ആടുകള്‍ക്കു തീറ്റയായി ആയുര്‍വേദ അവശിഷ്ടങ്ങള്‍
ആടുകള്‍ക്കു തീറ്റയായി ആയുര്‍വേദ അവശിഷ്ടങ്ങള്‍
Friday, June 19, 2020 3:31 PM IST
ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആടുകളുള്ള രാജ്യമാണ് ഇന്ത്യ. 2012- ലെ കന്നുകാലി സെന്‍സെസ് പ്രകാരം ഇന്ത്യയില്‍ 135.17 ദശലക്ഷം ആടുകളുണ്ട്. ഇവ നമ്മുടെ രാജ്യത്തെ 33.01 ദശലക്ഷം കര്‍ഷകരുടെ ഉപജീവന മാര്‍ഗവുമാണ്. മൃഗസംരക്ഷണ മേഖലയില്‍ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടുശതമാനം ആടില്‍ നിന്നാണ്.

നമ്മുടെ കൊച്ചുകേരളത്തില്‍ 12. 46 ലക്ഷം ആടുകളുണ്ട്. മട്ടന്‍ എന്നു വിളിപ്പേരുള്ള ചെമ്മരിയാടിന്റെ ഇറച്ചിയായ ആട്ടിറച്ചി, ഏറ്റവും പ്രിയപ്പെട്ടതും വിലയേറിയതുമായ മാംസമാണ.്

ആട്ടിറച്ചിക്കു വേണ്ടി വളര്‍ത്താന്‍ പറ്റിയ ഒരു ആടിനമാണ് കേരളത്തിന്റെ തനതിനമായ മലബാറി. അതിനാല്‍ ഇറച്ചിക്കു വേണ്ടിയുള്ള ആടുവളര്‍ത്തലിന് ഇന്ത്യയിലും കേരളത്തിലും അനന്തസാധ്യതകളാണുള്ളത്. എന്നാല്‍, വ്യാപകമായ നഗരവത്കരണത്തിന്റെ ഭാഗമായി കേരളത്തില്‍, ആടിനെ വളര്‍ത്താന്‍ വേണ്ടത്ര മേച്ചില്‍ സ്ഥലങ്ങള്‍ ഇല്ലെന്നതിനു പുറമെ ആടിനു കൊടുക്കുന്ന പ്രധാന തീറ്റയായ പ്ലാവിലയുടെ ലഭ്യതക്കുറവുമുണ്ട്. അതിനാല്‍ തന്നെ ആടുവളര്‍ത്തല്‍ ഇന്ന് കേരളത്തില്‍ പ്രതിസന്ധിയിലുമാണ്.

കേരളത്തിലെ ആടുകര്‍ഷകരില്‍ മഹാഭൂരിപക്ഷവും ചെറുകിടക്കാരാണ്. ഏറ്റവും ചുരുങ്ങിയ അളവില്‍ പിണ്ണാക്കും കഞ്ഞിയും അതുമല്ലെങ്കില്‍ ചെറിയ അളവില്‍ കൈത്തീറ്റ സാന്ദ്രീകൃതാഹാരമായും പരുഷാഹാരമായി പ്ലാവിലയോ, അതു കിട്ടിയില്ലെങ്കില്‍ മറ്റു വൃക്ഷ ഇലകളായ കൈനി, വേങ്ങ എന്നിവയോ പച്ചപ്പുല്ലോ കൊടുത്താണ് അവര്‍ ആടുകളെ വളര്‍ത്താറ്. അതായത്, ഏറ്റവും കുറഞ്ഞ മുതല്‍മുടക്ക് അഥവാ മിനിമം ബജറ്റ് ആണ് കേരളത്തിലെ ആടു കര്‍ഷകരുടെ സൂത്രവാക്യം. എന്നാല്‍ ഇത്തരം ചെലവു കുറഞ്ഞ തീറ്റവസ്തുക്കളുടെ ദൗര്‍ലഭ്യം മൂലം കേരളത്തില്‍ ആടു വളര്‍ത്തല്‍ ഇന്നു പ്രതിസന്ധിയിലാണ്. മട്ടന് കേരളത്തില്‍ ആവശ്യക്കാരേറെയുണ്ടെങ്കിലും ഇറച്ചിയാക്കാന്‍ പറ്റുന്നത്ര നല്ല ആടുകളെ കിട്ടുന്നില്ലെന്നതാണ് ഈ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ആടുകര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു തീറ്റവസ്തുവാണ് ആയുര്‍വേദ ഔഷധ നിര്‍മാണ അവശിഷ്ടങ്ങള്‍. ആയുര്‍വേദം എന്ന ശാസ്ത്ര ശാഖയുടെ ആഗോള ആസ്ഥാനമാണ് ഇന്ത്യ. നമ്മുടെ കൊച്ചു കേരളവും ആയൂര്‍വേദത്തിന് ലോകപ്രശസ്തി നേടിയ ഇടമാണ്. കേരളത്തില്‍ ലോകനിലവാരമുള്ള അനേകം ആയൂര്‍വേദ ഔഷധാലയങ്ങളും ചികിത്സാകേന്ദ്രങ്ങളുമുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ സ്ഥിതിചെയ്യുന്ന വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആര്യ വൈദ്യശാല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സാലയമാണ്. ഇവിടെ നിര്‍മിക്കുന്ന പല ആയുര്‍വേദ മരുന്നുകളിലും നാര് ധാരാളമടങ്ങിയിട്ടുള്ള ഔഷധ സസ്യങ്ങളും കൊഴുപ്പ് അടങ്ങിയിട്ടുള്ള പശുവിന്‍ നെയ്യ്, മാംസ്യം (പ്രോട്ടീന്‍) ധാരാളം അടങ്ങിയിട്ടുള്ള പാല്‍, തൈര് എന്നിവ ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ ഈ മരുന്നകള്‍ നിര്‍മിച്ചു ബാക്കി വരുന്ന അവശിഷ്ടങ്ങളിലും ധാരാളം നാര്, കൊഴുപ്പ്, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവ ആടുകളുടെ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്. എന്നാല്‍ ഇത്തരം ആയൂ ര്‍വേദ മരുന്നുകളുടെ അവശിഷ്ടങ്ങള്‍ ആട്ടിന്‍ തീറ്റയായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന തരത്തിലുള്ള പഠനങ്ങള്‍ ഒന്നും തന്നെ 2-3 വര്‍ഷം മുമ്പ് വരെ ഇല്ലായിരുന്നെന്നു പറയാം.

ഈ ന്യൂനത പരിഹരിക്കുന്നതിനു കഴിഞ്ഞ 2-3 വര്‍ഷങ്ങളിലായി കേരള വെറ്ററിനറി സര്‍വകലാശാലയും കോട്ടക്കല്‍ ആര്യവൈദ്യശാലയും നടത്തിയ സംയുക്ത പഠനത്തില്‍ നിന്ന് താഴെപ്പറയുന്ന മരുന്നു നിര്‍മാണ അവശിഷ്ടങ്ങള്‍ നല്ല ഒന്നാന്തരംആട്ടിന്‍ തീറ്റയായി ഉപയോഗിക്കാം എന്നു കണ്ടെത്തി. അവ ഏതൊക്കെയെന്ന് നമുക്കൊന്നു വിശദമായി പരിശോധിക്കാം.

ഘൃതാവശിഷ്ടങ്ങള്‍

നെയ്യ് അധിഷ്ഠിതമായ ആയൂര്‍വേദ ഔഷധങ്ങളാണ് ഘൃതങ്ങള്‍. വിവിധ രോഗങ്ങള്‍ക്ക് ഉള്ളില്‍ കഴിക്കാന്‍ കൊടുക്കുന്നവ. ഘൃതാവശിഷ്ടങ്ങളില്‍ ധാരാളം ഊര്‍ജവും മാംസ്യവും നാരും അടങ്ങിയിട്ടുണ്ട്. പൂക്കോട് വെറ്ററിനറി കോളജ്, ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആടുകള്‍ക്കു തീറ്റയായി കൊടുക്കാന്‍ പറ്റിയതായി കണ്ടെത്തിയ ഘൃതാവശിഷ്ടങ്ങള്‍ താഴെപ്പറയുന്നു.

1. പഞ്ചഗവ്യഘൃതാവശിഷ്ടം

ഘൃതങ്ങളില്‍ രാജ്ഞി പഞ്ചഗവ്യഘൃതം തന്നെ. പഞ്ചഗവ്യഘൃതത്തിലെ, അഞ്ചു പ്രധാന ഘടകങ്ങള്‍ പശുവിന്‍ നെയ്യ്, ചാണകം, പാല്‍, തൈര്, ഗോമൂത്രം എന്നിവയാണ്.

പഞ്ചഗവ്യഘൃതാവശിഷ്ടത്തില്‍ 44.90 ശതമാനം മാംസ്യവും ഒരു കിലോ ഖരവസ്തുവില്‍ 5.07 മെഗാജൂള്‍ ഊര്‍ജവും അടങ്ങിയിട്ടുണ്ട്. അതായത് ഇത് മാംസ്യ, ഊര്‍ജ സമ്പുഷ്ടമാണ്. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയ സോയാബീനിലും കടലപ്പിണ്ണാക്കിലും 45 മുതല്‍ 47 ശതമാനം മാംസ്യം മാത്രമേയുള്ളൂ എന്നോര്‍ക്കണം. ഊര്‍ജത്തിന്റെ കാര്യത്തിലും ഇത് ഒട്ടും മോശമല്ല. വില കൂടിയ തീറ്റകള്‍ക്കു പകരം പഞ്ചഗവ്യഘൃതാവശിഷ്ടം ആട്ടിന്‍ തീറ്റയായി ചേര്‍ക്കാവുന്നതാണോ എന്നു പരിശോധിക്കുന്നതിനായി മൂന്നുമാസം ദൈര്‍ഘ്യമുള്ള തീറ്റ പരീക്ഷണങ്ങള്‍ മലബാറി ആട്ടിന്‍കുട്ടികളില്‍ നടത്തി. വളര്‍ച്ചയ്‌ക്കോ, ശരീരതൂക്കത്തിനോ ഒട്ടും കോട്ടം തട്ടാതെ കൂടുതല്‍ ലാഭകരമായി 20 ശതമാനം വരെ പഞ്ചഗവ്യഘൃതാവശിഷ്ടം ആട്ടിന്‍കുട്ടികളുടെ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാമെന്നു കണ്ടെത്തുകയുണ്ടായി. 10 ശതമാനം പഞ്ചഗവ്യഘൃതാവിഷ്ടം ചേര്‍ത്തു കൊടുക്കുന്നതാണ് കൂടുതല്‍ സാമ്പത്തിക ലാഭം നേടിത്തരുന്നതെന്നും കണ്ടെത്തി.


2. ബ്രഹ്മിഘൃതാവശിഷ്ടം

ബ്രഹ്മിഘൃതത്തില്‍ നെയ്യ്, ബ്രഹ്മി എന്നീ പ്രധാന ഘടകങ്ങള്‍ക്കു പുറമെ 10 വ്യത്യസ്ത ആയുര്‍വേദ ഔഷധങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട്. നല്ല മാംസ്യവും ഊര്‍ജവും അടങ്ങിയിട്ടുണ്ട് ബ്രഹ്മിഘൃതാവശിഷ്ഠത്തിലും. ഇതില്‍ 14.5 ശതമാനം മാംസ്യവ്യം ഒരു കിലോ ഖരവസ്തുവില്‍ 5.77 മെഗാജൂള്‍ ഊര്‍ജവും അടങ്ങിയിട്ടുണ്ട്.

മൂന്നു മാസത്തെ തീറ്റ പരീക്ഷണത്തില്‍ മലബാറി ആട്ടിന്‍കുട്ടികളുടെ തീറ്റയില്‍ ചോളത്തിനും പിണ്ണാക്കിനും പകരമായി 20 ശതമാനം വരെ ചേര്‍ത്തു കൊടുക്കാമെന്നും ഇതില്‍ തന്നെ 10 ശതമാനം ബ്രഹ്മിഘൃതാവശിഷ്ടം ചേര്‍ത്തുകൊടുക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്നും കണ്ടെത്തി.

3. തിക്തക ഘൃതാവശിഷ്ടം

പശുവിന്‍ നെയ്ക്കു പുറമെ, 14 വിവിധ ഔഷധസസ്യങ്ങളാണ് തിക്ത കഘൃതത്തില്‍ അടങ്ങിയിരിക്കുന്നത്. നല്ല മാംസ്യവും ഊര്‍ജവും അടങ്ങിയിട്ടുള്ളതാണ് തിക്തകഘൃതാവശിഷ്ടം. ആട്ടിന്‍ തീറ്റയില്‍ 20 ശതമാനം വരെ ഇതു ചേര്‍ത്തു കൊടുക്കാവുന്നതാണ്. തിക്തകഘൃതാവശിഷ്ടത്തില്‍ 17.5 ശതമാനം മാംസ്യവും 5.66 മെഗാജൂള്‍ ഊര്‍ജവും അടങ്ങിയിട്ടുണ്ട്.

4. ഇന്തുകാന്തഘൃതാവശിഷ്ടം

പശുവിന്‍പാലിനും നെയ്ക്കും പുറമെ, 18വിവിധ ഔഷധ സസ്യങ്ങളാണ് ഇന്തുകാന്തഘൃതത്തില്‍ അടങ്ങിയിരിക്കുന്നത്. മാംസ്യം 21.5 ശതമാനം അടങ്ങിയിട്ടുള്ള ഇതില്‍ നല്ല ഊര്‍ജവുമുണ്ട്. ഒരുകിലോ ഖരവസ്തുവില്‍ 5.34 മെഗാജൂള്‍ ഊര്‍ജം. 20 ശതമാനം വരെ ഇത് ആട്ടിന്‍ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

തൈലാവശിഷ്ടങ്ങള്‍

1. ക്ഷീരബല തൈലാവശിഷ്ടം

ക്ഷീരബല തൈലാവശിഷ്ടത്തില്‍ 29.52 ശതമാനം മാംസ്യവും 9.3മെഗാജൂള്‍ ഊര്‍ജവും അടങ്ങിയിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാലയിലെ ആട്ടിന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ തൈലാവശിഷ്ടം നല്ലതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തീറ്റയില്‍ 20 ശതമാനം ചേര്‍ത്തു കൊടുക്കുമ്പോഴാണ് കൂടുതല്‍ വളര്‍ച്ചയും സാമ്പത്തിക ലാഭവും എന്നതും തെളിയിക്കപ്പെട്ടിരിക്കുന്നു.

2. കൊട്ടംചുക്കാദി തൈലാവശിഷ്ടം

ഈ തൈലാവശിഷ്ടത്തില്‍ ഒരു കിലോ ഖരവസ്തുവില്‍ 4.64 മെഗാ ജൂള്‍ ഊര്‍ജവും 29.78 ശതമാനം മാം സ്യവും അടങ്ങിയിട്ടുണ്ട്. 20 ശതമാ നം വരെ ഇത് ആട്ടിന്‍ കുട്ടികളുടെ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

കഷായാവശിഷ്ടങ്ങള്‍

1. ധന്വന്തരം കഷായാവശിഷ്ടം

ധന്വന്തരം കഷായാവശിഷ്ടത്തില്‍ നല്ലവണ്ണം മാംസ്യം അടങ്ങിയിട്ടുണ്ട്. 26.48 ശതമാനം. എന്നാല്‍, ഊര്‍ജം അല്പം കുറവാണ് കിലോ ഖരവസ്തുവില്‍ 4.49 മെഗാ ജൂള്‍. 20 ശതമാനം വരെ ഇത് ആട്ടിന്‍ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

ലേഹ്യാവശിഷ്ടങ്ങള്‍

1. വില്വാദിലേഹ്യാവശിഷ്ടം

വില്വാദി ലേഹ്യാവശിഷ്ടത്തില്‍ 13.85 ശതമാനം മാംസ്യവും കിലോ ഖരവസ്തുവില്‍ 2.39 മെഗാജൂള്‍ ഊര്‍ജവും അടങ്ങിയിട്ടുണ്ട്. ഇതും 20 ശതമാനം വരെ ആട്ടിന്‍കുട്ടികളുടെ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

ഈ ലേഖനത്തില്‍ പ്രതിപാദിച്ചല്ലാതെ ഇനിയും നൂറിലധികം ആയൂര്‍വേദ ഔഷധങ്ങളും അവ നിര്‍മിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങളുമുണ്ട്. ഈ അവശിഷ്ടങ്ങളുടെ പോഷക മൂല്യവും എത്ര ശതമാനം വരെ ആട്ടിന്‍ തീറ്റയില്‍ ചേര്‍ത്തു കൊടുക്കാം എന്നതിലേക്കുമുള്ള പരീക്ഷണങ്ങള്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നുവരുകയാണ്.

പിന്നാമ്പുറം: ഇത്രയും വായിച്ച വായനക്കാര്‍ക്ക് ന്യായമായും ഒരു സംശയം തോന്നാം ഇത് ആടിനു മാത്രമേ കൊടുക്കാന്‍ പറ്റുകയുള്ളോ പശുവിനു കൊടുക്കാന്‍ പറ്റില്ലേ? തീര്‍ച്ചയായും അടിനെപ്പോലെ അയവിറക്കുന്ന മൃഗമായ പശുവിനും, തീര്‍ച്ചയായും ഈ അവശിഷ്ടങ്ങളെല്ലാം തന്നെ ആടിനുകൊടുക്കുന്ന അതേ ശതമാനം അളവില്‍ കൊടുക്കാവുന്നതാണ്. പക്ഷേ ഇതിനു രണ്ടു പ്രായോഗിക തടസങ്ങളുണ്ട്.

1. ആടിന്റെ എട്ടു മുതല്‍ പത്തിരട്ടി ശരീരഭാരമുള്ള പശുവിനു വേണ്ടി വരുന്ന അവശിഷ്ടങ്ങളുടെ അളവു വളരെ കൂടുതലാണ്.

2. ഈ പറഞ്ഞ ഔഷധങ്ങളുടെ നിര്‍മാണം പലപ്പോഴും പ്രത്യേക കാലാവസ്ഥയിലായിരിക്കും. ഉദാ: കര്‍ക്കിടക മാസത്തില്‍ പോലും ഉത്പാദിപ്പിച്ചു കിട്ടുന്ന ഔഷധ അവശിഷ്ടങ്ങളുടെ അളവ് വളരെ കുറവായിരിക്കും. ഉദാഹരണത്തിന് ലോകത്തിലെ തന്നെഏറ്റവും മികച്ച ആയുര്‍വേദ ഔഷധ നിര്‍മാണ ശാലയായ കോട്ടക്കലില്‍ ഒരു ബാച്ച് ഔഷധം നിര്‍മിക്കുമ്പോള്‍ കിട്ടുന്നത് 30 മുതല്‍ 50 കിലോ അവശിഷ്ടം മാത്രമാണ്. ഇത് വലിയ മൃഗമായ പശുവിന്, ഒരു പശുവിനാണെങ്കില്‍ പോലും പരമാവധി 10 മുതല്‍ 12 ദിവസത്തേക്കേ തികയൂ. ഫോണ്‍: ഡോ. ബിജു-94472 71487

ഡോ. ബിജു ചാക്കോ
സിസ്റ്റന്റ് പ്രഫസര്‍ & ഹെഡ് ഇന്‍ ചാര്‍ജ്, അനിമല്‍ ന്യൂട്രീഷന്‍ വിഭാഗം
കോളജ് ഓഫ് വെറ്ററിനറി & അനിമല്‍ സയന്‍സസ്, പൂക്കോട്, വയനാട്