കണ്ടു പഠിക്കാന്‍ ഒരു കര്‍ഷക കൂട്ടായ്മ
കണ്ടു പഠിക്കാന്‍ ഒരു കര്‍ഷക കൂട്ടായ്മ
Tuesday, July 7, 2020 4:53 PM IST
കാര്‍ഷിക മേഖലയില്‍ നൂതന ആശയവുമായി കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് നെടുമണ്ണി ജൈവ കര്‍ഷക സ്വയംസഹായകസംഘം. ഇന്ന് കര്‍ഷകര്‍ക്ക് എല്ലാവിത്തിനങ്ങളും നടീല്‍ വസ്തുക്കളും ജൈവവളങ്ങളും ജൈവ കീടനാശിനികളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥാപനമായി ഇതു മാറിക്കഴിഞ്ഞു. സംഘത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തില്‍ കൃഷി വകുപ്പിന്റെ കോട്ടയം നെടുകുന്നം പഞ്ചായത്തിലെ ഇക്കോ ഷോപ്പിന്റെ ചുമതലയും ഈ സംഘത്തിനായി. കൃഷിവകുപ്പുമായി ചേര്‍ന്ന് ഓണം, വിഷു അവസരങ്ങളില്‍ നാട്ടുചന്തയും നടത്തുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പച്ചക്കറി വിത്തുകള്‍, നാടന്‍ വെണ്ട വിത്തുകള്‍, കോവല്‍ തണ്ട്, മുരിങ്ങ കമ്പ്, കപ്പളം എന്നിവ സംഘം വിതരണം ചെയ്യുന്നു. മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗുകള്‍ ചകിരിച്ചോറ് എന്നിവ ഇക്കോ ഷോപ്പു വഴി വിതരണം ചെയ്യുന്നു. വളംനിറച്ചും ഗ്രോബാഗുകള്‍ ലഭ്യമാണ്.

കേരളീയരുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കോഴിമുട്ട. അയല്‍സംസ്ഥാനങ്ങളില്‍ നിന്നു വരുന്നത് വൈറ്റ് ലഗോണ്‍ മുട്ടകളാണ്. ഈ സഹാചര്യം മനസിലാക്കി സംഘം അത്യുത്പാദനശേഷിയുള്ള മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം നെടുമണ്ണിയും പരിസരപ്രദേശങ്ങളും നാടന്‍ മുട്ടയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയിരിക്കുകയാണ്. ഗ്രാമപ്രിയ, ഗ്രാമശ്രീ, ബി.വി- 380, കരിങ്കോഴി എന്നിവയുടെ കുഞ്ഞുങ്ങളെ സംഘത്തിലൂടെ വിതരണം ചെയ്യുന്നു. സ്ഥലപരിമിതിക്കും മറ്റു മൃഗങ്ങളുടെ ആക്രമണത്തിനും പരിഹാരമായി തുറന്നുവിടാതെ കോഴികലെ വളര്‍ത്താന്‍ സൗകര്യമുള്ള ഹൈ-ടെക് കോഴിക്കുടുകളും നല്‍കുന്നു. തുരുമ്പുപിടിക്കാത്ത കമ്പി ഉപയോഗിച്ച് നിര്‍മിക്കുന്ന കോഴിക്കൂടുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും സൗകര്യപ്രദമാണ്. കോഴിത്തീറ്റയുടെ വില അമിതമായി വര്‍ധിക്കുന്നതിനാല്‍ കോഴിതീറ്റ ഹോള്‍സെയില്‍ വിലയില്‍ വില്പന നടത്തുന്നു. കൂടാതെ കാലിത്തീറ്റ, മത്സ്യതീറ്റ എന്നിവയും സംഘം വഴി വിറ്റഴിക്കുന്നു.

റബര്‍ ബോര്‍ഡിന്റെ നേതൃത്ത്വത്തിലുള്ള കവണാര്‍ ലാറ്റക്ക്‌സുമായി സഹകരിച്ച് ആഴ്ചയില്‍ ഒരു ദിവസം ഒട്ടുപാല്‍ സംഭരണവും നടത്തുന്നു. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് മികച്ച തുക ലഭിക്കാന്‍ ഇതുമൂലം സാധിക്കുന്നു. നാടന്‍ ജൈവവളങ്ങള്‍, ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം, വെര്‍മികമ്പോസ്റ്റ്, വെര്‍മിവാഷ് എന്നിവയും ഗുണമേന്മയുള്ള എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയും വിതരണം ചെയ്യുന്നു. കൂടാതെ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ്മ എന്നിവയും ഇവിടെ ലഭ്യമാണ്. നാളികേരകൃഷി വികസനത്തിനായി ഈ സംഘം ബഹുവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നാളികേരവികസന ബോര്‍ഡിന്റെ അംഗീകാരമുള്ള മികച്ച ഇനം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്നു.



രോഗ കീടബാധയ്ക്കു പരിഹാരം കാണുന്നതിനായി ഒരു കര്‍മ്മസേന സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. തെങ്ങിനാവശ്യമായ മരുന്നുകള്‍ തളിക്കുന്നതിനും കര്‍മ്മസേന സദാ തയാറാണ്. എല്ലാ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനും കോഴി വളര്‍ത്തലിനും ആവശ്യമായ പരിശീലനങ്ങള്‍ ആത്മ പദ്ധതിയോടു ചേര്‍ന്നു നടത്തുന്നു. ഈ കൃഷി സീസണ്‍ മുതല്‍ എല്ല ഭവനങ്ങളിലും മുരിങ്ങ, കോവല്‍, കപ്പളം എന്നിവയ്ക്ക് പ്രമുഖസ്ഥാനം നല്കി എല്ലാ നാടന്‍ പച്ചക്കറികളും കൃഷി ചെയ്യാന്‍ ഒരു വലിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും അത്യുത്പാദനശേഷിയുള്ള മാവ്, പ്ലാവ്, ജാതി മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയുടെ തൈകള്‍ മികച്ച നഴ്‌സറികളില്‍ നിന്നു വിതരണത്തിനെത്തിക്കുന്നു.

വിവിധ പദ്ധതികളിലൂടെ കൃഷി വകുപ്പു നല്‍കുന്ന വാഴവിത്ത്, പച്ചക്കറി തൈകള്‍, കപ്പത്തടി മുതലായവയുടെ വിതരണവും ഈ സംഘം നടത്തുന്നു. കോട്ടയത്തെ ഐആര്‍ഡിപി മേളയുടെ ഒരു സ്ഥിരം പങ്കാളി യാണ് ഈ സംഘം. വൃത്തിയായി പായ്ക്ക് ചെയ്ത ചാണകപ്പൊടി, ആട്ടിന്‍ കാഷ്ടം, മണ്ണിര കമ്പോസ്റ്റ്, തേന്‍ തുടങ്ങിയവ ഐആര്‍ഡിപി മേളയില്‍ വിതരണം ചെയ്യുന്നു. ഓര്‍ഗാനിക് പച്ചപ്പ് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുമായി ചേര്‍ന്ന് കോഴിമുട്ട, നാടന്‍ നെയ്, തേന്‍, ജൈവ വളങ്ങള്‍ പച്ചക്കറി വിത്തുകള്‍, തൈകള്‍ മുതലായവ കോട്ടയം പട്ടണത്തിലും വിറ്റഴിക്കുന്നു. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍. ജയരാജ്, പി. ജി.ഹരിലാല്‍, പി.റ്റി. ജോണ്‍, സിറിയക് വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഫോണ്‍ ഇക്കോഷോപ്പ് : 9961 988199.

വി. ഒ. ഔതക്കുട്ടി