അടുക്കളത്തോട്ടത്തില്‍ തുടങ്ങി കൃഷിയുടെ അരങ്ങത്തേക്ക് എത്തിയ ചരിത്രമാണ് ആഷയുടേത്. ഇന്ന് ആവശ്യക്കാര്‍ക്ക് വര്‍ഷത്തില്‍ 365 ദിവസവും പച്ചക്കറി നല്‍കുകയാണ് ചൊരിമണലില്‍ ഇവര്‍ നടത്തുന്ന പച്ചക്കറി കൃഷി. പ്രീപ്രൈമറി ടിടിസി കഴിഞ്ഞ് ജോലിക്കു പോകുന്നില്ലെങ്കിലും ആശയ്ക്ക് പച്ചക്കറിച്ചെടികളെന്നാല്‍ തന്റെ മുമ്പിലെ കുട്ടികളെപ്പോലെ. ചെടികളുടെ അടുത്തുനിന്നു സംസാരിക്കുകയും തഴുകുകയും ചെയ്താല്‍ അവ അതു മനസിലാക്കുമെന്ന് ആഷ പറയുന്നു. വിളകള്‍ പറിക്കുമ്പോള്‍ ചെടിക്കു വേദനിക്കാത്ത വിധം അവ പറിച്ചാല്‍ അടുത്തവിളവ് ഗംഭീരമാകുമെന്നത് ഇവരുടെ അനുഭവം. അതേസമയം ചെടിക്കുവേദനിക്കുന്ന രീതിയില്‍ വലിച്ചു പറിച്ചാല്‍ ചെടി ഭയക്കുമെന്നും വിളവു കുറയുമെന്നും ആഷ തന്റെ അധ്യാപകമനസിലൂടെ നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍ കുട്ടികളെ നോക്കുന്ന സൂക്ഷ്മത കൃഷിയിലും ആവശ്യമാണ്.

ആലപ്പുഴ ചേര്‍ത്തല മായിത്തറയിലെ കളവേലില്‍ ആഷയും ഭര്‍ത്താവ് ഷൈജുവും മണ്ണില്‍ ചരിത്രമെഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറു കഴിയുന്നു. കൃഷി ഇവര്‍ക്ക് കുടുംബകാര്യം തന്നെയാണ്. മകള്‍ ആഷ്‌നയെ നോക്കുന്നതു പോലെ തന്നെയാണ് ഇവര്‍ പച്ചക്കറികളെ നോക്കുന്നത്. ഇവിടത്തെ പഞ്ചസാരമണലില്‍ ഇവര്‍ വിളയിക്കാത്തതായി ഒന്നുമില്ലെന്നുതന്നെ പറയാം. ഇവര്‍ക്ക് വിപണിയും ഒരു പ്രശ്‌നമല്ല. വാമൊഴിയായും ബന്ധങ്ങള്‍ വഴിയും വിപണി വണ്ടിവിളിച്ച് വീട്ടിലേക്കു വരുമെന്ന് ഇവര്‍ പറയുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇവരുടെ പച്ചക്കറി തേടി ആളുകളെത്തുന്നു.

അടുക്കളത്തോട്ടത്തില്‍ തുടക്കം

കൃഷിയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും വന്‍തോതില്‍ കൃഷിചെയ്യാനൊന്നും ആദ്യം മുതിര്‍ന്നില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഹരിത സമൃദ്ധി പദ്ധതിയില്‍പ്പെടുത്തി കിട്ടിയ പച്ചക്കറിത്തൈകള്‍ കൃഷി ചെയ്തായിരുന്നു തുടക്കം. പീച്ചില്‍, പാവല്‍, പടവലം എന്നിവയൊക്കെ ചെറിയ പന്തലില്‍ കയറ്റി കൃഷി ആരംഭിച്ചു. പടവലം പ്രതിദിനം 16 കിലോ വീതം ലഭിച്ചു. ആദ്യകൃഷി ആവേശമായി. അതിനു ശേഷം സ്വന്തമായുള്ള മൂന്ന് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. സ്വന്തം പാടത്ത് നട്ട സാമ്രാട്ട് ഇനം വെണ്ട ദിവസം 94 കിലോ വരെ വിളവു കൊടുത്തു. എന്നാല്‍ വില വളരെ കുറവാണ് ലഭിച്ചത്. എന്നാലും കൃഷി ആവേശമായി. സിറ ഇനം പച്ചമുളകു കൃഷിയാണ് പിന്നെ ചെയ്തത്. 40 കിലോ വരെ പ്രതിദിന ഉത്പാദനമുണ്ടായി. പിന്നീട് വെണ്ട, തക്കാളി, ഇളവന്‍, വഴുതന, റെഡ്‌ലേഡി പപ്പായ തുടങ്ങി പച്ചക്കറി വൈവിധ്യവത്കരണമായി. പെരുമ്പളത്തെ കര്‍ഷകനായ ശ്രീകുമാര്‍ നല്ലയിനം പച്ചക്കറി തൈകള്‍ എത്തിച്ചു നല്‍കി. അച്ചിങ്ങയില്‍ അര്‍ക്കമംഗളയാണ് കൃഷി ചെയ്യുന്നത്. ടിഷ്യൂക്കള്‍ച്ചര്‍ റോബസ്റ്റ, ഞാലിപ്പൂവന്‍, നേന്ത്രന്‍ എന്നിവയെല്ലാം പച്ചക്കറിക്കൊപ്പം വളര്‍ത്തി.


ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണുപരുവപ്പെടുത്തല്‍

ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണു പരുവപ്പെടുത്തി കുമ്മായമോ പച്ചകക്കയോ ഡോളോമൈറ്റോ ഉഴുതു ചേര്‍ക്കും. 15 ദിവസത്തിനു ശേഷം കാലിവളം, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് വാരംകോരി പച്ചക്കറി തൈകള്‍ നടുകയായി. ഡ്രിപ്പും മള്‍ച്ചിംഗും ഇട്ടും അല്ലാതെ പാടത്തും കൃഷി നടത്തുന്നു. തരിശുരഹിത കഞ്ഞിക്കുഴി പദ്ധതിയില്‍പ്പെടുത്തി കൃഷിഭവനില്‍ നിന്നു ലഭിച്ച നെല്‍വിത്തുപയോഗിച്ച് നടത്തിയ കൃഷി വിളവെടുപ്പു പ്രായമായി നില്‍ക്കുന്നു. വളമൊന്നും പാടത്തു നല്‍കാതെ നടത്തിയ കൃഷിയില്‍ മികച്ച വിളവാണു ലഭിച്ചത്. പച്ചക്കറികള്‍ക്ക് മാസത്തില്‍ രണ്ടു വളപ്രയോഗം നടത്തും കോഴിവളവും ഉണക്കച്ചാണകപ്പൊടിയുമാണ് പ്രധാന വളങ്ങള്‍. കൃഷിയിടത്തില്‍ വന്ന് പച്ചക്കറി പറിച്ചെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇതിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ഓണത്തിനു കൃഷി വകുപ്പ് താങ്ങായി

ഓണത്തിന് കൃഷിഭവനുകള്‍ വഴി നടത്തിയ പച്ചക്കറി ചന്തകള്‍ മികച്ചലാഭം നേടാന്‍ സഹായിച്ചെന്ന് ഇവര്‍ പറയുന്നു. പുറം മാര്‍ക്കറ്റിലെ വിലയേക്കാള്‍ അധികം നല്‍കിയാണ് കൃഷിഭവന്‍ പച്ചക്കറിയെടുത്തത്. കൊടുത്തപ്പോള്‍ തന്നെ പണവും ലഭിച്ചു. ഒരു കിലോ പച്ചമുളകിന് 165 രൂപ ലഭിച്ചു. 114 രൂപയ്ക്കാണ് ഇത് കൃഷിഭവന്‍ വാങ്ങാനെത്തിയവര്‍ക്ക് നല്‍കിയത്. പയറിന് കിലോയ്ക്ക് 95 രൂപയും വെള്ളരിക്ക് 39 രൂപയും ലഭിച്ചു.

കൃഷി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ മാനസിക പിരിമുറുക്കമില്ലെന്നും സന്തോഷമാണെന്നും ഇവര്‍ പറയുന്നു. ഫോണ്‍: ഷൈജു- 98465 85533, ആഷ- 96563 66898.

ടോം ജോര്‍ജ്
ഫോണ്‍- 93495 99023.