ട സമയം. നിറം മങ്ങിപ്പോകുന്ന പഴയ പൂക്കള്‍ യഥാസമയം നുള്ളി നീക്കിയാല്‍ പുതിയ പൂക്കളുണ്ടാകും. വെട്ടുപൂക്കളായി ഉപയോഗിക്കാന്‍ ബ്ലാങ്കറ്റ് ഫ്‌ളവര്‍ ഉത്തമമാണ്.

ഉദ്യാനങ്ങള്‍ക്ക് അതിരു തീര്‍ ക്കാനും ചട്ടികളില്‍ വളര്‍ത്താനം കോട്ടേജ് ഗാര്‍ഡനുകള്‍ക്കും ചിത്രശലഭ ഉദ്യാനങ്ങള്‍ക്കും ഒക്കെ അനുയോജ്യമാണ്. മേയ് മുതല്‍ ഓഗസ്റ്റ് വരെ ബ്ലാങ്കറ്റ് ചെടി പുഷ്പസമൃദ്ധമായിരിക്കും. ഇതില്‍ മേയ് മാസം വിടരുന്ന പൂക്കള്‍ക്ക് തെല്ലു നീളവും വലിപ്പവും കൂടുതലായിരിക്കും. മഴയുടെ സാന്നിധ്യമാണ് ഈ പ്രത്യേകതയ്ക്ക് കാരണമെന്നു കരുതുന്നു. കരിമ്പടത്തോടുള്ള അപാരമായ സാദൃശ്യത്തില്‍ മാത്രം ആകൃഷ്ടരായി ഇതില്‍ പരാഗണത്തിന് ഒരു പ്രത്യേകതരം നിശാശലഭം എത്താറുണ്ട് വിദേശ നാടുകളില്‍. 'ഗയില്ലാര്‍ഡിയ ഫ്‌ളവര്‍ മോത്ത്' എന്നിറിയപ്പെടുന്ന നിശാശലഭമാണിത്.

ചില ഔഷധമേന്മകളും ഈ പൂച്ചെടിക്കുണ്ട്. മൂത്രവിസര്‍ജനം ത്വരിതപ്പെടുത്താനും സുഖകരമാക്കാനും കഴിവുണ്ട്. ഇതിനാല്‍ ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നു. സന്ധിവാതം, രക്തവാതം എന്നിവയുടെ ചികിത്സയില്‍ ചെടിയുടെ ചാറ് പൂച്ചുമരുന്നായി തേയ്ക്കുന്നു. ചില നാടുകളില്‍ പൂവിന്റെ വിത്ത് ഉണക്കിപ്പൊടിച്ച് മാവുപോലാക്കിയത് ബ്രഡ് സ്‌പ്രെഡ് ആയി റൊട്ടിയിലും ഉപയോഗിക്കുന്നു. ചെടിക്ക് അര്‍ബുദപ്രതിരോധശേഷിയുണ്ട് എന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ ഗവേഷണ പഠനങ്ങള്‍ ആ ദിശയിലും മുന്നേറുന്നു. ഗയില്ലാര്‍ഡിയ അരിസിയോണസണ്‍, ഫാന്‍ഫെയര്‍, ടൊക്കാജര്‍, ബര്‍ഗണ്ടി, ഓറഞ്ച് ആന്‍ഡ് ലെമണ്‍സ് തുടങ്ങിയവ ബ്ലാങ്കറ്റ് പൂവിന്റെ ആകര്‍ഷകമായ ഇനങ്ങളാണ്.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
ഫോണ്‍: 9447015939.