സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്‍റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന്നു പഠിക്കണമെങ്കില്‍ ഇവിടെത്തിയാല്‍ മതി. ഇരഞ്ഞീന്‍കീഴില്‍ റോഡില്‍ മീത്തലെ അഴകത്ത് വീട്ടില്‍ എംഎസി എന്നു നാട്ടുകാര്‍ വിളിക്കുന്ന ഇസ്ഹാഖ് ഒരു സംരംഭകനാണ്. കോയമ്പത്തൂരിലെ വ്യാപാരമേഖലയില്‍ തുടക്കം. അബുദാബിയിലും തിരുപ്പൂരിലുമായി റസ്റ്ററന്‍റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫിഷ് മാര്‍ക്കറ്റ് എന്നിവയുടെ ശൃംഖലകള്‍. ഈ സംരംഭകത്വ മികവാണ് ഡയറി ഫാമിനെയും ശ്രദ്ധേയമാക്കുന്നത്.

പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയിലെ 2.8 ഏക്കര്‍ കാടുപിടിച്ച ഭൂമിയായിരുന്നു. ഇവിടെ പശുവളര്‍ത്തല്‍ അല്‍പം വിപുലമായി തന്നെ തുടങ്ങാന്‍ പദ്ധതിയിട്ടു. പ്രയാസങ്ങള്‍ ഒത്തിരിയുണ്ട്. മുന്‍ പരിചയമൊന്നുമില്ലാതെയായിരുന്നു തുടക്കം. പിന്തുണയുമായി ഭാര്യ സമീറയും. പറമ്പിലെ കാടു വെട്ടിതെളിക്കുമ്പോള്‍ തന്നെ പലരും ചോദിച്ചു-'എന്താ പരിപാടി'? പശുവളര്‍ത്തലെന്നു മറുപടി, ചിലര്‍ ചിരിച്ചുതള്ളി. മറ്റു ചിലരുടെവക പ്രോത്സാഹനം. മയ്യഴിപ്പുഴയോടു ചേര്‍ന്നു കിടക്കുന്ന വിസ്തൃതമായ പുല്ലൂക്കരമഠത്തില്‍ പറമ്പിലാണ് പശുത്തൊഴുത്തും മറ്റുമൊരുക്കേണ്ടത്. പറമ്പിലേക്കുള്ള വഴി തന്നെയായിരുന്നു ആദ്യകടമ്പ. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുന്ന നാട്ടുവഴികള്‍. നാട്ടുകാരുടെ സഹകരണത്തോടെ നീണ്ടു മെലിഞ്ഞ ഒരു റോഡുണ്ടാക്കി. പറമ്പില്‍ വിശാലമായ തൊഴുത്ത്, തൊട്ടടുത്ത് രണ്ടു കിണര്‍, ചെറിയ ഒരു കെട്ടിടം, വൈദ്യുതി, ജോലിക്കാര്‍ എല്ലാമൊരുക്കി. ഇതിനിടെ പശുക്കള്‍ക്കായുള്ള നെട്ടോട്ടം. മുഴുവന്‍ സമയവും ഊര്‍ജവും ഇതിനായി സമര്‍പ്പിച്ചു.

എംഎസി മില്‍ക്കോ ഫാം

വിശാലമായ ഒരു ഫാം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇപ്പോള്‍ 22 പശുക്കള്‍, 16 കിടാങ്ങള്‍, ഒരു വലിയ കാള. സംഗീതസാന്ദ്രമായ തൊഴുത്തില്‍ നല്ല കാറ്റും വെളിച്ചവും. ഓരോ പശുവിനും മുമ്പിലുള്ള സ്റ്റീല്‍ പാത്രത്തില്‍ കുടിക്കാന്‍ വെളളം ഒരുതുള്ളി പാഴാവാതെ സ്വയംനിയന്ത്രണ സംവിധാനത്തിലെത്തും. ജേഴ്‌സി, സങ്കരയിനം, നാടന്‍ എന്നിവയടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്കു കാണിക്കാറില്ല. 16 എണ്ണത്തിനു കറവയുണ്ട്. 230 ലിറ്റര്‍ പാലാണ് ശരാശരി ഉത്പാദനം.

മൂല്യവര്‍ധനയുടെ വഴിയേ

മൂല്യവര്‍ധനയുടെ വഴിയിലൂടെ ശുദ്ധമായപാലുത്പന്നങ്ങള്‍ നാട്ടിലെത്തിക്കുന്ന സംവിധാനങ്ങള്‍. പാലിന്‍റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ്. അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമങ്ങള്‍ക്കും വിട്ടുവീഴ്ചകളില്ല. സ്വന്തം സ്ഥലത്തുള്ള തീറ്റപ്പുല്ലിന്‍റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്കു വഴി തുറക്കുന്നു. പാലിന്റെ ഘടന, കൊഴു പ്പിന്റെ അളവ് എന്നിവ നിലനിര്‍ ത്തുന്നതാ യിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് ഇസ്ഹാഖിന്റെ അഭിപ്രായം. കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തി നനുസരിച്ചു നല്‍കുന്നു.


കറവയന്ത്രങ്ങള്‍ വഴി കറന്നെടുക്കുന്ന പാലില്‍ നൂറുലിറ്ററോളം നേരിട്ടു വില്‍പ്പനയുണ്ട്. പ്രാദേശിക സൊസൈറ്റിക്കും നല്‍കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള പാല്‍ മാറ്റിവയ്ക്കും. രാവിലെ മുതല്‍ ഫാമിലെത്തുന്നവരുടെ തിരക്ക് പാലിന്റെ ഗുണമേന്മയില്‍ നാട്ടുകാര്‍ക്കുള്ള വിശ്വാസത്തിനു തെളിവാണ്.

ലിറ്ററിന് 55 രൂപയ്ക്കാണു പാല്‍ വില്‍പന. മോര്, നെയ്യ് എന്നിവയുമുണ്ട്. ആവശ്യക്കാര്‍ക്ക് യഥേഷ്ടം കൊടുക്കാന്‍ തികയുന്നില്ലെന്നതാണു പ്രശ്‌നം. ചാണകവും പശുക്കിടാങ്ങളും വില്‍പനക്കുണ്ട്. പാല്‍ കൊടുക്കാനായി ഇസ്ഹാഖും ഭാര്യ സമീറയും അതിരാവിലെ തന്നെ ഇവിടെയെത്തും. രണ്ട് ജോലിക്കാര്‍ ഇവിടെ കുടുംബസമേതം താമസിക്കുന്നു. ഫാമിനോടു ചേര്‍ന്ന് എല്ലാ സൗകര്യവുമുള്ള വീടുമുണ്ടിവര്‍ക്ക്. ഇവിടേക്കുള്ള പൊട്ടിപൊളിഞ്ഞ റോഡ് എന്നെങ്കിലും നന്നാക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്ഹാഖ്.

ഫാമിലെത്തുമ്പോള്‍ കിട്ടുന്ന സുഖവും സന്തോഷവും സമാധാനവും വേറെ ഒരു ലോകത്തും കിട്ടില്ലെന്ന് ഇസ്ഹാഖ് പറയും. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറത്താണ് ഇവയോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍.

ഇവിടംവിട്ടു വിദേശത്തു പോകാന്‍ ഇസ്ഹാഖിനു പ്രയാസമുണ്ട്. എങ്കിലും ഭാര്യയെയും മകനെയും കാര്യങ്ങള്‍ ഏല്‍പിച്ച് ഗള്‍ഫിലാണിപ്പോള്‍. ഫാമിലെ വിശേഷങ്ങള്‍ എന്നും അന്വേഷിക്കാതെ ഇസ്ഹാഖ് ഉറങ്ങാറില്ല. രണ്ടു മക്കളുണ്ട്. ഇര്‍ഫാനും വിദ്യാര്‍ഥിയായ സായിസും. ഫോണ്‍: ഇസഹാഖ്-
+971 55 490 6222, 9544 111 666.

ദേവദാസ് മത്തത്ത്