മറാക്കാ പഠിപ്പിക്കും, മൂല്യവര്‍ധനയുടെ പാഠം
Saturday, April 11, 2020 5:04 PM IST
പൈനാപ്പിള്‍ കൃഷിയില്‍ നിന്ന് പാഷന്‍ ഫ്രൂട്ടിലേക്ക്. അവിടെനിന്ന് മൂല്യവര്‍ധനയിലേക്ക്. ഇത് നോബിള്‍ ജോണ്‍. വാഴക്കുളം അമന്തുരുത്തില്‍ വീട്ടിലെ സാധാരണ കര്‍ഷകന്‍. 1987 ല്‍ ഡ്രിഗ്രിക്കു പഠിക്കുമ്പോള്‍ തുടങ്ങിയ കൃഷി കമ്പം വളര്‍ന്നു. വാഴക്കുളത്തിന്റെ സ്വന്തം പൈനാപ്പിളില്‍ തന്നെ അരങ്ങേറ്റം. അടുത്തവര്‍ഷം പൈനാപ്പിള്‍ ബിസിനസിലേക്കും കടന്നപ്പോഴാണ് പൈനാപ്പിളിന്റെയും പഴവര്‍ഗങ്ങളുടെയും ബിസിനസിലെ അനന്തസാധ്യതകള്‍ മനസിലായത്. ഇങ്ങനെ പൈനാപ്പിളിന്റെ വിപണനസാധ്യത തിരിച്ചറിഞ്ഞ് കൃഷി വാണിജ്യാടിസ്ഥാനത്തിലേക്കു മാറ്റി. പൈനാപ്പിളിനൊപ്പം പാഷന്‍ഫ്രൂട്ടിലും കമ്പമുണ്ടായി. നെടുങ്കണ്ടത്തും തമിഴ്‌നാട്ടിലും വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷി തുടങ്ങി. വാഴക്കുളത്ത് ഒരു പാഷന്‍ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റാരംഭിച്ചു. ഇവിടേക്കാവശ്യമായ പഴങ്ങള്‍ സ്വന്തം തോട്ടത്തില്‍ നിന്നു ലഭ്യമാക്കി. വിപണി പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന മറാക്കാ എന്ന പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിന്റെ ജനനം ഇങ്ങനെ.
ഈ സമയത്ത് ലഭിച്ച സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളെ കൂട്ടി 'പെന്റഗണ്‍ കള്‍ട്ടിവേഷന്‍' എന്ന കൂട്ടായ്മയുണ്ടാക്കി. കൂട്ടുകൃഷിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണിന്ന് നോബിള്‍.
വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലം
കൃഷി ആരംഭിച്ച 1987 മുതല്‍ പടിപടിയായി ഉയര്‍ന്നു വന്ന സംരംഭകനാണ് നോബിള്‍. ആദ്യം 15 ഏക്കറിലായിരുന്നു കൃഷി. പീന്നീടത് മുന്നൂറിലേക്കും അഞ്ചൂറിലേക്കും 1000 ഏ ക്കറുകളിലേക്കും ഉയര്‍ന്നു. എന്നാല്‍ പ്രതിസന്ധികളും അനവധിയായിരു ന്നു. കൃഷിയില്‍ നേരിടുന്ന വിലത്തകര്‍ച്ച, തൊഴിലാളിക്ഷാമം, കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കാലാകാലങ്ങളില്‍ അലട്ടിക്കൊണ്ടിരുന്നു. മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി പൈനാപ്പിള്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ലഭി ക്കും എന്നതാണ് പൈനാപ്പിള്‍ കൃഷിയെ നെഞ്ചിലേറ്റാന്‍ കാരണമായത്.

എന്‍ഡോസള്‍ഫാന്‍ വിഷയം കത്തിനില്‍ക്കുന്ന കാലം. പൈനാപ്പിള്‍ പുഷ്പിക്കാനായി കര്‍ഷകര്‍ തന്നെ കണ്ടെത്തിയ ഒരു കുട്ടൂണ്ട്. എഥിഫോണും കാത്സ്യവും യൂറിയയും ചേര്‍ന്ന മിശ്രിതം. ഇത് പൈനാപ്പിള്‍ ചെടിയുടെ കൂമ്പിലൊഴിച്ചാല്‍ എത്തിലിന്‍ വാതകം പുറത്തുവരും. അത് പൂഷ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് തളിച്ച പൈനാപ്പിള്‍ കഴിച്ചാല്‍ ദോഷമാണെന്ന പ്രചാരണം വ്യാപിച്ചു. എന്‍ഡോസള്‍ഫാനാണ് തോട്ടങ്ങളില്‍ തളിക്കുന്നതെന്നു തെറ്റിധരിച്ച് ചിലയിടങ്ങളില്‍ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. കൃഷിവകുപ്പില്‍ നിന്ന് വിദഗ്ധരെത്തേണ്ടിവന്നു ഈ പ്രചരണത്തെ മറികടക്കാന്‍. എഥിഫോണ്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രയോഗിക്കുന്ന വസ്തുവാണ്. മൂന്നു മണിക്കൂര്‍ നേരമാണ് ഇത് ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്. അതിനു ശേഷം നീരാവിയായിപ്പോകും. ഇത് കൃഷിയിടത്തിനടുത്തു താമസിപ്പിക്കുന്നവരെ ബോധ്യപ്പെടുത്തി കൃഷി മുന്നോട്ടു കൊണ്ടുപോകുക എന്നതു തന്നെ വലിയ ഒരു ജോലിയായിരുന്നു.
കൂട്ടുകൃഷിയും വ്യവസായവും
കൃഷിക്കാര്‍ കൂട്ടമായി കുറച്ചധികം സ്ഥലം പാട്ടത്തിനെടുത്തു ചെയ്യുന്ന കൂട്ടുകൃഷിയുടെ ഗുണങ്ങള്‍ കണ്ടറിഞ്ഞാണ് നോബിളും കൂട്ടുകൃഷിയിലേക്കു തിരിഞ്ഞത്. തങ്കച്ചന്‍ എന്ന സുഹൃത്തുമായി ചേര്‍ന്നായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് കൂടുതല്‍ പേര്‍ ചേര്‍ന്നായി ഇത്. 2002 നു ശേഷം ഹാരിസണ്‍ മലയാളം പോലുള്ള വന്‍കിട പ്ലാന്റേഷനുകളുടെ പൈനാപ്പിള്‍ കൃഷി കോണ്‍ട്രാക്ടും നോബിളിനെത്തേടിയെത്തി. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലായി 1000 ഏക്കറില്‍ നോബിള്‍ ഇന്ന് പൈനാപ്പിള്‍ വിളയിക്കുന്നു. ഓരോ സ്ഥലത്തും ഒരു പങ്കാളിയുണ്ട്.
മറാക്കായും പാഷന്‍ഫ്രൂട്ടും
പൈനാപ്പിളിനൊപ്പം പാഷന്‍ഫ്രൂട്ടിന്റെ സാധ്യതയും നോബിള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മറാക്കാ എന്ന സ്‌ക്വാഷ്. ഇടുക്കി നെടുംങ്കണ്ടത്തും തമിഴ്‌നാട്ടിലുമാണ് പാഷന്‍ഫ്രൂട്ട് വിളയുന്നത്. നാലുപേര്‍ ചേര്‍ന്നാണ് കൃഷി നടത്തുന്നത്. ജോണി എന്ന സുഹൃത്താണ് കൃഷി മേല്‍നോട്ടം നടത്തുന്നത്. വാഴക്കുളത്തെ മറാക്കായുടെ പ്രോസസിംഗ് യൂണിറ്റിനാവശ്യമായ പഴങ്ങള്‍ സ്വന്തം തോട്ടത്തില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ടെന്ന് നോബിള്‍ പറയുന്നു. കൃഷി അനുബന്ധ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളുമെല്ലാം കൃഷിക്കും മൂല്യവര്‍ധനയ്ക്കുമൊപ്പം കൊണ്ടുപോകുന്നുണ്ട് നോബിള്‍. കാര്‍ഷിക രംഗത്തെ മികച്ചപ്രവര്‍ത്തനങ്ങള്‍ക്ക് 1995ലും 2005ലും പൈനാപ്പിള്‍ ശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലുമായി 100 ജീവനക്കാരും 600 തൊഴിലാളികളുമുണ്ട്. ഭാര്യ ജാന്‍സിയും മക്കളായ ഡിയോണ, ഡാരല്‍, ഡന്‍സല്‍ എന്നിവരും നോബിളിന്റെ കൃഷി വിജയങ്ങള്‍ക്ക് ഒപ്പമുണ്ട്. ഫോണ്‍: നോബിള്‍- 974 51 70 151.
ടോം ജോര്‍ജ്
ഫോണ്‍- 93495 99023.