ഉത്സവ പ്രതീക്ഷയിൽ നാളികേര വിപണിക്ക് ഉണർവ്
ഉത്സവ പ്രതീക്ഷയിൽ നാളികേര വിപണിക്ക്  ഉണർവ്
Friday, August 27, 2021 4:48 PM IST
വർഷാരംഭത്തിലെ റിക്കാർഡ് കുതിപ്പിനുശേഷം കടുത്ത സമ്മർദ്ദത്തിലാഴ്ന്ന നാളികേരോത്പന്ന വിപണി താത്കാലികമായി പിടിച്ചു നിൽക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഫെബ്രുവരി മാസത്തിൽ കിലോ ഗ്രാമിന് 205 രൂപയിൽ വില്പന നടന്ന വെളിച്ചെണ്ണ ഏപ്രിൽ മാസം മുതൽ അടിക്കടി താഴ്ന്നു 162 ൽ എത്തി. തമിഴ്നാട്ടിൽ നിന്നുള്ള പുതിയ ചരക്കിന്‍റെ കടന്നു കയറ്റമാണ് വിപണിയുടെ കരുത്തു ചോർത്തിയത്. കർണാടകത്തിലും ആന്ധ്രയിലും നാളികേര വിളവെടുപ്പുകാലമാണ്. ഓണാഘോഷത്തോടനുബന്ധിച്ചു ഓഗസ്റ്റ് മാസം കേരളത്തിൽ വെളിച്ചെണ്ണ വ്യാപാരം ഉയരും. ഇതു മുൻനിർത്തി കൊപ്ര സംഭരിക്കാൻ മില്ലുടമകൾ രംഗത്തിറങ്ങിയതാണ് വിപണിക്ക് ചെറിയ തോതിൽ താങ്ങു പകർന്നത്.

വൻതോതിലെ പാംഓയിൽ ഇറക്കുമതിയാണ് വെളിച്ചെണ്ണ വിപണിയുടെ അടിത്തറ തകർക്കുന്നത്. ഫെബ്രുവരി മാസത്തിൽ വെളിച്ചെണ്ണ വില റെക്കാർഡ് തലങ്ങളിലേക്കു ഉയർന്നപ്പോൾ വിദേശ വിപണികളിൽ നിന്നുള്ള ഭക്ഷ്യയെണ്ണ ഇറക്കുമതി ശക്തമായി. വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ഈ ഇറക്കുമതി എണ്ണകളുടെ പ്രവാഹം വെളിച്ചെണ്ണയ്ക്ക് കടുത്ത വെല്ലുവിളിയായിമാറി. മാർച്ച് മാസത്തിനു ശേഷം ഒരു ക്വിന്‍റൽ വെളിച്ചെണ്ണയ്ക്ക് 5000 രൂപയുടെ വിലയിടിവാണ് അനുഭവപ്പെട്ടത്.

വിനിമയ വിപണിയിൽ രൂപ നേരിടുന്ന തളർച്ച ഭക്ഷ്യയെണ്ണ ഇറക്കുമതി കുറയാൻ കാരണമാകുന്നതായാണ് പുതിയ വിവരം. ഇത് നാളികേര ഉത്പാദകർക്ക് ആശ്വാസത്തിനു വകയേകുന്ന ഒന്നാണ്. ജൂണ്‍ മാസത്തിൽ പാംഓയിൽ ഇറക്കുമതി 25 ശതമാനം കറഞ്ഞു. ഇതര ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിയിലും 20 ശതമാനത്തിന്‍റെ ഇടിവ് അനുഭവപ്പെട്ടു.


ചിങ്ങം പിറക്കുന്നതോടെ കേരളത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് കുതിച്ചു കയറും. ഇത് മുൻ നിർത്തി മില്ലുടമകൾ കൊപ്ര സംഭരണം ഉൗർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ മില്ലിംങ്ങ് വെളിച്ചെണ്ണ ക്വിന്‍റലിന് 17,200 രൂപയിലും തയാർ വെളിച്ചെണ്ണ 16600 രൂപയിലുമാണ് വിൽപ്പന. കൊപ്ര ക്വിന്‍റലിന് 10400 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്.

ഭക്ഷ്യയെണ്ണ വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി വൻകിട ബ്രാൻഡുകൾ നടത്തുന്ന വ്യാപകമായ പ്രചാരണങ്ങളും വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു തടസമാകുന്നുണ്ട്. ഉത്സവ വേളയിൽ വെളിച്ചെണ്ണ ഉപഭോഗം ഉയർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ പരസ്യ പ്രചാരണങ്ങളുമായി മുന്നിട്ടിറങ്ങി കേരളത്തിലെ നാളികേര കർഷകർക്ക് പിന്തുണ നൽകണം.

കേരളത്തിൽ നാളികേര വിളവെടുപ്പു ഉൗർജിതമായ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ എക്കാലത്തേയും ഉയർന്ന തലം കണ്ട നാളികേരോത്പന്ന വിപണിയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ചരക്കു വരവു തുടങ്ങിയതോടെ സമ്മർദ്ദത്തിലമർന്നത്.

ലില്ലിബെറ്റ് ഭാനുപ്രകാശ്