സൂര്യകാന്തിക്കണി
സൂര്യകാന്തിക്കണി
Thursday, May 27, 2021 3:13 PM IST
ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിനു സമീപമുള്ള റോഡില്‍ നിന്നാല്‍ 15-ാം വാര്‍ഡിലെ കാരിക്കുഴി പാടശേഖരം മഞ്ഞപ്പട്ടണിഞ്ഞ കണി കാഴ്ച കാണാം. അടുത്തെത്തിയാല്‍ സൂര്യനെ നോക്കി തലയുയര്‍ത്തി പുഞ്ചിരിക്കുന്ന സുര്യകാന്തിപൂക്കളാണവയെന്നു മനസിലാകും. പീതവര്‍ണശോഭ വിടര്‍ത്തുന്ന പാടം മനസിലൊരു വര്‍ണമഴയായി പെയ്തിറങ്ങും. അല്‍പസമയം പാടവരമ്പിലൂടെ നടന്ന് ഒരു സെല്‍ഫിയൊക്കെയെടുത്തു മടങ്ങുമ്പോള്‍ മനസില്‍ കുളിര്‍മഴ പെയ്തുതോര്‍ന്നൊരനുഭവം. ആലപ്പുഴ കഞ്ഞിക്കുഴിയല്‍ അപൂര്‍വയിനങ്ങള്‍ കൃഷിചെയ്ത് റിക്കാഡിട്ടിരിക്കുന്ന സാമിനികര്‍ത്തില്‍ സുജിത്താണ് സൂര്യകാന്തി വിസ്മയത്തിനു പിന്നിലും. ഇത്തവണ വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരി തേടി സുജിത്തിന്റെ പാടത്തെത്തുന്നവര്‍ക്ക് സൂര്യകാന്തിയൊരുക്കുന്ന കണിക്കാഴ്ചയും കണ്ടുമടങ്ങാം. കേരളത്തില്‍ അപൂര്‍വമായി മാത്രം കൃഷിചെയ്യുന്ന ഒന്നാണ് സൂര്യകാന്തി. ഇവിടെ രണ്ടര ഏക്കറില്‍ ഇതള്‍ വിരിഞ്ഞത് 10,000 പുഷ്പങ്ങള്‍. ഋതുഭേദങ്ങളില്ലാതെ വിടരുന്ന സൂര്യകാന്തിക്കാഴ്ചകാണാന്‍ നിരവധിപ്പേരാണെത്തുന്നത്.

തോട്ടം സന്ദര്‍ശകര്‍ക്ക്

ഫാം ടൂറിസത്തിനുമിടം നല്‍കി തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയാണ് സുജിത്ത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരാള്‍ക്ക് 10 രൂപയും മറ്റു ദിവസങ്ങളില്‍ അഞ്ചു രൂപയുമാണ് തോട്ടത്തിലേക്കുള്ള പ്രവേശന ഫീസ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ കൃഷി അവബോധം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷിരീതിയില്‍ വിരിഞ്ഞ സൂര്യകാന്തി

ഉള്ളി ഉള്‍പ്പെടെ കേരളത്തിന്റെ സമതലപ്രദേശത്ത് വിളയില്ലെന്നു വിധിയെഴുതിയ പലതും സുജിത്ത് തന്റെ കൃഷിയിടത്തില്‍ വിളയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സൂര്യകാന്തി കൃഷി എന്ന ആശയം മനസില്‍ തെളിയുന്നത്. സുഹൃത്തുക്കളുമായി ആലോചിച്ചു. തമിഴ്‌നാട്ടില്‍ നിന്നു സുഹൃത്ത് 'കാവേരി' എന്നയിനം സൂര്യകാന്തി വിത്തെത്തിച്ചു നല്‍കി. മള്‍ച്ചിംഗ് ഇട്ട് തയാറാക്കിയ 30 ബെഡുകളില്‍ ചാണകവും കോഴികാഷ്ഠവും അടിവളമായി. ഇതിനുള്ളില്‍ തുള്ളിനന സൗകര്യവുമൊരുക്കി. പ്രോട്രേകളില്‍ വിത്തുപാകി കിളിര്‍പ്പിച്ച 10,000 തൈകള്‍ പറിച്ചുനട്ടത് 65 ദിവസം മുമ്പ്. ചെടികള്‍ തമ്മില്‍ 40 സെന്റീമീറ്റര്‍ അകലവും ബെഡ്ഡുകള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലവും നല്‍കിനട്ട തൈകള്‍ മികച്ച വളര്‍ച്ച കൈവരിച്ചു. ആദ്യ ആഴ്ചകളില്‍ ആഴ്ചയില്‍ ഒന്നു വീതം വെള്ളത്തിനൊപ്പം വളം നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍(വളസേചനം) രീതിയില്‍ 19:19:19 നല്‍കി. പൂക്കാന്‍ പാകമായപ്പോള്‍13:0:45 എന്ന വളവും ആഴ്ചയില്‍ ഒന്നെന്ന തോതില്‍ നല്‍കി. 10,000 തൈകള്‍ക്ക് രണ്ടുകിലോ വളമാണു നല്‍കിയത്.



ആവശ്യക്കാര്‍ക്ക് തൈകള്‍

പാടത്ത് സെല്‍ഫിയും സേവ് ദ ഡേറ്റ് ഫോട്ടോഗ്രാഫിയുമൊക്കെ ചെയ്യാനെത്തുന്നവര്‍ക്ക് ഒരു സൂര്യകാന്തി തങ്ങളുടെ വീട്ടിലും കൃഷിചെയ്യണമെന്നു തോന്നിയാലോ? അതിനും വഴിയൊരുക്കിയിട്ടുണ്ട് സുജിത്ത്. അഞ്ചു രൂപ നല്‍കിയാല്‍ പ്രോട്രേയില്‍ വളര്‍ത്തിയ തൈ നിങ്ങള്‍ക്കും സ്വന്തമാക്കാം.

എണ്ണയായി വിപണനം

ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയോളം കൃഷിക്കു ചെലവായി. ഇടവിളയായി കൃഷി ചെയ്ത ചീര 10000 രൂപയോളം കൊണ്ടുവന്നു. പരീക്ഷണകൃഷി നഷ്ടത്തിലാകാതിരിക്കാന്‍ സൂര്യകാന്തിക്കൊപ്പം നട്ട കണിവെള്ളരിയും കായ് പാകമായി. വിഷുവിന് ഇവ കറിപ്പാകവും കണിപ്പാകവുമാകും. സൂര്യകാന്തി, എണ്ണയാക്കി വില്‍പന നടത്താനാണുദ്ദേശിക്കുന്നത്. ഇതിനായി ഒരു മില്ലുകാരന്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്. വിപണന സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് ഒപ്പമുണ്ടെന്ന് വൈസ് പ്രസിഡന്റ് സന്തോഷും വ്യക്തമാക്കി.
ഫോണ്‍: സുജിത്ത്- 94959 29729, 97445 81016.

ടോം ജോര്‍ജ്