മാലിന്യങ്ങളെ എണ്ണയും വൈദ്യുതിയുമാക്കാന്‍ പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍
മാലിന്യങ്ങളെ എണ്ണയും വൈദ്യുതിയുമാക്കാന്‍ പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍
Friday, June 12, 2020 3:30 PM IST
ഇന്ത്യഒഴിച്ച് ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വിനാശകരമായ ഇന്‍സിനറേഷന്‍ പ്ലാന്റുകള്‍ നിര്‍ത്തുകയാണ്. പ്ലാസ്റ്റിക്കും ചപ്പുചവറുകളും ചൂളയിലിട്ട് ഭസ്മീകരിക്കുമ്പോള്‍ ചൂളയിലെ പുകക്കുഴലുവഴി അന്തരീക്ഷത്തിലേക്ക് ഉഗ്രവിഷമുള്ള വാതകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡും ഡയോക്‌സിനും ഫൂറാനും കലരുന്നു. ഡയോക്‌സിനും ഫൂറാനും വെള്ളത്തില്‍ ലയിക്കില്ല. ഇത് മണ്ണില്‍ കലരുന്നു. ചെടികള്‍ മണ്ണില്‍ നിന്നു വേരുകള്‍ വഴി വിഷാംശം വലിച്ചെടുക്കുന്നു. സസ്യങ്ങളും സസ്യങ്ങളില്‍ ഉണ്ടാകുന്ന ഫലങ്ങളും കഴിക്കുന്ന സര്‍വ ജീവജാലങ്ങള്‍ക്കും ദോഷകരമായി ഇതു ഭവിക്കുന്നു.

അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്ന ഇത്തരം വിഷവാതകങ്ങള്‍ ശ്വസിക്കുന്നതുമൂലം ശ്വാസകോശത്തിന്റെ പുറം തൊലിയില്‍ വീക്കമുണ്ടാകുന്നു. ശ്വാസകോശത്തില്‍ കഫക്കെട്ടലുണ്ടായി ശ്വാസം മുട്ടുന്നു. ശ്വാസകോശത്തിലെ വായു സഞ്ചികള്‍ക്കു വീക്കവുമുണ്ടാകുന്നു.

ഇന്ത്യയുടെ അന്തരീക്ഷത്തില്‍ ആവശ്യത്തിലേറെ വിഷ പുകയും പൊടിയും ഡീസല്‍ ഫ്യൂംസും, ലെഡ് ഓക്‌സൈഡും നൈട്രിക് ഓക്‌സൈഡും ഉണ്ട്. മെഡിക്കല്‍ വേസ്റ്റും, മുനിസിപ്പല്‍ വേസ്റ്റും ഇന്‍സിനറേറ്റ് ചെയ്യുന്നതുമൂലം ഡൈയോക്‌സിന്‍, ഫൂറാന്‍ തുടങ്ങിയ ഉഗ്രവിഷവാതകങ്ങള്‍ കൂടി അന്തരീക്ഷത്തിലേക്കു വന്നിരിക്കുന്നു.

ഡയോക്‌സിനും, ഫൂറാനും കരളിനെ ബാധിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്നു. മനുഷ്യരില്‍ വന്ധ്യതയ്ക്കും കാരണമാകുന്നു. 1994-ല്‍ അമേരിക്ക ഈ വിഷവാതകങ്ങളുടെ ഭീകരതയെപ്പറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫിന്‍ലന്‍ഡിലെ ഇന്‍സിനറേഷന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വന്നു. ഇന്‍സിനറേഷന്‍ പ്ലാന്റിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള സസ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏതാണ്ട് 15-25 ശതമാനം വരെ ഡയോക്‌സിന്‍ ഉള്ളതായി കണ്ടു. ഉടനെതന്നെ ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി. പകരം പ്ലാസ്മാഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു.

ഇന്‍സിനറേഷന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ ഇറച്ചി, മത്സ്യം, പാല്‍, മുട്ട എന്നിവ വഴി ഡയോക്‌സിനും ഫൂറാനും മനുഷ്യരിലേക്ക് എത്തുന്നുണ്ടെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഉടനെ ഇന്‍സിനിറേഷന്‍ പ്ലാന്റുകള്‍ അടച്ചു പൂട്ടുകയും ചെയ്തു. പകരം പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.

2012- ല്‍ ഡല്‍ഹില്‍ ഒക്കാല എന്ന സ്ഥലത്ത് ഇന്‍സിനറേഷന്‍ പ്ലാന്റ് സ്ഥാപിച്ചു. കമ്പനിക്കാര്‍ വളരെയധികം സുരക്ഷാ മാനദണ്ഡങ്ങള്‍ പിലിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ടെങ്കിലും മേയ് 2013-ല്‍ നടത്തിയ പരിശോധനയില്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫൂറാനും 12.5 ശതമാനത്തോളം ഉണ്ടെന്നു ബോധ്യപ്പെട്ടു.

ജനങ്ങള്‍ക്കു ദോഷകരമാണെന്ന് ബോധ്യപ്പെട്ടിട്ടും കമ്പനിയുമായി കൂട്ടുചേര്‍ന്ന് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ പല ആശുപത്രികളിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വേസ്റ്റ് കത്തിച്ചുകളയാന്‍ ഇന്‍സിനറേഷന്‍ പ്ലാന്റാണ് ഉപയോഗിക്കുന്നത്. പുകക്കുഴലിന് ഉയരം കുറവായതുകൊണ്ട് മുകളിലുള്ള നിലകളില്‍ താമസിക്കുന്ന രോഗികളും കൂട താമസിക്കുന്നവരും ഉഗ്രവിഷവാതകങ്ങളായ ഡയോക്‌സി നും, ഫൂറാനും, കാര്‍ബണ്‍ മോണോക്‌സൈഡും ശ്വസിക്കേണ്ടിവരുന്നു.


പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍

പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ വിഷവാതകങ്ങളും ഇല്ലാതാക്കാനും അതുവഴി പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവ ഓയിലും ലിക്യുഫൈഡ് പെട്രോളിയം ഗ്യാസും ഗ്രീന്‍ ഇലക്ട്രിസിറ്റിയും ആക്കി മാറ്റുന്നതിനും സാധിക്കും.

1000 മുതല്‍ 3000 ഡിഗ്രിവരെയുള്ള ചൂടില്‍ പ്ലാസ്റ്റിക്കും മറ്റും ഭസ്മീകരിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇല്ലാതാകുകയും കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും ലഭിക്കുകയും ചെയ്യുന്നു. പെട്രോകെമിക്കല്‍ വ്യവസായത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും. ഇതുകൊണ്ട് ഗ്യാസ് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് ഗ്രീന്‍ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കാം. ഇത് മോട്ടോര്‍വാഹനങ്ങളും ജെറ്റു വിമാനങ്ങളും ഓടിക്കാനുമൊക്കെയുള്ള ഇന്ധനമാക്കി മാറ്റാം. പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ വഴി ഡൈമിതൈല്‍ ഈതര്‍ കിട്ടും. ഇത് ഘനീഭവിപ്പിച്ചാല്‍ ഡീസനിനു പകരമായ ഇന്ധനമായി വണ്ടി ഓടിക്കാനുപയോഗിക്കാം. ഇതില്‍ നിന്ന് മേല്‍ത്തരം ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് ലഭിക്കുകയും ചെയ്യും.

ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുന്നതുകൊണ്ട് 1000 മുതല്‍ 3000 ഡിഗ്രി സെല്‍ഷ്യസില്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫുറാനും വിഘടിച്ച് ഇല്ലാതാകുന്നു.

ജപ്പാനില്‍ യോഷി എന്ന സ്ഥലത്ത് 24 ടണ്‍ ഗാര്‍ബേജ് ഭസ്മീകരിക്കുന്ന പ്ലാസ്മാഗ്യാസിഫിക്കേഷന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പത്തുവര്‍ഷത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഡയോക്‌സിന്റെയും ഫൂറാന്റെയും തോത്.

ഇന്ത്യയൊഴിച്ച് ലോകത്തെമ്പാടും മുന്‍സിപ്പാലിറ്റികളില്‍ പ്ലാസ്മഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അമേരിക്കയിലുള്ള സൊലേന എന്ന ബയോ ഫ്യുവല്‍ കമ്പനിയുമായി ചേര്‍ന്ന് ലണ്ടനില്‍ ഒരു ദിവസം ലഭിക്കുന്ന 1300 ടണ്‍ മുന്‍സിപ്പല്‍ വേസ്റ്റ് പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ വഴി 16 മില്യണ്‍ ഗ്യാലന്‍ ഏവിയേഷന്‍ ടര്‍ബയിന്‍ ഫ്യൂവലും, ഒമ്പത് മില്യണ്‍ ഗ്യാലന്‍ നാഫ്തയും 40 മെഗാവാട്ട് ഗ്രീന്‍ഇലക്ട്രിസിറ്റിയുമാക്കി മാറ്റുന്നു. ഇത് ബ്രട്ടീഷ് എയര്‍വേയ്‌സ് ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യുവലിന്റെ രണ്ടു ശതമാനം വരും. സൊലേന എന്ന കമ്പനി ലുഫ്താന്‍സയ്ക്കു വേണ്ടി നിര്‍മിക്കുന്ന പ്ലാന്റില്‍ നാഫ്തായ്ക്കുപകരം ഡീസല്‍ ഫ്യൂവലാണ് ഉണ്ടാക്കുന്നത്. സ്വീഡന്‍കാര്‍ പ്ലാസ്മാഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ നടത്തിക്കൊണ്ടുപോകുവാന്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വേസ്റ്റ് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ഇനിയും ഒട്ടും വൈകാതെ ജനങ്ങളുടെ ആരോഗ്യത്തെക്കരുതിയെങ്കിലും പ്ലാസ്മാഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു.

വൈ. ജെ. അലക്‌സ്
മുന്‍ കൃഷി ജോയിന്റ് ഡയറക്ടര്‍
ഫോണ്‍: 94467 93793.