പശുക്കളിലെ കൂട്ടമരണം: പിന്നില്‍ സയനൈഡ്
പശുക്കളിലെ കൂട്ടമരണം: പിന്നില്‍ സയനൈഡ്
കഴിഞ്ഞ ഏപ്രിലില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപത് പശുക്കള്‍ മേയുന്നതിനിടെ ചത്തുവീണ സംഭവം വലിയ വാര്‍ത്തയായിരുന്നു. കറവപ്പശുക്കളുടെ കൂട്ടമരണത്തിന്റെ കാരണങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടത്തിലാണ് യഥാര്‍ഥ കാരണം പുറത്തുവന്നത്. വേനല്‍മഴയ്ക്കു പിന്നാലെ മേച്ചില്‍പറമ്പുകളില്‍ ധാരാളമായി വളര്‍ന്ന ഇളം മണിച്ചോളച്ചെടികളായിരുന്നു വില്ലന്‍. ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ചു വയ്ക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മണിച്ചോളം അഥവാ ജോവര്‍ച്ചെടി. വളര്‍ന്നു വലുതായി വിളയുന്നതോടെ സയനൈഡിന്റെ അംശം കുറയുമെങ്കിലും ഇളംചെടികളിലും തളിരിലകളിലും വിഷാംശത്തിന്റെ തോതുകൂടുതലായിരിക്കും. മാരകവിഷം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതറിയാതെ പശുക്കള്‍ മണിച്ചോളച്ചെടികള്‍ രുചിയോടെ ചവച്ചരച്ച് തീറ്റയാക്കിയതായിരുന്നു കൂട്ടമരണത്തിന്റെ കാരണം.

നമ്മുടെ നാട്ടില്‍ കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യവിഷബാധയില്‍ മുഖ്യമാണ് സയനൈഡ് വിഷബാധ. വിഷസാന്നിധ്യമുള്ള ചെടികള്‍ ആഹരിക്കുന്നതു വഴിയാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് സയനൈഡ് വിഷബാധയേല്‍ക്കുന്നത്.

സയനൈഡ് ഒളിഞ്ഞിരിക്കുന്ന സസ്യങ്ങള്‍

ഇളം മണിച്ചോളച്ചെടികള്‍ പോലെ ഇലകളിലും തണ്ടുകളിലും കായ്ക്കളിലും സയനൈഡ് വിഷം ചെറിയ അളവില്‍ സൂക്ഷിക്കുന്ന സസ്യങ്ങള്‍ ഏറെയുണ്ട്. മരച്ചീനിയുടെ ഇല, തണ്ട്, കായ, കിഴങ്ങ്, മുളയുടെയും റബറിന്റെയും തളിരിലകളും തണ്ടും, തിനപ്പുല്ലുകള്‍, ജോ ണ്‍സണ്‍, സുഡാന്‍ തുടങ്ങിയ ഇനം പുല്ലിനങ്ങള്‍ തുടങ്ങിയവയെല്ലാം സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളാണ്. ഈ പുല്ലുകളും റബറും മുളയുമെല്ലാം വളര്‍ന്നു വലുതാവുന്നതോടെ വിഷാംശത്തിന്റെ തോതു കു റയും. വേനലിലും മഴക്കാലാരംഭത്തിലും തഴച്ചുവളരുന്ന ചെടികളില്‍ സയനൈഡ് സാന്നിധ്യം ഉയര്‍ന്നതായിരിക്കും. അതുപോലെതന്നെ വിളവെടുപ്പിനു ശേഷവും നൈട്രേറ്റ് വളപ്രയോഗത്തിനു ശേഷവും വളര്‍ന്നു വരുന്ന ഇളം പുല്‍നാമ്പുകളിലും മരച്ചീനി പോലുള്ള ചെടികളിലും വളര്‍ ച്ച മുരടിച്ച ചെടികളിലും സയനൈഡ് സാന്നിധ്യം കൂടുതലായിരിക്കും.

സസ്യ സ്വഭാവമനുസരിച്ചും സ സ്യഭാഗങ്ങള്‍ക്കനുസരിച്ചും സയനൈഡ് വിഷത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണമായി ചുവന്ന തണ്ടുള്ള മരച്ചീനിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സയനൈഡ് വിഷം പച്ചത്തണ്ടുള്ള മരച്ചീനിയില്‍ ഉണ്ടായിരിക്കും. താഴ് തണ്ടുകളിലെ ഇലകളേക്കാള്‍ സയനൈഡ് വിഷം കൂമ്പുകളിലെ ഇലകളിലുണ്ടാവും. റബറിന്റെയും, മരച്ചീനിയുടെ യും ഇലകള്‍ കഴിച്ചുള്ള സയനൈഡ് വിഷബാധ നമ്മുടെ നാട്ടില്‍ ആടുകളിലും പശുക്കളിലും വളരെ സാധാരണയാണ്. 500-600 കിലോഗ്രാം ഭാരമുള്ള ഒരു കറവപപശുവിന്റെ ജീവ നെടുക്കാന്‍ വെറും 300-400 മില്ലി ഗ്രാം സയനൈഡ് വിഷം മതിയാകും.

സയനൈഡ് വിഷം ബാധിക്കുന്നതെങ്ങനെ?

കാര്‍ബണ്‍ തന്മാത്രകളുമായി ചേര്‍ത്ത് ഗ്ലൈക്കോസിഡിക് സംയുക്തങ്ങളുടെ രൂപത്തില്‍ വളരെ കരുതലോടു കൂടിയാണ് സസ്യങ്ങള്‍ സയനൈഡ് വിഷം അവയുടെ ഇലകളിലും തണ്ടുകളിലും സംഭരിക്കുക. ലിനമാരിന്‍, ലോട്ടോ സ്ട്രാലിന്‍, ഡുരിന്‍, ഫാസിയോലുനാറ്റിന്‍ എ ന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്ലൈക്കോസൈഡ് സംയുക്തങ്ങളെ വിഘടിപ്പിച്ച് സയനൈഡിനെ പുറന്തള്ളാന്‍ സഹായിക്കുന്ന രാസാഗ്നികളും (എന്‍സൈം) സസ്യങ്ങളില്‍ തന്നെയുണ്ട്. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരക്കുന്നതോടെ പൊട്ടിപുറത്തുവരുന്ന ഈ രാസാഗ്നികള്‍ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍ നിന്ന് സയനൈഡിനെ സ്വതന്ത്രമാക്കും. മാത്രമല്ല, കന്നുകാലികളുടെ ആമാശയത്തിലെ ഒന്നാം അറയായ റൂമനില്‍ സൂക്ഷ്മജീവികളുടെ സഹായത്തോടെ നട ക്കുന്ന ദഹനപ്രക്രിയയും ഇലകളിലും തണ്ടുകളിലും ശ്രദ്ധാപൂര്‍വം സസ്യങ്ങള്‍ സംഭരിച്ച സയനൈഡ് വിഷം പുറത്തുവരുന്നതിനിടയാക്കും.ഇങ്ങനെ പുറത്തു വരുന്ന ഹൈ ഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്‌സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊ ര്‍ജ്ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസപ്പെടുത്തുക. ഊര്‍ജലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തിലേ മന്ദീഭവിക്കും.

സയനൈഡിനെ തടയാന്‍

വളര്‍ത്തുമൃഗങ്ങള്‍ വിഷസസ്യങ്ങള്‍ ധാരാളമായി കഴിക്കുകയോ, വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ അടിയന്തിര വെറ്ററിനറി സേവനം തേടണം. സയനൈഡ് വിഷത്തെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള സോഡിയം തയോസള്‍ഫേറ്റ,് സോഡിയം നൈ ട്രൈറ്റ് എന്നിവ ആരംഭഘട്ടത്തില്‍ തന്നെ രോഗബാധയേറ്റ മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നത് ഏറെ ഫലപ്രദമാണ്. നാലു ലിറ്റര്‍ വിനാഗിരി 12 മുതല്‍ 20 ലിറ്റര്‍ വരെ തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് വിഷബാധയേറ്റതായി സംശയിക്കുന്ന പശുക്കളെ കുടിപ്പിക്കുന്നത് സയനൈഡ് വിഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഉത്തമമാണ്.

കെട്ടിമേയുമ്പോഴും പറമ്പില്‍ മേയാന്‍ വിടുമ്പോഴും സയനൈഡ് പോലുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നതു തടയാന്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. തിനപ്പുല്ലുകള്‍, മണിച്ചോളം തുടങ്ങിയ പുല്ലുവിളകള്‍ മൂപ്പെത്തുന്നതിനു മുമ്പും, വളപ്രയോഗം നടത്തിയതിന് ഉടനെയും പശുക്കള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. മരച്ചീനിയിലയും തണ്ടും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ വാട്ടിയോ നല്‍കുന്നത് സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം സസ്യങ്ങള്‍ ഉപയോഗിച്ച് സൈലേജ് നിര്‍മിക്കുന്നതും സയനൈഡ് വിഷം കുറയ്ക്കാന്‍ സഹായിക്കും.

സയനൈഡ് വിഷബാധയുടെ ലക്ഷണങ്ങള്‍

ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം അകത്തെ ത്തിയതെങ്കില്‍ അത് കരളില്‍വച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5 - 15 മിനിറ്റിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. വായില്‍ നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, ശ്വാസതടസം, ആടിയുള്ള നടത്തം, വായിലെയും കണ്ണിലെയും ശ്ലേഷ്മസ്തരങ്ങള്‍ രക്തവര്‍ണമാകല്‍, പേശീ വിറയല്‍, കൃഷ്ണമണികള്‍ വികസിക്കല്‍ തുടങ്ങിയവയാണ് പശുക്കളിലും, ആടുകളിലും സയനൈഡ് വിഷബാധയുടെ മുഖ്യലക്ഷണങ്ങള്‍. തുടര്‍ന്ന് മൃഗങ്ങള്‍ തറയിലേക്കു മറിഞ്ഞു വീഴുകയും ശ്വാസതടസം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.

ഡോ. എം. മുഹമ്മദ് ആസിഫ്
ഫോണ്‍: 9495187522