നട്ടു വളര്‍ത്താന്‍ നാടന്‍ വെണ്ട
നട്ടു വളര്‍ത്താന്‍ നാടന്‍ വെണ്ട
Saturday, January 11, 2020 4:02 PM IST
നമ്മുടെ പൂര്‍വികര്‍ വീട്ടുവളപ്പില്‍ രണ്ടോ മൂന്നോ മൂട് നാടന്‍ വെണ്ട നട്ടുവളര്‍ത്തിയിരുന്നു. വലിയ അധ്വാനം വേണ്ടാത്ത, കീടരോഗാക്രമണങ്ങള്‍ പൊതുവേ കുറവുള്ള നാടന്‍ വെണ്ടകളാണ് നട്ടുവളര്‍ത്തിയിരുന്നത്. ഇവ ദീര്‍ഘകാല വിളവു നല്‍കിയിരുന്നു. കായ്കള്‍ കറി പരുവത്തിനു പറിച്ചെടുക്കുമ്പോള്‍ വളര്‍ന്നുകൊണ്ടിരിന്ന ഈ വെണ്ട ഒരാള്‍ പൊക്കത്തില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. വെണ്ട വളരുന്നതനുസരിച്ച് കായ്ക്കു രൂചി കൂടും.

സൂര്യപ്രകാശം ലഭിക്കുന്ന വീട്ടുവളപ്പില്‍ ഒരടി സമചതുരത്തില്‍ കുഴിയെടുത്തശേഷം മേല്‍മണ്ണില്‍ മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം തുടങ്ങിയ ഏതെങ്കിലും ഒരു ജൈവവളം മേല്‍മണ്ണുമായി കൂട്ടിയിളക്കി രണ്ടോ മൂന്നോ വെണ്ട വിത്ത്, വിത്തിനോളം മാത്രം താഴ്ത്തി ഇടുക. വിത്തു കിളിര്‍ക്കുന്നതുവരെ കൈകൊണ്ടു വെള്ളം തളിച്ചുകൊടുക്കണം. വീട്ടമ്മമാര്‍ക്കുമാത്രം വിശ്രമവേളയിലെ വിനോദമായി ചെയ്യാവുന്ന ജോലിയാണിത്. വിത്തു കിളിര്‍ത്തു വരുമ്പോള്‍ കരുത്തുള്ളതു നിര്‍ത്തുക. പിന്നീട് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മുകളില്‍ പറഞ്ഞ ജൈവവളങ്ങളില്‍ ഒന്ന് അല്പം ചുവട്ടില്‍ തൂകി കൊടുക്കുക. വീട്ടിലെ പഴംകഞ്ഞിവെള്ളവും മറ്റും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്.

പോഷക സമൃദ്ധമായ വെണ്ടക്കാ ധാതുലവണങ്ങള്‍, ജീവകങ്ങളായ എ,ബി,സി, അയഡിന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയാല്‍ സമ്പന്നമാണ് വെണ്ട. വെണ്ടക്ക മുറിച്ചെടുക്കാന്‍ ചുവട്ടില്‍ ചെല്ലുമ്പോള്‍ ഒന്നു ശ്രദ്ധിക്കുക. ഇലകള്‍ ചുരുണ്ടോ, ഇലകള്‍ തമ്മില്‍ കൂടുകെട്ടിയോ ഇലയുടെ ഭാഗങ്ങള്‍ തിന്നുന്ന പുഴുക്കള്‍ ഉണ്ടെങ്കില്‍ കേടായ ഇലകള്‍ മുറിച്ചു മാറ്റുക.

വെണ്ടക്കാ തോരന്‍, മെഴുക്കുപുരട്ടി, മപ്പാസ്, തീയല്‍, പച്ചടി തുടങ്ങിയ കറികള്‍ ഏറെ രുചികരമാണ്. സാമ്പാറിലും വെണ്ടക്ക ഒരു ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ്. നമ്മുടെ പഴമക്കാരുടെ ദീര്‍ഘായുസിന്റെയും ആരോഗ്യത്തിന്റെയും പ്രധാനകാരണം അവര്‍ നാടന്‍ പച്ചക്കറികള്‍ കണ്ടുപിടിച്ച് നാടന്‍വളപ്രയോഗം നടത്തി വളര്‍ത്തി ഫലങ്ങള്‍ കറിവച്ചുകൂട്ടിയിരുന്നു എന്നതാണ്. പച്ചയായും ഉപയോഗിച്ചിരുന്നു. രാസവളങ്ങളെയും രാസകീടനാശിനികളെയും അകലെ നിര്‍ത്തി ഏതാനും മൂട് വെണ്ട നമ്മുടെ തൊടികളില്‍ വളരട്ടെ. അടുക്കള ഭക്ഷണം ആരോഗ്യമുള്ളതാകട്ടെ. വെണ്ടവിത്ത് ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9961988199.

വി. ഒ. ഔതക്കുട്ടി
മുന്‍ കൃഷി ഓഫീസര്‍, 9446125632.